കല്പറ്റ: വയനാട് തലപ്പുഴ വനത്തിലെ വിവാദ മരം വെട്ടലില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. തലപ്പുഴയില്‍ സോളാര്‍ ഫെന്‍സ് സ്ഥാപിക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ 73 മരങ്ങള്‍ അനുമതിയില്ലാതെ മുറിച്ചതില്‍ വിവാദം തുടരുമ്പോഴാണ് പ്രത്യേകസംഘം അന്വേഷണം ഏറ്റെടുക്കുന്നത്. ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ നിയോഗിച്ച അന്വേഷണ സംഘം വനമേഖലയില്‍ മരങ്ങളുടെ ഇനവും മരക്കുറ്റികളുടെ അളവും പരിശോധിച്ചു. പത്ത് ദിവസത്തിന് ഉള്ളില്‍ അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
വനമേഖലയിലെ മരങ്ങള്‍ ഏതൊക്കെ മുറിച്ചു, എത്രയെണ്ണമാണ് മുറിച്ചത് തുടങ്ങിയവ കണ്ടെത്താനുള്ള പരിശോധന പൂര്‍ത്തിയായിട്ടുണ്ട്.
വിവിധയിടങ്ങളില്‍ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ചാണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. സംഭവത്തില്‍ അനുമതിയില്ലാതെ മരം മുറിച്ചതിന് 2 ഉദ്യോഗസ്ഥര്‍ സസ്പെന്‍ഷനിലാണ്.