തൃശൂര്‍ പൂരം വെടിക്കെട്ടിന്റെ നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്ന ആവശ്യവുമായി തിരുവമ്പാടി ദേവസ്വം. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ അപ്രായോഗികമാണ്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് അനുവദിച്ചില്ലെങ്കില്‍ തൃശ്ശൂര്‍ പൂരം വെടിക്കെട്ട് ഓര്‍മയാകുമെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീകുമാര്‍ പ്രതികരിച്ചു. പൂരം വെടിക്കെട്ട് ഇല്ലാതാക്കാനുള്ള ശ്രമം തടയണമെന്നും ഉത്തരവില്‍ തിരുത്ത് വേണമെന്നും തിരുവമ്പാടി ദേവസ്വം വ്യക്തമാക്കി.
വെടിക്കെട്ടിനെതിരായ കേന്ദ്ര ഏജന്‍സി പെസോ പുറത്തിറക്കിയ ഉത്തരവില്‍ 35 നിയന്ത്രണങ്ങളാണ് പറഞ്ഞിരിക്കുന്നത്. പുതിയ നിയന്ത്രണം പ്രകാരം സ്വരാജ് റൗണ്ടിന്റെ പരിസരത്തുപോലും ആളെ നിര്‍ത്താന്‍ കഴിയില്ല. 200 മീറ്ററാണ് വെടിക്കെട്ട് നടക്കുന്ന സ്ഥലവും ഫയര്‍ലൈനും തമ്മിലുള്ള അകലമായി ഉത്തരവില്‍ പറയുന്നത്.
തേക്കിന്‍കാടില്‍ ഈ കണക്ക് പാലിക്കാനാകില്ല. ഫയല്‍ലൈനും ആളുകളും തമ്മിലെ അകലം 100 മീറ്റര്‍ വേണമെന്നും ഉത്തരവിലുണ്ട്. തേക്കിന്‍കാട് മൈതാനത്തില്‍ ഇതിന് വേണ്ട സൗകര്യങ്ങളില്ല തുടങ്ങി നിരവധി നിബന്ധനകളാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.