ഇസ്ലാമാബാദ്: ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി, പാക് അധീന കശ്മീരിലൂടെ ടൂർണമെന്റ് ട്രോഫിയുമായുള്ള പര്യടനം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ റദ്ദാക്കി. പാക് അധീന കശ്മീരിലെ തർക്ക ഭൂമിയുടെ ഭാഗമായ നഗരങ്ങൾ ആയതുകൊണ്ടാണ് അതിലൂടെയുള്ള പര്യടനം റദ്ദാക്കിയത്. ട്രോഫിയുമായുള്ള പര്യടനത്തിൽ തർക്ക ഭൂമിയായ സ്കര്‍ദൂ, മരീ, മുസഫറാബാദ് എന്നീ പ്രദേശങ്ങളെ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) ഉൾപ്പെടുത്തിയതിനു തൊട്ടുപിന്നാലെയാണ് ഐ.സി.സിയുടെ തീരുമാനം.
ചാമ്പ്യൻസ് ട്രോഫി ടീമിനെ പാകിസ്താനിലേക്ക് അയക്കില്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. തുടർന്ന് മത്സരങ്ങൾ ദുബായിലേക്ക് മാറ്റണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യയുടെ ആവശ്യത്തിന് വഴങ്ങരുതെന്ന് പാക്കിസ്ഥാൻ ഐ.സി.സിയോട് ആവശ്യപ്പെട്ടിരുന്നതായി ദേശീയ മാധ്യമങ്ങൾ വ്യക്തമാക്കിയിരുന്നു. ടൂർണമെന്റിൽ നിന്ന് പാക്കിസ്ഥാൻ പിന്മാറിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.