ഇന്ത്യ-ന്യൂസിലന്റ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് നാളെ മുംബൈയില്‍ തുടക്കമാകും. ആദ്യ രണ്ട് ടെസ്റ്റുകളും തോറ്റ് പരമ്പര നഷ്ടമായ ഇന്ത്യയ്ക്ക് മുഖം രക്ഷിക്കാന്‍ ഈ ടെസ്റ്റില്‍ വിജയം അനിവാര്യമാണ്. അതേസമയം, പരമ്പര തൂത്തുവാരുക എന്ന ലക്ഷ്യത്തോടെയാണ് ന്യൂസിലന്റ് ഇറങ്ങുന്നത്.
ആദ്യ രണ്ട് ദിവസം പേസിനെയും തുടര്‍ന്ന് സ്പിന്നിനെയും തുണയ്ക്കുന്ന വിധത്തിലാണ് മുംബൈയിലെ പിച്ച് തയ്യാറാക്കിയിരിക്കുന്നത്. രണ്ട് ടെസ്റ്റുകളിലും ബാറ്റര്‍മാരുടെ മോശം പ്രകടനമാണ് ഇന്ത്യയ്ക്ക് വിനയായത്. മൂന്നാം ടെസ്റ്റില്‍ ചില മാറ്റങ്ങളോടെയാകും ഇന്ത്യ ഇറങ്ങുക.
നായകന് രോഹിത്, വിരാട് കോഹ്ലി എന്നിവര്‍ക്ക് ടെസ്റ്റ് വ്യക്തിപരമായും നിര്‍ണായകമാകും. ഓസ്ട്രേലിയയില്‍ നടക്കുന്ന അഞ്ച് ടെസ്റ്റുകളുടെ ബോര്‍ഡര്‍-ഗവാസ്കര്‍ പരമ്പരയ്ക്ക് മുന്നോടിയായി ഫോം വീണ്ടെടുക്കേണ്ടത് ഇരുതാരങ്ങള്‍ക്കും ടീമിനും അനിവാര്യമാണ്.
കോഹ്ലി ഒരു ടെസ്റ്റ് സെഞ്ച്വറി നേടിയിട്ട് വര്‍ഷങ്ങളായിരിക്കുന്നു. കഴിഞ്ഞ എട്ട് ഇന്നിംഗ്സുകളില്‍ ആറിലും രണ്ടക്കം കടക്കാന്‍ രോഹിതിനും കഴിഞ്ഞിട്ടില്ല. ജസ്പ്രീത് ബുംറ, അശ്വിന് ഉള്‍പ്പെടെയുള്ള ബൗളര്‍മാര്‍ക്കും സാഹചര്യത്തിനൊത്ത് ഉയരാനായിട്ടില്ല.
മറുവശത്ത് തുടര്‍ച്ചയായ രണ്ട് ജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ന്യൂസിലന്റ്. മുംബൈ ടെസ്റ്റും ജയിച്ച് പരമ്പര തൂത്തുവാരാന്‍ ആകുമെന്നാണ് കീവികളുടെ പ്രതീക്ഷ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ സാധ്യത നിലനിര്‍ത്താനും ഇരു ടീമുകള്‍ക്കും ഇനി ശേഷിക്കുന്ന മത്സരങ്ങള്‍ അതിനിര്‍ണായകമാണ്.