അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ വാഹനങ്ങൾക്കും 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അമേരിക്കയിൽ നിർമ്മിക്കാത്ത എല്ലാ കാറുകൾക്കും 25 ശതമാനം താരിഫ് ഏർപ്പെടുത്താനാണ് തീരുമാനം. 2.5 ശതമാനത്തിൽ നിന്നാണ് 25 ശതമാനമാക്കി നികുതി ഉയർത്തിയിരിക്കുന്നത്.
ഏപ്രിൽ രണ്ട് മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. ഏപ്രിൽ മൂന്ന് മുതൽ നികുതി ഈടാക്കുമെന്നും അറിയിച്ചു. യുഎസ് വ്യാവസായിക മേഖലയെ പരിപോഷിപ്പിക്കാനും വരുമാനം വർധിപ്പിക്കാനുമാണ് പുതിയ തീരുമാനം. ഈ തീരുമാനത്തിൽ ഇലോൺ മസ്കിന് പങ്കില്ലെന്നും ട്രംപ് വിശദീകരിച്ചു. ചൈനയ്ക്ക് താരിഫുകളിൽ നേരിയ ഇളവ് ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ട്.