തിരുവനന്തപുരം: സംസ്ഥാനത്തെ ഒൻപത് ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (ഫെബ്രുവരി 24) അവധി പ്രഖ്യാപിച്ചു. ചില വിദ്യാലയങ്ങൾക്ക് ചൊവ്വാഴ്ചയും(ഫെബ്രുവരി 25) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തദ്ദേശ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതാത് ജില്ല കളക്ടർമാരാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പതിമൂന്ന് ജില്ലകളിലെ 30 തദ്ദേശ വാർഡുകളിലാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിൽ കണ്ണൂർ,മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ ഇടുക്കി,കോട്ടയം, കൊല്ലം, തിരുവനന്തപുരം, ജില്ലകളിലെ ഏതാനം വിദ്യാലയങ്ങൾക്കാണ് അവധി. കണ്ണൂർ ജില്ലയിൽ തിരഞ്ഞെടുപ്പ് നടക്കുന്ന പന്ന്യന്നൂർ ഗ്രാമപ്പഞ്ചായത്തിലെ മൂന്നാം വാർഡ് താഴെ ചമ്പാടിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചു.
മലപ്പുറം ജില്ലയിലെ കരുളായി പഞ്ചായത്തിലെ വാർഡ് 12 (ചക്കിട്ടമല), തിരുനാവായ പഞ്ചായത്തിലെ വാർഡ് എട്ട് ( എടക്കുളം ഈസ്റ്റ് ) എന്നിവിടങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പോളിങ് സ്റ്റേഷനുകളായ പുള്ളിയിൽ ദേവദാർ സ്കൂൾ, അമ്പലപ്പടി ഫസലെ ഉമർ പബ്ലിക് സ്കൂൾ, എടക്കുളം ജിഎൽപി സ്കൂൾ എന്നിവയ്ക്ക് ഫെബ്രുവരി 23നും 24നും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിലെ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഫെബ്രുവരി 24ന് അവധിയാണ്. അതേസമയം പൊതു പരീക്ഷ നടക്കുന്ന സ്ഥാപനങ്ങൾക്ക് ഉത്തരവ് ബാധകമല്ല.