കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് ഉത്സവത്തിനിടെ ആനയിടഞ്ഞ് മരിച്ച ലീലയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന് കുടുംബം. രണ്ടര പവന്റെ മാലയും രണ്ടു കമ്മലുമാണ് നഷ്ടപ്പെട്ടത്. ഇവരുടെ കൈകളിലിട്ട മൂന്ന് വള ആശുപത്രിയധികൃതർ ബന്ധുക്കൾക്ക് തിരിച്ചുനൽകിയിട്ടുണ്ട്. നഷ്ടപെട്ട സ്വർണാഭരണങ്ങൾ സംബന്ധിച്ച് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കുമെന്നും കുടുംബം വ്യക്തമാക്കി.
കഴിഞ്ഞ വ്യാഴാഴ്ച അപകടം നടന്നപ്പോൾ സംഭവസ്ഥലത്തുനിന്ന് ലീലയെ ആശുപത്രിയിലെത്തിച്ചത് മകൻ ലിഗേഷും ബന്ധുക്കളും കൂടിയായിരുന്നു. ആ സമയത്തൊക്കെ ശരീരത്തിൽ ആഭരണങ്ങളുണ്ടായിരുന്നതായി ലീലയുടെ സഹോദരൻ ശിവദാസൻ പറഞ്ഞു. എന്നാൽ, മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് മൃതദേഹം മാറ്റുന്നതിനിടയിൽ ആഭരണം നഷ്ടപ്പെട്ടതായാണ് സംശയം.
ആനയിടഞ്ഞുണ്ടായ അപകടത്തിൽ ലീല ഉൾപ്പടെ മൂന്ന് പേരാണ് മരിച്ചത്. രാജന്, അമ്മുക്കുട്ടി എന്നിവരാണ് മരിച്ച് മറ്റ് രണ്ട് പേർ. അപകടത്തിൽ 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 12 പേരിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്.