കൽപറ്റ: ഉരുൾദുരന്തത്തിന്റെ പേടിപ്പിക്കുന്ന ഓർമകളോടൊപ്പം അതിജീവനത്തിന്റെ പാഠവുമായി അവർ വീണ്ടും അക്ഷരമുറ്റത്തേക്ക്. ദുരന്തം കശക്കിയെറിഞ്ഞ മേഖലയിലെ രണ്ട് സ്കൂളുകളാണ് മേപ്പാടിയിൽ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കുന്നത്.
ദുരന്തം കഴിഞ്ഞ് 35ാമത്തെ ദിവസമാണ് 43 കൂട്ടുകാരില്ലാതെ അവർ വീണ്ടും വിദ്യാലയത്തിലേക്ക് എത്തുന്നത്. ദുരന്തത്തിൽ 36 കുട്ടികൾ മരണപ്പെടുകയും 17 കുട്ടികളെ കാണാതാവുകയും ചെയ്തതായാണ് കണക്ക്. ഇതിലധികവും ദുരന്തമേഖലയിലെ രണ്ടു സ്കൂളുകളിൽ നിന്നുള്ളവരാണ്.
വെള്ളാർമല ജി.വി.എച്ച്.എസ് സ്കൂളിൽ 578ഉം മുണ്ടക്കൈ എൽ.പി സ്കൂളുകളിൽ നഴ്സറി ഉൾപ്പെടെ 72 കുട്ടികളുമാണ് ഉണ്ടായിരുന്നത്. ഇതിൽ വെള്ളാർമല ജി.വി.എച്ച്.എസ്.എസിലെ 22 കുട്ടികളാണ് മരണത്തിന് കീഴടങ്ങിയത്. കൂടാതെ 10 പേരെ ഇതുവരെയും കണ്ടെത്തിയിട്ടില്ല. മുണ്ടക്കൈ എൽ.പി സ്കൂളിൽ നഴ്സറിയിൽ ഉൾപ്പെടെ ആറുപേർ മരണപ്പെടുകയും അഞ്ചു കുട്ടികളെ കാണാതാവുകയും ചെയ്തു.
വെള്ളാര്‍മല ജി.വി.എച്ച്.എസ് മേപ്പാടി ഗവ. ഹയർ സെക്കന്‍ഡറി സ്കൂളിലും മുണ്ടക്കൈ ജി.എല്‍.പി സ്കൂൾ മേപ്പാടി ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിലുമാണ് പ്രവര്‍ത്തിക്കുക. വിദ്യാർഥികളുടെ പുനഃപ്രവേശനോത്സവവും ഇന്ന് നടക്കും. രാവിലെ 10ന് മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.
മേപ്പാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന പരിപാടിയില്‍ മന്ത്രി ഒ.ആര്. കേളു അധ്യക്ഷനാവും. ഉരുള്‍പൊട്ടലില്‍ നഷ്ടമായ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം വി. ശിവന്‍കുട്ടി നിർവഹിക്കും. പാഠപുസ്തകങ്ങൾ മന്ത്രി കെ. രാജന് വിതരണം ചെയ്യും. പഠനോപകരണങ്ങൾ മന്ത്രി പി.എ. മുഹമ്മദ് റിയാസ് വിതരണം ചെയ്യും. യൂണിഫോം വിതരണം മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കും. ഐ.ടി. ഉപകരണങ്ങള്‍ ഐ.സി. ബാലകൃഷ്ണന് എം.എല്‍.എയും സ്കൂള്‍ ഗ്രാന്റ് വിതരണം ടി. സിദ്ദിഖ് എം.എല്‍.എയും നിർവഹിക്കും.