ബെംഗളൂരു : മുല്ലപ്പെരിയാർ കഴിഞ്ഞാൽ സുർക്കി മിശ്രിതം കൊണ്ട് നിർമിച്ച രണ്ടാമത്തെ ഡാമായ തുംഗഭദ്ര ഡാമിൻ്റെ ഗേറ്റ് തകർന്നു.കർണ്ണാടക കൊപ്പൽ ജില്ലയിലാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. പൊട്ടിയ ഗേറ്റിലൂടെ 35,000 ക്യുസെക്സ് വെള്ളം പുറത്തേക്ക് ഒഴുകി.
ആകെ 35 ഗേറ്റുകളാണ് ഡാമിനുള്ളത്. ഡാം തകരുന്നത് ഒഴിവാക്കാൻ 35 ഗേറ്റുകളും തുറന്നു. മുല്ലപെരിയാർ കഴിഞ്ഞാൽ സുർക്കി മിശ്രിതം കൊണ്ട് നിർമിച്ച രാജ്യത്തെ രണ്ടാമത്തെ വലിയ ഡാമാണ് ഇത്.കർണാടക സർക്കാർ പ്രളയ മുന്നറിയിപ്പ് നൽകി. കൊപ്പൽ, വിജയനഗര, ബെല്ലാരി, റായിപുർ ജില്ലകളിൽ അധികൃതർ അതീവ ജാഗ്രത പുലർത്തുന്നു. ശനിയാഴ്ച രാത്രിയാണ് ഡാമിന്റെ 19–ാം ഗേറ്റിൽ തകരാർ ഉണ്ടായത്. ഗേറ്റിലെ ചെങ്കല്ലുകൾ പൊട്ടുകയായിരുന്നു.
പിന്നാലെ അണക്കെട്ടിന് തകരാർ സംഭവിക്കാതിരിക്കാൻ മറ്റ് ഗേറ്റുകൾ ഉയർത്തുകയായിരുന്നു. 60 ടിഎംസി വെള്ളം ഒഴുക്കി കളഞ്ഞാലേ ഗേറ്റിലെ അറ്റക്കുറ്റപ്പണികൾ നടക്കൂ എന്ന് അധികൃതർ പറഞ്ഞു. 1953ലാണ് ഡാം കമ്മിഷന് ചെയ്തത്. ആന്ധ്രയും തെലങ്കാനയും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ കർഷകർ ആശ്രയിക്കുന്നത് ഡാമിലെ വെള്ളത്തെയാണ്.