ചെന്നൈ: തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ കോടതിയിൽ ഹാജരാകാനെത്തിയ യുവാവിനെ വെട്ടിക്കൊന്നു. കൊലപാതകക്കേസിലെ പ്രതിയായ മായാണ്ടിയെയാണ് ജില്ലാകോടതിയുടെ കവാടത്തിനു മുന്നിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ ശിവ, തങ്ക മഹേഷ്, രാമകൃഷ്ണൻ, മനോരാജ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ദളിത് വിഭാഗത്തിൽപ്പെട്ട രാജാമണിയുടെ കൊലപാതകത്തിനുള്ള പ്രതികാരമായിട്ടാണ് മായാണ്ടിയെ കൊന്നതെന്നാണ് സംശയിക്കുന്നത്.
കീഴനത്തം പഞ്ചായത്തംഗമായിരുന്ന രാജാമണി കൊല്ലപ്പെട്ടത് കഴിഞ്ഞ വർഷമാണ്. സംഭവത്തിൽ അറസ്റ്റിലായ മായാണ്ടി ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു. ഈ കേസിൽ ഹാജരാകുന്നതിനാണ് വെള്ളിയാഴ്ച കോടതിയിലെത്തിയത്. രാവിലെ മായാണ്ടി കോടതിയുടെ കവാടത്തിനുമുന്നിൽ നിൽക്കുമ്പോൾ കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.