കൊച്ചി: എൻസിപി എസിന്റെ സംസ്ഥാന അധ്യക്ഷനായി കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് ചുമതലയേറ്റു. എൻസിപിയുടെ കേരള ഘടകത്തിൽ ഗ്രൂപ്പ് സഖ്യങ്ങൾ മാറി മറിഞ്ഞപ്പോൾ തോമസ് കെ തോമസിന് നറുക്കുവീഴുകയായിരുന്നു. അങ്ങനെ എ കെ ശശീന്ദ്രന്റെ പിന്തുണയോടെ തോമസ് കെ തോമസ് പാർട്ടിയുടെ അമരത്ത് എത്തി. പാർട്ടിയിൽ നിന്ന് എന്തെങ്കിലും എടുക്കാനല്ല കൊടുക്കാനാണ് ശ്രമിക്കേണ്ടതെന്ന് പുതിയ അധ്യക്ഷസ്ഥാനം ഏറ്റെടുത്തുകൊണ്ട് തോമസ് കെ തോമസ് പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങൾക്കൊടുവിൽ പി സി ചാക്കോ രാജിവെച്ച ഒഴിവിലേക്കാണ് തോമസ് കെ തോമസ് എത്തുന്നത്.
മന്ത്രി എ കെ ശശീന്ദ്രൻ, പീതാംബരൻ മാസ്റ്റർ, വർക്കല രവികുമാർ, കെ രാജൻ മാസ്റ്റർ, സുരേഷ് ബാബു, ടി പി അബ്ദുൾ അസീസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.