കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ ഇന്ന് രാവിലെ ആറുമണി മുതൽ വൈകിട്ട് ആറു വരെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കടകളടച്ച് പ്രതിഷേധം. ജിഎസ്ടി ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടർന്ന് വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരൻ ആത്മഹത്യ ചെയ്തു എന്ന് ആരോപിച്ചാണ് വ്യാപാരികളുടെ പ്രതിഷേധം.
ജിഎസ്ടി ഓഫീസ് സ്ഥിതിചെയ്യുന്ന മിനി സിവിൽ സ്റ്റേഷനിലേക്ക് വ്യാപാരികൾ പ്രതിഷേധ മാർച്ച് ആസൂത്രണം ചെയ്തിട്ടുണ്ട്. പെരുമ്പാവൂർ നഗരത്തിൽ പ്രവർത്തിക്കുന്ന പെറ്റൽസ് എന്ന ഫാൻസി സാധന വിൽപ്പന ശാലയിലെ മാനേജർ സജിത് കുമാർ ഇക്കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് തൂങ്ങിമരിച്ചത്.
സ്ഥാപനത്തിൽ റെയ്ഡ് നടത്തിയ ജിഎസ്ടി ഉദ്യോഗസ്ഥർ സജിത്തിനെ മാനസികമായി ഭീഷണിപ്പെടുത്തിയതിനെത്തുടർന്നായിരുന്നു ആത്മഹത്യ എന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആരോപണം.