തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ലഭിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ പിഴ അടച്ച് പത്തു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നൽകണമെന്ന് സംസ്ഥാന പൊലീസ് മേധാവി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നോട്ടീസ് നല്കി.അതുപോലെ പോലീസ് വാഹനങ്ങള്‍ ഓടിച്ച് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച പിഴ, അതത് ഉദ്യോഗസ്ഥരെക്കൊണ്ട് അടപ്പിച്ച ശേഷം റിപ്പോര്‍ട്ട് നൽകണമെന്നുമാണ് നിർദേശം.
കൂടാതെ എന്തുകൊണ്ടാണ് പിഴയടയ്ക്കാന്‍ വൈകിയത് എന്നതിനുള്ള കാരണവും വ്യക്തമാക്കണമെന്നും പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേശ് സാഹിബ് നിര്‍ദേശിച്ചു. കഴിഞ്ഞ വർഷം അവസാനം ഓരോ ജില്ലയിലും ലഭിച്ച ട്രാഫിക് നിയമലംഘന പിഴ സംബന്ധിച്ച് വിവരം നല്കാന് ബന്ധപ്പെട്ട ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് പൊലീസ് ആസ്ഥാനത്തുനിന്നു നിര്‍ദേശം നല്‍കിയിരുന്നു. എന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അത് വേണ്ടവിധത്തിൽ പരിഗണിച്ചില്ല. ഈ സാഹചര്യത്തിലാണ് ഇതുവരെയുള്ള പിഴയടച്ച് പത്തു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്കാന് പൊലീസ് മേധാവി നിര്‍ദേശിച്ചത്.