ആറളം: കണ്ണൂർ ആറളം ഫാം പുനരധിവാസ മേഖലയിൽ തമ്പടിച്ച കാട്ടാനകളെ തുരത്താനുളള ദൗത്യം ഇന്ന് ആരംഭിക്കും. അമ്പതോളം കാട്ടാനകളാണ് മേഖലയിലുളളത്. ഇവയെ ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തുമെന്ന് കഴിഞ്ഞ ദിവസം വനം മന്ത്രി എ കെ ശശീന്ദ്രൻ ഉറപ്പു നൽകിയിരുന്നു. രണ്ട് സംഘങ്ങളായി തിരിഞ്ഞാകും വനം വകുപ്പിന്റെ ദൗത്യം.
പ്രദേശത്തെ സോളാർ ഫെൻസിങ് ലൈൻ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കാനുളള നടപടികളും എത്രയും വേഗം നടപ്പിലാക്കും. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വെളളിയുടെയും ലീലയുടെയും മക്കൾക്ക് നഷ്ടപരിഹാര തുകയിലെ ആദ്യ ഗഡുവായ അഞ്ച് ലക്ഷം കൈമാറിയിരുന്നു. വന്യജീവി ആക്രമണങ്ങൾക്കെതിരെ സണ്ണി ജോസഫ് എംഎൽഎ ഇന്ന് ഇരിട്ടിയിൽ ഉപവാസ സമരം നടത്തും. തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും.