കരുനാഗപ്പള്ളി, പുനലൂർ, കുന്നത്തൂർ, കുണ്ടറ, ഇരവിപുരം, ചവറ, പത്തനാപുരം, കൊല്ലം മണ്ഡലങ്ങളിൽ യുഡിഎഫ്, കൊട്ടാരക്കര, ചാത്തന്നൂർ, ചടയമംഗലം മണ്ഡലങ്ങളിലേക്ക് എൽഡിഎഫ് ഒതുങ്ങും. നിയമസഭാ തെരഞ്ഞെടുപ്പിന് കേവലം ഒന്നര വർഷക്കാലം മാത്രം അവശേഷിക്കെ രാഷ്ട്രീയ പാർട്ടികളും മുന്നണികളും ജാഗ്രതയോടെയാണ് കരുക്കൾ നീക്കുന്നത്. ഇടതിന് പൊതുവേ അനുകൂലമായ ഒരു ജില്ലയാണ് കൊല്ലം. മറ്റ് പല ജില്ലകളിലും ഇടത് മണ്ഡലങ്ങൾ കടപുഴകിയ സാഹചര്യങ്ങളിൽ പോലും കൊല്ലം ഇടതുപക്ഷത്തോടൊപ്പം പക്ഷം പിടിച്ച ചരിത്രമാണുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും കേവലം രണ്ട് സീറ്റുകൾ മാത്രമാണ് യുഡിഎഫിന് ജില്ലയിൽ ലഭിച്ചത്.
കൊല്ലം, ഇരവിപുരം, ചാത്തന്നൂര്, ചവറ, പുനലൂര്, ചടയമംഗലം, കുണ്ടറ, കുന്നത്തൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര, പത്തനാപുരം നിയമസഭാ മണ്ഡലങ്ങളാണ് കൊല്ലം ജില്ലയിലുള്ളത്. ഇതിൽ കരുനാഗപ്പള്ളി, കുണ്ടറ മണ്ഡലങ്ങളിൽ ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും ഇടതു സ്ഥാനാർത്ഥികളാണ് വിജയിച്ചു വന്നത്. കഴിഞ്ഞതിന് തൊട്ടു മുൻപുള്ള തെരഞ്ഞെടുപ്പിൽ മുഴുവൻ മണ്ഡലങ്ങളിലും എൽഡിഎഫ് സ്ഥാനാർത്ഥികളായിരുന്നു വിജയിച്ചിരുന്നത്. അട്ടിമറിയിലൂടെ ആയിരുന്നു കരുനാഗപ്പള്ളിയിൽ സി ആർ മഹേഷും കുണ്ടറയിൽ പിസി വിഷ്ണുനാഥും വിജയിച്ചത്.
ഒന്നാം പിണറായി മന്ത്രിസഭയിലെ മന്ത്രിയായ മേഴ്സിക്കുട്ടിയമ്മയെ പരാജയപ്പെടുത്തിയായിരുന്നു പിസി വിഷ്ണുനാഥിന്റെ ആധികാരിക വിജയം. ബാക്കി മണ്ഡലങ്ങളിൽ ഏറെയും ഉയർന്ന ഭൂരിപക്ഷത്തോടെ ആയിരുന്നു ഇടതുമുന്നണി നേടിയെടുത്തത്. കൊല്ലത്തെ ചില മണ്ഡലങ്ങൾ ആകട്ടെ പരമ്പരാഗതമായി തന്നെ ഇടതുമുന്നണിക്കൊപ്പം നിലകൊള്ളുന്നതാണ്. ചാത്തന്നൂർ മണ്ഡലം ഇടതുപക്ഷത്ത് സിപിഐയുടെ കൈയിലുള്ള മണ്ഡലമാണ്. നിലവിൽ ജി എസ് ജയലാലാണ് എംഎൽഎ. അടുത്ത തവണ ചാത്തന്നൂരിൽ എന്തെങ്കിലും തരത്തിലുള്ള അട്ടിമറികൾക്കുള്ള സാധ്യത വളരെ കുറവാണ്. കഴിഞ്ഞ രണ്ടുതവണയായി കോൺഗ്രസ് സ്ഥാനാർത്ഥികൾ മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിട്ടുണ്ട്.
2016ൽ ഡോ.ശൂരനാട് രാജശേഖരനും 2021ൽ പീതാംബരക്കുറുപ്പും മൂന്നാം സ്ഥാനത്തേക്ക് എത്തിയിരുന്നു. ബിജെപി നേതാവ് ബി ബി ഗോപകുമാറാണ് കഴിഞ്ഞ രണ്ടുതവണയായി മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തേക്ക് എത്തുന്നത്. മറ്റ് അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ സിപിഐ തന്നെ മണ്ഡലം നിലനിർത്തുവാൻ ആണ് ഏറെ സാധ്യത. ചടയമംഗലം മണ്ഡലത്തിലേക്ക് വന്നു കഴിഞ്ഞാൽ ചടയമംഗലവും പുനലൂരും ലീഗും കോൺഗ്രസും തമ്മിൽ പരസ്പരം വെച്ചു മാറുവാനുള്ള ചർച്ചകൾ സജീവമായി നടക്കുന്നുണ്ട്. ചടയമംഗലം ലീഗ് ഏറ്റെടുത്താൽ വിജയിക്കുവാൻ കഴിയുമെന്ന് യുഡിഎഫിലെ ചിലരെങ്കിലും പറയുന്നുണ്ട്. നിലവിൽ ലീഗ് മത്സരിക്കുന്നത് പുനലൂർ മണ്ഡലത്തിലാണ്. പുനലൂരിനേക്കാൾ ലീഗിന് കരുത്തുള്ളത് ചടയമംഗലത്താണ്. അതേസമയം പുനലൂരിൽ മത്സരിക്കുവാൻ കോൺഗ്രസിനുള്ളിൽ മികച്ച നേതാക്കളുമുണ്ട്. എന്നാൽ ചടയമംഗലത്തേക്ക് വരുമ്പോൾ കോൺഗ്രസിനുള്ളിൽ മികച്ച നേതാക്കളുടെ അഭാവം പ്രകടമാണ്. മണ്ഡലത്തിന് പുറത്തുനിന്നുള്ള പല നേതാക്കളും എത്തി മത്സരിക്കുന്നത് കോൺഗ്രസിനും യുഡിഎഫിനും യാതൊരു ഗുണവും മണ്ഡലത്തിൽ നൽകുന്നതുമില്ല.
നിലവിൽ മന്ത്രി കൂടിയായ ചിഞ്ചു റാണിയാണ് ചടയമംഗലത്തെ എംഎൽഎ. സിപിഐക്ക് തുടർച്ചയായി ലഭിക്കുന്ന സീറ്റാണ് ചടയമംഗലം. കഴിഞ്ഞതവണ കെപിസിസി ജനറൽ സെക്രട്ടറിയായ എം എം നസീർ ആയിരുന്നു ചിഞ്ചു റാണിയോട് പരാജയപ്പെട്ടത്. മണ്ഡലത്തിൽ ബിജെപിയുടെ സാന്നിധ്യം കുറവാണ്. കോൺഗ്രസ് മത്സരിച്ചാലും ലീഗ് മത്സരിച്ചാലും ചടയമംഗലത്തും അടുത്ത തവണ മറ്റ് അത്ഭുതങ്ങൾക്കൊന്നും സാധ്യതയില്ല. അതേസമയം സിപിഐ മികച്ചൊരു സ്ഥാനാർത്ഥിയെ കണ്ടെത്തിയില്ലെങ്കിൽ വിജയം അവർക്ക് അത്രകണ്ട് അനായാസം ആകുവാനും സാധ്യതയില്ല. കൊട്ടാരക്കര മണ്ഡലത്തിലേക്ക് വന്നാൽ അവിടെയും വലിയ തോതിലുള്ള അട്ടിമറിക്ക് സാധ്യതയില്ല. നിലവിൽ മന്ത്രി കൂടിയായ കെ എൻ ബാലഗോപാലാണ് എംഎൽഎ. ജില്ലാ പഞ്ചായത്ത് മെമ്പർ കൂടിയായ ജനകീയ വനിതാ നേതാവായ കോൺഗ്രസിന്റെ ആർ രശ്മിയായിരുന്നു കഴിഞ്ഞ തവണ ബാലഗോപാലിന്റെ എതിരാളി. കനത്ത മത്സരം കാഴ്ചവെച്ചെങ്കിലും ബാലഗോപാൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുകയായിരുന്നു. മുൻ സിപിഎം എംഎൽഎ അയിഷപോറ്റി കോൺഗ്രസിലേക്ക് കടന്നു വരുന്നു എന്ന ചർച്ചകൾ ഇപ്പോൾ സജീവമാണ്. ആ ചർച്ചകൾ യാഥാർത്ഥ്യമായാലും മണ്ഡലം ഇടതു തന്നെ നിലനിർത്തുവാൻ ആണ് ഏറെയും സാധ്യത. മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളും നിലവിൽ ഭരിക്കുന്നത് എൽഡിഎഫ് തന്നെയാണ്. മണ്ഡലത്തിലെ സിപിഎമ്മിനുള്ളിൽ വിഭാഗീയ പ്രശ്നങ്ങളും നന്നേ കുറവാണ്. എന്നാൽ കോൺഗ്രസിലേക്ക് വരുമ്പോൾ പ്രദേശത്ത് കടുത്ത വിഭാഗീയ പ്രവർത്തനങ്ങൾ നിലനിൽക്കുന്നുണ്ട്. മാത്രവുമല്ല മികച്ച ഒരു സ്ഥാനാർത്ഥിയെ കണ്ടെത്തുന്നതിലും ചില കടമ്പകളുമുണ്ട്.
കുന്നത്തൂർ മണ്ഡലത്തിലേക്ക് വന്നാൽ നിലവിൽ എൽഡിഎഫിന്റെ ഭാഗമായ ആർഎസ്പി ലെനിനിസ്റ്റ് നേതാവായ കോവൂർ കുഞ്ഞുമോനാണ് എംഎൽഎ. കുറേ വർഷങ്ങളായി കോവൂർ കുഞ്ഞുമോൻ തന്നെയാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. എൽഡിഎഫിന്റെ ഭാഗമായ ആർഎസ്പി യുഡിഎഫിലേക്ക് വന്നപ്പോഴും പുതിയ പാർട്ടി ഉണ്ടാക്കി കുഞ്ഞുമോൻ ഇടതുപക്ഷത്തു തന്നെ നിലകൊള്ളുകയായിരുന്നു. അടുത്ത തവണ കുഞ്ഞുമോന് തന്നെ ഇടതുപക്ഷം സീറ്റ് നൽകുമോ എന്നത് വ്യക്തമല്ല. ഇനി സീറ്റ് നൽകിയാലും കുഞ്ഞുമോനും ഇടതുപക്ഷവും ജയിക്കാനുള്ള സാധ്യതകൾ നന്നേ കുറവാണ്. കഴിഞ്ഞതവണ യുഡിഎഫ് സ്ഥാനാർഥി ഉല്ലാസ് കോവൂർ പരാജയപ്പെട്ടത് വളരെ കുറഞ്ഞ വോട്ടുകൾക്കാണ്. പരാജയത്തിന് ശേഷവും ഉല്ലാസ് മണ്ഡലത്തിൽ സജീവമാണ്. ആർഎസ്പി സ്ഥാനാർത്ഥി കൂടിയായ ഉല്ലാസ് 2026ലെ തെരഞ്ഞെടുപ്പിൽ കുന്നത്തൂർ എന്ന കടമ്പ കടക്കുമെന്നാണ് സൂചന.
കൊല്ലം നഗരവുമായി ചേർന്ന് കിടക്കുന്ന മണ്ഡലമാണ് ഇരവിപുരം. കാലങ്ങളോളം യുഡിഎഫിനെ പിന്തുണച്ച മണ്ഡലം. എന്നാൽ കഴിഞ്ഞ രണ്ടുതവണയായി ഇടതുപക്ഷമാണ് മണ്ഡലത്തിൽ നിന്നും വിജയിച്ചു വരുന്നത്. എം നൗഷാദ് ആണ് നിലവിൽ എംഎൽഎ. ആർഎസ്പിയുടെ കൈയിൽ ഉണ്ടായിരുന്ന സീറ്റ് ലീഗ് കഴിഞ്ഞ തവണ ഏറ്റെടുക്കുകയായിരുന്നു. മുമ്പ് ആർഎസ്പി നേതാവായിരുന്ന എ എ അസീസ് മണ്ഡലത്തിലെ യുഡിഎഫ് എംഎൽഎ ആയിരുന്നു. ഇരവിപുരത്ത് മികച്ച ഒരു യുവ സ്ഥാനാർത്ഥിയെ നിർത്തുവാൻ യുഡിഎഫിന് കഴിഞ്ഞാൽ അനായാസം മണ്ഡലം തിരികെ പിടിക്കാം. അടുത്ത തവണ മണ്ഡലം ഇടതിനൊപ്പം നിൽക്കുവാനുള്ള സാധ്യത വളരെ കുറവാണ്. വലിയതോതിലുള്ള ജനവികാരം സ്ഥലം എംഎൽഎ ക്കെതിരെയും മണ്ഡലത്തിൽ ഉണ്ട്.
കൊല്ലം നിയോജകമണ്ഡലത്തിലേക്ക് വന്നാൽ മുകേഷിനെതിരെ കടുത്ത എതിർപ്പ് എല്ലാ വിഭാഗം ജനങ്ങൾക്കും ഉണ്ട്. സിപിഎം പ്രവർത്തകർക്ക് പോലും ഉൾക്കൊള്ളാൻ കഴിയാത്ത ജനപ്രതിനിധിയായി മുകേഷ് മാറിയിരിക്കുന്നു. കോൺഗ്രസ് മികച്ച സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചാൽ കൊല്ലവും ഇങ്ങു പോന്നേക്കും. മിക്കവാറും ബിന്ദു കൃഷ്ണയെ വീണ്ടും കോൺഗ്രസ് മത്സരിപ്പിച്ചാൽ വിജയക്കൊടി പാറിയേക്കും. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ബിന്ദു നഗരത്തിലെ സമരമുഖങ്ങളിലെ സജീവ സാന്നിധ്യമാണ്. ബിജെപിക്ക് കാര്യമായ പ്രസക്തി ഇരവിപുരം കൊല്ലം മണ്ഡലത്തിലും ഇല്ലെന്നത് കോൺഗ്രസിനും യുഡിഎഫിനും ഗുണകരമായി മാറുകയും ചെയ്യും.
പത്തനാപുരം നിയോജക മണ്ഡലവും അടുത്ത തവണ ഗണേശനൊപ്പം നിലകൊള്ളുവാനുള്ള സാധ്യത വളരെ കുറവാണ്. കഴിഞ്ഞതവണ മത്സരിച്ചു പരാജയപ്പെട്ട കോൺഗ്രസിലെ ജ്യോതികുമാർ ചാമക്കാല തന്നെ ഈ വർഷവും മത്സരിച്ചേക്കാം. മണ്ഡലത്തിലെ സ്വീകാര്യതയും ഗണേശനോടുള്ള എതിർപ്പും പണ്ടത്തെപ്പോലെ പിആർ വർക്കുകൾ നടക്കാത്തതും ജ്യോതികുമാർ ചാമക്കാലയ്ക്ക് അനുകൂലമായ ഘടകങ്ങളാണ്. മികച്ച ഭൂരിപക്ഷത്തിൽ തന്നെ മണ്ഡലത്തിൽ യുഡിഎഫ് വിജയിക്കുന്നതിനുള്ള സാധ്യതയാണ് സിപിഎമ്മുകാർ പോലും പങ്കുവെക്കുന്നത്.
കുണ്ടറ മണ്ഡലത്തിൽ മറ്റ് അത്ഭുതങ്ങൾക്കൊന്നും അടുത്ത തെരഞ്ഞെടുപ്പിൽ സാധ്യതയില്ല. പി സി വിഷ്ണുനാഥിനെ മികച്ച എംഎൽഎ എന്ന നിലയിൽ ജനങ്ങൾ സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു. മികച്ചൊരു യുവ നേതാവിനെ സിപിഎം മത്സരിപ്പിച്ചാൽ എന്തെങ്കിലും തരത്തിലുള്ള അട്ടിമറി നടന്നേക്കാം എന്നതല്ലാതെ മണ്ഡലം വിഷ്ണുനാഥിന് സേഫ് ആണ്. ചവറ മണ്ഡലത്തെ പരിശോധിച്ചാൽ സുജിത്ത് വിജയൻപിള്ളയ്ക്ക് അടുത്ത തവണ അനായാസം വിജയിക്കുവാൻ കഴിയില്ല. മണ്ഡലത്തിലെ മത-ജാതി സമവാക്യങ്ങൾ ആയിരുന്നു സുജിത്തിനെ വിജയിപ്പിച്ചിരുന്നത്. ഷിബു ബേബി ജോൺ തന്നെ വീണ്ടും മത്സരത്തിന് ഇറങ്ങി മണ്ഡലം തിരികെ പിടിക്കുവാൻ കഴിയുമെന്ന് യുഡിഎഫ് നേതൃത്വം കരുതുന്നു. സർക്കാരിനെതിരായ കടുത്ത എതിർപ്പും മണ്ഡലത്തിലെ കുടിവെള്ളക്ഷാമവും വികസന മുരടിപ്പുമെല്ലാം സജീവ ചർച്ചയാണ്. കോൺഗ്രസിനുള്ളിലും മുൻ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ അരുൺരാജിനെ പോലെയുള്ള മികച്ച സ്ഥാനാർത്ഥികൾ ഉണ്ടെങ്കിലും ആർഎസ്പി തന്നെ വീണ്ടും മത്സരിക്കുവാൻ ആണ് സാധ്യത. കരുനാഗപ്പള്ളി മണ്ഡലത്തിൽ നിലവിലെ എംഎൽഎ സി ആർ മഹേഷ് തന്നെ വീണ്ടും കോൺഗ്രസിന് വേണ്ടി മത്സരിക്കുവാനും വിജയിക്കുവാനും ആണ് സാധ്യത. അഞ്ചുവർഷക്കാലം കൊണ്ട് തന്നെ മണ്ഡലത്തിലെ ജനങ്ങളുടെ പരമാവധി സ്വീകാര്യത നേടുവാൻ സി ആർ മഹേഷിന് കഴിഞ്ഞിരിക്കുന്നു. മണ്ഡലത്തിലെ ജനങ്ങളെയും അവരുടെ പ്രശ്നങ്ങളും മാത്രം നോക്കി നിലകൊള്ളുന്ന ഒരാൾ എന്ന നിലയിൽ ജനങ്ങൾക്ക് സി ആർ അവരുടെ പ്രിയപ്പെട്ട എംഎൽഎയാണ്.
പുനലൂരിലേക്ക് വരുമ്പോൾ ലീഗിൽ നിന്നും മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കുമ്പോൾ മികച്ചൊരു സ്ഥാനാർത്ഥിയെ രംഗത്തിറക്കുവാനാണ് പാർട്ടി ആലോചിക്കുന്നത്. സ്ഥാനാർത്ഥിയുടെ ജനസീകാര്യത മണ്ഡലത്തിൽ യുഡിഎഫിന് അനുകൂലമായ തരംഗം സൃഷ്ടിക്കുമെന്നും കോൺഗ്രസ് കരുതുന്നു. യുഡിഎഫും എൽഡിഎഫും ഇപ്പോൾതന്നെ മണ്ഡലങ്ങൾ കയ്യിലൊതുക്കുന്നതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. കോൺഗ്രസ് നേതൃത്വം സി ആർ മഹേഷിന്റെ വിജയമാണ് മറ്റു മണ്ഡലങ്ങളിലും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നത്. ജില്ലയിൽ പലയിടത്തും സിപിഎമ്മും സിപിഐയും തമ്മിൽ കടുത്ത വിഭാഗീയത നിലനിൽക്കുന്നുണ്ട്. ആ വിഭാഗീയത യുഡിഎഫിന് പല മണ്ഡലങ്ങളിലും അനുകൂലമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. അപ്പോഴും ബിജെപിയുടെ വോട്ടുകൾ മണ്ഡലത്തിലെ ജയപരാജയങ്ങളെ നിർണയിക്കും എന്നതിൽ തർക്കമില്ല.