റിയാദ്: സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് റിയാദ് സഹായസമിതി. മകനെ ജയിലില്‍ വെച്ച് കാണാന്‍ റിയാദിലെത്തിയ ഉമ്മ ഫാത്തിമയ്ക്കും സഹോദരന് നസീറിനും നല്കിയ സ്വീകരണ പരിപാടിയിലാണ് സമിതി ഭാരവാഹികള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
‘റഹീമിന്റെ ഉമ്മക്കൊപ്പം’ എന്ന പേരില്‍ നടന്ന യോഗത്തില്‍ വളരെ വൈകാരികമായ രംഗങ്ങള്‍ക്കാണ് റിയാദ് പൊതുസമൂഹം സാക്ഷിയായത്. കഴിഞ്ഞ 18 വര്‍ഷക്കാലം നിയമസഹായ സമിതി അബ്ദുല്‍ റഹീമിന്റെ മോചനത്തിന് വേണ്ടി നടത്തിവരുന്ന അക്ഷീണമായ പ്രവര്‍ത്തനങ്ങള്‍ ഭാരവാഹികള്‍ വിശദീകരിച്ചു.
നിയമപോരാട്ടത്തിനും ദിയാധന സ്വരൂണത്തിനുമെല്ലാം രംഗത്തിറങ്ങിയവരാണ് റിയാദിലെ നന്മയുള്ള പ്രവാസി സമൂഹം. അവരുടെ പ്രാതിനിധ്യമാണ് സഹായസമിതിക്കുള്ളത്. കഴിഞ്ഞ 18 വര്‍ഷമായി തുടരുന്ന പ്രവര്‍ത്തനമാണ്. നവംബര്‍ 17-ന് ശുഭകരമായ ഒരു കോടതി ഉത്തരവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് തങ്ങള്‍.
മോചനം നേടി അബ്ദുല്‍ റഹീം പുറത്തുവരുമ്പോള്‍ അതിന്റെ ക്രെഡിറ്റ് തങ്ങള്‍ക്ക് വേണ്ട. അതിന് ആര്‍ത്തിപൂണ്ട് വിവാദത്തിന്റെ പുകമറ സൃഷ്ടിക്കുന്ന എട്ടുകാലി മമ്മൂഞ്ഞികള്‍ അതെടുത്തോട്ടെ. തന്റെ മകനെ രക്ഷിക്കാന്‍ ഒപ്പം നിന്നവര്‍ക്ക് ദൈവം പ്രതിഫലം നല്കട്ടെയെന്നും സഹായസമിതിയോട് നന്ദിയുണ്ടെന്നും വേദിയിലിരുന്ന് റഹീമിന്റെ ഉമ്മ ഫാത്തിമ പറഞ്ഞു.