വാഷിങ്ടണ്‍: യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റിന്റെ പ്രവര്‍ത്തനം നിര്‍ത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഇലോണ്‍ മസ്കിനും തിരിച്ചടി. ആയിരക്കണക്കിന് ഏജന്‍സി ജീവനക്കാരെ അവധിയില്‍ പ്രവേശിപ്പിക്കാനുള്ള തീരുമാനം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് ഫെഡറല്‍ ജഡ്ജി വിധിച്ചു. തൊഴിലാളികളുടെ അഭ്യര്‍ത്ഥന കണക്കിലെടുത്തല്ല തന്റെ ഉത്തരവെന്നും ജഡ്ജി പ്രത്യേകം പരാമര്‍ശിച്ചു.
വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ 2,200 പേരെ ശമ്പളത്തോട് കൂടിയ അവധിയില്‍ പ്രവേശിപ്പിക്കാനുള്ള നീക്കമാണ് നിര്‍ത്തിവെക്കാന്‍ ട്രംപ് നിയോഗിച്ച യുഎസ് ജില്ലാ ജഡ്ജി കാള്‍ നിക്കോളസ് രണ്ട് ഫെഡറല്‍ എംപ്ലോയീസ് അസോസിയേഷനൊപ്പം യോജിച്ചുനിന്ന് നിര്‍ദേശിച്ചത്.
അമേരിക്കന്‍ ഫോറിന് സര്‍വ്വീസ് അസോസിയേഷന്, അമേരിക്കന്‍ ഫെഡറേഷന് ഓഫ് ഗവണ്മെന്റ് എംപ്ലോയീസ് എന്നീ യൂണിയനുകളാണ് യുഎസ്എഐഡി അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ രംഗത്തെത്തിയത്.