അനീഷ എം എ: സബ് എഡിറ്റർ
മുംബൈ: ഒരാഴ്ചയിലേറെയായി നീണ്ട് നില്ക്കുന്ന സസ്പെന്‍സുകള്‍ക്കും അനിശ്ചിതത്വത്തിനും വിരാമമിട്ട് മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കും. ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസ് പുതിയ മുഖ്യമന്ത്രിയാകും. നാളെ നടക്കുന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഫഡ്നാവിസിനെ നേതാവായി തെരഞ്ഞെടുക്കും. പിന്നാലെ ഔദ്യോഗിക പ്രഖ്യാപനം നടത്തും.
എന്‍സിപി, ശിവസേന പാര്‍ട്ടികള്‍ക്ക് ഉപമുഖ്യമന്ത്രി പദം നല്‍കും. വ്യാഴാഴ്ചയാണ് സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഇടഞ്ഞ് നിന്നിരുന്ന നിലവിലെ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ബിജെപി നേതൃത്വത്തിന് വഴങ്ങിയതോടെയാണ് പ്രശ്നപരിഹാരമുണ്ടായത്. ഷിന്‍ഡെയെ അനുനയിപ്പിക്കാന്‍ സുപ്രധാന വകുപ്പുകള്‍ പാര്‍ട്ടിക്ക് നല്‍കുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസം ബിജെപി കേന്ദ്രനേതൃത്വം ധനമന്ത്രി നിര്‍മലാ സീതാരാമന്, മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി എന്നിവരെ മഹാരാഷ്ട്രയില്‍ നിരീക്ഷകരായി നിയമിച്ചിരുന്നു. ഇവരുടെ സാന്നിധ്യത്തിലാണ് നാളത്തെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം നടക്കുക.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന മഹായുതി സഖ്യം ആകെയുള്ള 288 ല്‍ 230 സീറ്റുകളും നേടിയാണ് ഭരണം നിലനിര്‍ത്തിയത്. ബിജെപി 132 സീറ്റുകളില്‍ വിജയിച്ചു. ഷിന്‍ഡെ വിഭാഗം ശിവസേന 57 ഉം അജിത് പവാര്‍ വിഭാഗം എന്‍സിപി 41 ഉം സീറ്റുകള്‍ സ്വന്തമാക്കി. പ്രതിപക്ഷമായ മഹാ വികാസ് അഘാഡിക്ക് 48 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.