എല്‍ഡിഎഫിലെ രണ്ട് എംഎല്‍എമാരെ കൂറുമാറ്റാന്‍ മുന്നണിയിലെ തന്നെ എംഎല്‍എയായ തോമസ് കെ തോമസ് 100 കോടി രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍. അന്വേഷണം നടന്നാല്‍ കേന്ദ്രഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിഷയത്തില്‍ ഇടപെടുമോ എന്നതാണ് സര്‍ക്കാരിന്റെ ആശങ്ക. അങ്ങനെ സംഭവിച്ചാല്‍ അത് തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്ന് തോമസ് കെ തോമസ് പ്രതികരിച്ചു. പരാതി നല്കുന്നതില് തന്റെ ഭാഗത്ത് കാലതാമസം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയെ കാണാന്‍ അനുമതി തേടിയിരുന്നെന്നും എന്നാല്‍ സമയം ഇല്ലെന്ന് പറഞ്ഞ് നിഷേധിക്കുകയായിരുന്നെന്നും തോമസ് കെ തോമസ് പറഞ്ഞു.
കോഴവാഗ്ദാനം നിഷേധിക്കാത്ത ആന്റണി രാജുവിനെ തോമസ് കെ തോമസ് അന്വേഷണത്തിന് വെല്ലുവിളിച്ചു. താന്‍ നുണപരിശോധനയ്ക്ക് തയ്യാറാണ്. തന്റെ ബാങ്ക് അക്കൗണ്ടും ഫോണും ഉള്‍പ്പെടെ പരിശോധിക്കണം. അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ പാര്‍ട്ടിയുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പരാതി ലഭിച്ചാലും സര്‍ക്കാര്‍ ഉടനടി അന്വേഷണം പ്രഖ്യാപിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന.