കാക്കനാട്: വാഹന നിയമലംഘനങ്ങള്‍ക്ക് കോടതി നടപടി നേരിടുന്നവര്‍, വാഹനം ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍, എ.ഐ. ക്യാമറ നിയമലംഘനത്തിന് നോട്ടീസ് കൈപ്പറ്റിയവര്‍, ട്രാഫിക് പോലീസ് പിടികൂടിയ മറ്റ് നിയമലംഘനങ്ങള്‍ തുടങ്ങിയ കേസുകളില്‍പെട്ടവർക്കെല്ലാം പിഴത്തുക അടയ്ക്കാന്‍ അവസരം.
മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി നടത്തുന്ന ഇ-ചെലാന്‍ അദാലത്തിന് ചൊവ്വാഴ്ച തുടക്കമാകും. ആര്.ടി. ഓഫീസുകളിലും സബ് ആര്.ടി. ഓഫീസുകളിലുമായി നടത്തുന്ന അദാലത്ത് ഫെബ്രുവരി ആറിന് അവസാനിക്കും. എറണാകുളം ആര്.ടി. ഓഫീസില്‍ മാത്രമായി നിയമലംഘനങ്ങള്‍ക്ക് 30,000 ഇ-ചെലാന്‍ കേസുകളാണ് പിഴത്തുക അടയ്ക്കാതെ കെട്ടിക്കിടക്കുന്നത്. 500 മുതല്‍ 25,000 രൂപവരെ പിഴയായി അടയ്ക്കാനുള്ളത് ഈ കൂട്ടത്തിൽ ഉണ്ട്.
റോഡ് നിയമം ലംഘിച്ചവര്‍ ചെലാന്‍ തുക നിശ്ചിത ദിവസത്തിനുള്ളില്‍ അടച്ചില്ലെങ്കില്‍ അവരുടെ വാഹനം കരിമ്പട്ടികയില്‍ ഉൾപ്പെടുത്തും. പിന്നീട് മറ്റ് നിയമനടപടികളിലേക്ക് കടക്കും. 2010 മുതല്‍ ഇത്തരത്തില്‍ നിരവധി വാഹനങ്ങളാണ് മോട്ടോര്‍ നിയമ നടപടിയില്‍ ഉൾപ്പെട്ടിരിക്കുന്നത്. എറണാകുളത്ത് സബ് ആര്.ടി. ഓഫീസുകളായ തൃപ്പൂണിത്തുറ, പറവൂര്‍, മട്ടാഞ്ചേരി, ആലുവ, അങ്കമാലി, എന്നിവിടങ്ങളിലും അദാലത്ത് നടക്കും.