അബുദാബി: യുഎഇ പൗരന്മാര്ക്കും വിദേശ താമസക്കാര്‍ക്കും യുഎഇക്ക് പുറത്തു നിന്ന് സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കൊണ്ടു വരുന്നതിനുള്ള ‘ഫ്രണ്ട്സ് ആന്റ് റിലേറ്റീവ്സ് വിസ’ സംവിധാനത്തിനാണ് സര്‍ക്കാര്‍ രൂപം നല്കി. പ്രവാസികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ബന്ധങ്ങൾ ദൃഢമാക്കാനും വികസന പ്രവർത്തനങ്ങൾക്കു പുതിയ അവസരങ്ങൾ തിരിച്ചറിയാനുമാണ് പുതിയ വിസ സംവിധാനമെന്ന് യുഎഇ ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി വ്യക്തമാക്കി.
വിസയുടെ കാലാവധി 30 മുതൽ 90 ദിവസം വരെയാണ്. ആദ്യഘട്ടത്തില്‍ 60 ദിവസം വരെ നല്‍കും. ആവശ്യമെങ്കില്‍ 30 ദിവസത്തേക്ക് കൂടി നീട്ടാം. അപേക്ഷകര്‍ 6 മാസം കാലാവധിയുള്ള പാസ്പോര്‍ട്ട്, വിമാനടിക്കറ്റ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നിവയുള്ളവരായിരിക്കണം. സന്ദർശിക്കുന്നയാൾ യുഎഇയിൽ അവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ താമസിക്കുന്നുവെന്നതിന് തെളിവായി രേഖകൾ ഹാജരാക്കണം. വിസ അപേക്ഷകള്‍ നിരാകരിക്കുന്നതിനും ഫെഡറല്‍ അതോറിറ്റിക്ക് അധികാരമുണ്ട്. വിസയുടെ കാലാവധി തീർന്നാൽ ഉടൻ രാജ്യത്ത് നിന്ന് മടങ്ങണമെന്നും അല്ലെങ്കില്‍ ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്നും ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി ഉത്തരവില്‍ പറയുന്നു.