അനീഷ എം എ-സബ് എഡിറ്റർ
കണ്ണൂര്‍: വളപട്ടണത്തെ അരി വ്യാപാരിയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതി പൊലീസ് പിടിയില്‍. ഒരു കോടി രൂപയും 300 പവനും മോഷണം നടത്തിയ കേസിലെ പ്രതി ലിജീഷാണ് പിടിയിലായത്. ഇന്നലെ രാത്രിയോടെയാണ് ലിജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
മോഷണം നടത്തിയ സ്വര്‍ണ്ണവും പണവും കട്ടിലിനടിയില്‍ പ്രത്യേക അറയുണ്ടാക്കിയാണ് ലിജീഷ് സൂക്ഷിച്ചത്. മോഷണം നടന്ന സാഹചര്യവും രീതിയും പരിശോധിച്ചപ്പോള്‍ വീടിനെപ്പറ്റി ധാരണയുള്ള ഒരു വ്യക്തിയാണ് പിന്നില്‍ എന്ന് സംശയമുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.
സിസിടിവിയില്‍ പെടാതെ അതിവിദഗ്ധമായിട്ടായിരുന്നു മോഷണം. അവ്യക്തമായ ദൃശ്യങ്ങളില്‍ റൂമില്‍ കയറിയ ശേഷം കര്ട്ടന് വലിച്ചുനീക്കുന്ന പ്രതിയുടെ ദൃശ്യമാണ് ഉള്ളത്. മോഷണം നടന്നയിടത്തുനിന്ന് ഒരു ചുറ്റികയും കൂടി ലഭിച്ചു. ഇതാണ് മോഷ്ടവിലേക്ക് പൊലീസിനെ എത്തിച്ചത്. പ്രതിയായ ലിജീഷിനെ ആര്‍ക്കും മുന്‍പൊരിക്കലും സംശയം തോന്നിയിരുന്നില്ല എന്ന് നാട്ടുകാരും പറഞ്ഞു. പ്രതിയെ പിടിച്ചതിന്റെ സന്തോഷസൂചകമായി പൊലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥര്‍ മധുരം വിതരണം ചെയ്തു.
ഈ മാസം 19നാണ് വളപട്ടണം മന്ന അഷ്റഫിന്റെ വീട്ടില്‍ മോഷണം നടന്നത്. വീട് പൂട്ടി മധുരയിലേക്ക് പുറപ്പെട്ട ഇവർ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം മനസിലാക്കിയത്. കിടപ്പുമുറിയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് മോഷണം പോയത്. അടുക്കള ഭാഗത്തെ ജനലിന്റെ ഗ്രില്ല് മുറിച്ചുമാറ്റിയാണ് മോഷ്ടാവ് വീടിനുള്ളില്‍ കടന്നത്.