അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം . റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥി ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥി കമലാ ഹാരിസും തമ്മിലാണ് മത്സരം. ലോകം ഉറ്റുനോക്കുന്ന യുഎസ് തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട സര്‍വേയിലും മുന്‍തൂക്കം ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും വൈസ് പ്രസിഡന്റുമായ കമല ഹാരിസിന് തന്നെയെന്ന് റിപ്പോര്‍ട്ട്. വാശിയേറിയ പോരാട്ടമാണ് ഡോണൾഡ് ട്രംപും കമല ഹാരിസും കാഴ്ചവെക്കുന്നത്. ന്യൂയോർക്ക് ടൈംസ് ഇന്ന് പുറത്തുവിട്ട സർവേ അനുസരിച്ച് ഏഴ് സംസ്ഥാനങ്ങളിൽ മൂന്നിടത് കമല ഹാരിസിന് നേരിയ മുൻതൂക്കമുണ്ട്. ബുധനാഴ്ച രാവിലെ മുതൽ ഫലം അറിഞ്ഞുതുടങ്ങും.
ചരിത്രത്തിലാദ്യമായി അമേരിക്കക്ക് ഒരു വനിതാ പ്രസിഡന്റ് ഉണ്ടാകുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം. പരസ്പര വിമർശനങ്ങളും അധിക്ഷേപങ്ങളും വ്യക്തിഹത്യയുമെല്ലാം നടത്തി ഇരുപക്ഷവും ഇത്തവണ പ്രചരണം നടത്തുകയാണ് .
ഏഴ് കോടിയോളം ആളുകൾ മുൻകൂട്ടി വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. 2020 ൽ നടന്ന തെരഞ്ഞെടുപ്പിൽ 10.01 കോടി ആളുകൾ തെരഞ്ഞെടുപ്പിന് മുന്നേ വോട്ട് ചെയ്തിരുന്നു. കോവിഡിനെ തുടർന്നുണ്ടായ സാഹചര്യത്തിലായിരുന്നു ഇത് . ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥി കമലാ ഹാരിസ് മിഷിഗനിൽ ഞായറാഴ്ച പ്രചാരണം നടത്തി. ഡൊണാൾഡ് ട്രംപ് കിഴക്കൻ യുദ്ധ ഭൂമി സംസ്ഥാനങ്ങൾ സന്ദർശിച്ചു.
2025 ജനുവരി 20 നാണ് പുതിയ പ്രസിഡന്റ് ചുമതലയേറ്റെടുക്കുക. ജനകീയ വോട്ടിൽ മുന്നിലെത്തിയാൽ വിജയം ഉറപ്പിക്കാൻ സാധിക്കില്ല. ഇലക്ട്റൽ വോട്ടിൽ മേൽകൈ നേടണം. ഒരു സംസ്ഥാനത്ത് കൂടുതൽ വോട്ട് ലഭിക്കുന്ന പാർട്ടിക്ക് ആ സംസ്ഥാനത്തെ ഇലക്ട്റൽ വോട്ട് മുഴുവൻ ലഭിക്കും. എന്നാൽ മെയ്ൻ, നെബ്രാസ്ക എന്നീ സംസ്ഥാനങ്ങളിൽ ഈ രീതി പിന്തുടരുന്നില്ല. 2000 ,2016 വർഷങ്ങളിൽ കൂടുതൽ വോട്ട് ലഭിച്ചവർ ഇലക്ട്റൽ വോട്ടിൽ പരാജയപ്പെടുകയാണ് ഉണ്ടായത്. 538 അംഗ ഇലക്ട്റൽ കോളേജിൽ 270 സീറ്റ് നേടുന്ന വ്യക്തിയാണ് അന്തിമമായി തെരഞ്ഞെടുക്കപ്പെടുക.
സ്വിങ് സ്റ്റേറ്റുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. നെവാഡ ,നോർത്ത് കരോലൈന , വിസ്കോൻസെൻ എന്നിവിടങ്ങളിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമലാ ഹാരിസിനും അരിസോണയിൽ ട്രംപിനും നേരിയ മുൻതൂക്കമുണ്ട്. ജോർജിയ,പെൻസിൽവെനിയ,മിഷിഗൻ എന്നിവിടങ്ങളിൽ ഇരുവരും ഒപ്പത്തിനൊപ്പം എന്നാണ് സർവേ ഫലം. ഈ സംസ്ഥാനങ്ങളെ കേന്ദ്രികരിച്ചാണ് ഇരു സ്ഥാനാർഥികളും അവസാനഘട്ട പ്രചരണം നടത്തുന്നത്.
തെരഞ്ഞെടുപ്പ് അടുക്കുന്തോറും കമല ഹാരിസിനുള്ള പിന്തുണയിൽ കുറവ് വരുന്നതും ട്രംപ് മുന്നേറ്റം നടത്തുന്നതും ഡെമോക്രാറ്റിക് പാർട്ടിയെ ആശങ്കയിൽ ആഴ്ത്തുന്നുണ്ട്. നിലവിൽ കമല ഹാരിസിന് 48 ശതമാനവും ട്രംപിന് 47 ശതമാനവുമാണ് പിന്തുണ. അവസാന ദിവസങ്ങളിൽ ട്രംപ് നില മെച്ചപ്പെടുത്തി എന്നാണ് സർവേകൾ നൽകുന്ന സൂചന.