സുനിത വില്യംസിനെയും, ബുച്ച് വില്‍മോറിനെയും വരവേറ്റ് ലോകം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.40നാണ് സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ക്രൂ9 പേടകം ഫ്ളോറിഡന് തീരത്തിന് സമീപം മെക്സിക്കന്‍ ഉള്‍ക്കടലില്‍ ലാന്‍ഡ് ചെയ്തത്. അനിശ്ചിതത്വം നിറഞ്ഞ ഒമ്പത് മാസങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവിന് പരിസമാപ്തി കുറിച്ച നിമിഷം. തങ്ങളെ വീക്ഷിക്കുന്നവരെ അഭിവാദ്യം ചെയ്താണ് സുനിതയും വില്‍മോറും പുറത്തിറങ്ങിയത്. ഇവരെ സ്ട്രെച്ചറില്‍ വൈദ്യപരിശോധനയ്ക്ക് മാറ്റി. സുനിതയെയും വില്‍മോറിനെയും കൂടാതെ നിക്ക് ഹേഗ്, അലക്സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരും പേടകത്തിലുണ്ടായിരുന്നു.
യാത്രക്കാരില്‍ ആദ്യം പുറത്തെത്തിയത് നിക്ക് ഹേഗാണ്. സുനിത മൂന്നാമതായി ഇറങ്ങി. ആദ്യം പേടകത്തിലെ നാല് പേരെയും കപ്പലിലേക്ക് മാറ്റി. സ്ട്രക്ചറിലാണ് ഇവരെ മാറ്റിയത്. കഴിഞ്ഞ ജൂണില്‍ വെറും 10 ദിവസത്തെ ദൗത്യത്തിനായാണ് സുനിതയും വില്‍മോറും ബഹിരാകാശത്തേക്ക് പോയത്. എന്നാല്‍ സ്റ്റാര്‍ലൈനറിലെ സാങ്കേതിക പ്രശ്നങ്ങള്‍ മൂലം മടക്കയാത്ര നീണ്ടു. പലതവണ അനിശ്ചിതത്വത്തിലായി. ഒടുവില്‍ ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സുമായി സഹകരിച്ചാണ് ഇവരുടെ മടങ്ങിവരവ് നാസ സാധ്യമാക്കിയത്.