വാഷിംഗ്ടണ്‍: നവ മാധ്യമങ്ങളിലെ കോണ്ടെന്റ് ക്രിയേറ്റേഴ്സിനെയും ഇന്‍ഫ്ലുവന്‍സര്‍മാരെയും വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ സന്ദേശങ്ങള്‍ ലോകത്തെ അറിയിക്കുവാനും വൈറ്റ് ഹൗസിനെ പുതിയ സമൂഹ മാധ്യമങ്ങളുടെ തലത്തിലേക്ക് എത്തിക്കുവാനുമാണ് യുവജനങ്ങളെ തിരയുന്നത്. വൈറ്റ് ഹൗസ് ബ്രീഫിങ് റൂമില്‍ എത്താന്‍ താല്പര്യമുള്ളവര്ക്ക് വെബ്സൈറ്റിലൂടെ അപേക്ഷകള്‍ അയക്കാമെന്നും പ്രസ്സ് സെക്രട്ടറി കരോളിന് ലീവിറ്റ് അറിയിച്ചു.
‘വാര്‍ത്തകള്‍ക്കും മറ്റുമായി പരമ്പരാഗത മാധ്യമങ്ങളായ ടിവി ചാനലുകളെയും പത്രങ്ങളെയും ഉപേക്ഷിച്ച പുതിയ തലമുറ ഇപ്പോള്‍ പോഡ്കാസ്റ്റ്, ബ്ലോഗ്സ് തുടങ്ങി വിവിധ സമൂഹ മാധ്യമങ്ങളാണ് ഉപയോഗിക്കുന്നതെന്ന് കരോളിന് ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വൈറ്റ് ഹൗസിലെ മീഡിയ ബ്രീഫിങ് റൂമിലെ ആദ്യ സീറ്റുകള്‍ ഇനി മുതല്‍ ‘ന്യൂ മീഡിയ സീറ്റ്’ ആക്കി മാറ്റുകയാണെന്നും കരോളിന് പറഞ്ഞു. അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രസ്സ് സെക്രട്ടറിയാണ് 27കാരിയായ കരോളിന് ലീവിറ്റ്.