രാജേഷ് തില്ലങ്കേരി
ടി പി രാമകൃഷ്ണന് എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് എത്തുന്നത് അപ്രതീക്ഷിതമായിരുന്നു. സി പി എമ്മില്‍ ശക്തനായ നേതാവല്ല മുന്‍ മന്ത്രിയും നിലവില്‍ എം എല്‍ എയുമായ ടി പി രാമകൃഷ്ണന്. സൗമ്യമുഖമാണെങ്കിലും പൂര്‍ണമായും പിണറായി പക്ഷക്കാരനല്ല. ടി പി കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരിക്കെയാണ് ഒഞ്ചിയത്തെ പാര്‍ട്ടിക്കുള്ളില്‍ കലാപം ശക്തമായതും ടി പി ചന്ദ്രശേഖരന് കൊല്ലപ്പെടുന്നതും. ഇക്കാലത്ത് വ്യക്തമായ നിലപാട് സ്വീകരിച്ചാണ് ടി പി മുന്നോട്ട് പോയത്. പിന്നീട് എക്സൈസ് മന്ത്രിയായിരുന്നപ്പോഴും അഴിമതിയാരോപണങ്ങളിലൊന്നും അകപ്പെടാതെയാണ് ടി പി മുന്നോട്ടേക്ക് പോയത്. ഇതെല്ലാം ടി പിയെ കണ്വീനര്സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിന് വഴിയൊരുക്കി.
ബി ജെ പി നേതാക്കളുമായുള്ള കൂടിക്കാഴ്ച വിവാദത്തില്‍ അകപ്പെട്ടതോടെ ഇ പി ജയരാജനെ കണ്‍വീനര്‍ സ്ഥാനത്തുനിന്നും മാറ്റണമെന്ന നിലപാടിലായിരുന്നു സി പി എം നേതൃത്വം. ഇ പി മാറേണ്ടിവന്നാല്‍ പകരം എ കെ ബാലന് ചുമതല നല്‍കുമെന്നായിരുന്നു പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സംഭവിച്ചത് അതായിരുന്നില്ല. ഇത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അമ്പരപ്പുണ്ടാക്കിയിരുന്നു. തനിക്ക് എല്‍ ഡി എഫ് കണ്‍വീനറാവാന്‍ താല്പര്യമില്ലെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചെന്നാണ് എ കെ ബാലന് പറയുന്നത്. എന്നാല്‍ അതല്ല എം വി ഗോവിന്ദന്റെ വിയോജിപ്പാണ് ബാലന് തിരിച്ചടിയായതെന്നാണ് ലഭ്യമാവുന്ന വിവരം. ഇ പി യെപ്പോലെ നിരവധി വിവാദങ്ങളില്‍ എ കെ ബാലനും ചെന്നു പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടുയരുന്ന എല്ലാ വിവാദങ്ങളിലും ചാടിവീണ് അഭിപ്രായം പറയുന്ന രീതിയാണ് എ കെ ബാലന് കുറച്ചുകാലമായി കൈക്കൊണ്ടിരുന്നത്. മാധ്യമങ്ങളോട് പ്രതികരിച്ച് വിവാദങ്ങള്‍ സ്വയം ഏറ്റെടുക്കുന്ന നേതാവായാണ് എ കെ ബാലനെ കണ്ടുകൊണ്ടിരുന്നത്. അപക്വമായ നിലപാടുകളും, ബാലന്റെ അവസരം നഷ്ടമാക്കി.
എല്‍ ഡി എഫ് കണ്‍വീനര്‍സ്ഥാനത്തുനിന്നും ഇ പി ജയരാജനെ മാറ്റേണ്ടി വന്നാല്‍ ആരെ പരിഗണിക്കാമെന്ന ചര്‍ച്ച നേരത്തെ പാര്‍ട്ടിയില്‍ നടന്നിരുന്നു. മലബാര്‍ മേഖലയില്‍ നിന്നുള്ളൊരു നേതാവ് കണ്‍വീനര്‍ സ്ഥാനത്തേക്ക് വരുന്നതായിരുന്നു നല്ലതെന്ന നിലപാടാണ് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും കൈക്കൊണ്ടിരുന്നത്. വിവാദങ്ങളില്‍ അകപ്പെടാതെ കാര്യങ്ങള്‍ വ്യക്തതയോടെ കൊണ്ടുപോകാന്‍ കെല്‍പ്പുള്ള നേതാവിനെ ചുമതല ഏല്‍പ്പിക്കുകയെന്ന തീരുമാനം പാര്‍ട്ടി സ്വീകരിച്ചതോടെയാണ് ടി പി രാമകൃഷ്ണനിലേക്ക് ചുമതല എത്തുന്നത്. നേരത്തെ എ വിജയരാഘവനായിരുന്നു എല്‍ ഡി എഫ് കണ്‍വീനര്‍. വിജയരാഘവന് പൊളിറ്റ് ബ്യൂറോ അംഗമായതോടെയാണ് ഇ പി ജയരാജനിലേക്ക് കണ്‍വീനറുടെ ചുമതല കൈമാറിയെത്തുന്നത്.
പാര്‍ട്ടിയില്‍ പിണറായി കഴിഞ്ഞാല്‍ ഏറ്റവും കരുത്തനായിരുന്ന ഇ പി ജയരാജന്. അദ്ദേഹത്തിന് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തിന് പകരം നല്കിയതായിരുന്നു എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനം. എന്നാല്‍ കണ്‍വീറായി മാറാന്‍ ഇ പി ക്ക് ഒരിക്കലും മനസുകൊണ്ടു പറ്റിയിരുന്നില്ല. പാര്‍ട്ടിക്കും മേലെ അധികാരങ്ങളുണ്ടെന്ന് വിശ്വസിച്ചിരുന്ന ഇ പി ബി ജെ പി ബന്ധങ്ങളുടെ പേരില്‍ ഇ പി കാലിടറി വീണതോടെ തലമുറ മാറ്റമാണ് സി പി എമ്മില്‍ സംഭവിക്കുന്നത് എന്നുവേണം കരുതാന്‍. പുതിയ എല്‍ ഡി എഫ് കണ്‍വീനറായി ടി പി രാമകൃഷ്ണനെത്തുമ്പോള് അദ്ദേഹത്തിനു മുന്നില്‍ ഏറെ വലിയ കടമ്പകളാണുള്ളത്. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്, ആറുമാസത്തിനകം നടക്കേണ്ട അസംബ്ലി തിരഞ്ഞെടുപ്പ് എന്നിവയില്‍ വിജയിക്കാനായി മുന്നണിയെ ശക്തിപ്പെടുത്തുകയെന്ന ഭാരിച്ച ചുമതലയാണ് ഇനി ടി പിക്ക് മുന്നിലുള്ളത്.പാര്‍ട്ടി ഏല്‍പ്പിച്ച ഏത് ചുമതലയും ഏറ്റെടുക്കുമെന്നും പാര്‍ട്ടി അച്ചടക്കമാണ് ഏറ്റവും പ്രധാനമെന്നുമാണ് ടി പി രാമകൃഷ്ണന്റെ ആദ്യ പ്രതികരണം.