നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശം മുന്നണികളിലും പാർട്ടികളിലും ഇപ്പോൾതന്നെ പ്രകടമാണ്. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ആണ് ആദ്യം വരുന്നതെങ്കിലും നിയമസഭ ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങൾ തന്നെയാണ് പാർട്ടികൾ നടത്തുന്നത്. ഓരോ മുന്നണികൾക്കും അതിൽ ഉൾപ്പെട്ട രാഷ്ട്രീയപാർട്ടികൾക്കും വരുന്ന തെരഞ്ഞെടുപ്പ് അത്രമേൽ നിർണായകമാണ്. ഓരോ ജില്ലയിലും പരമാവധി സീറ്റുകൾ നേടിയെങ്കിൽ മാത്രമേ അധികാരത്തിലേക്ക് എത്തുവാൻ കഴിയുള്ളൂവെന്ന് നേതൃത്വങ്ങൾ മനസ്സിലാക്കുന്നു. കണ്ണൂർ ജില്ലയിൽ ആകെയുള്ള 11 സീറ്റുകളിൽ രണ്ടിടങ്ങളിൽ മാത്രമാണ് യുഡിഎഫ് വിജയിച്ചു നിൽക്കുന്നത്. ബാക്കിയുള്ള 9 ഇടങ്ങളിലും എൽഡിഎഫ് എംഎൽഎമാരാണ് ഉള്ളത്. അക്ഷരാർത്ഥത്തിൽ സിപിഎമ്മിന്റെ കോട്ടകളിൽ ഒന്നാണ് കണ്ണൂർ. രാജ്യത്തുതന്നെ സിപിഎമ്മിന് ഏറ്റവും അധികം സംഘടനാ ശക്തിയുള്ള ജില്ല കണ്ണൂരാണ്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഉൾപ്പെടെ സിപിഎമ്മിന്റെ ഉന്നത നേതാക്കൾ എല്ലാം കണ്ണൂരുകാരാണ്.
കണ്ണൂർ രാഷ്ട്രീയം എന്നാൽ സിപിഎമ്മിന്റെ രാഷ്ട്രീയമെന്ന് എല്ലാ കാലഘട്ടങ്ങളിലും പൊതുവേ പറയപ്പെടാറുണ്ട്. വരുന്ന തെരഞ്ഞെടുപ്പിലും കണ്ണൂരിനെ ചുവപ്പ് കോട്ടയായി തന്നെ നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ് സിപിഎം ഏകോപിപ്പിക്കുന്നത്. അതേസമയം ചുവന്ന കോട്ടകളിൽ പരമാവധി പ്രവർത്തിച്ച വിജയം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ഇടപെടലുകളാണ് കോൺഗ്രസും യുഡിഎഫും നടത്തുന്നത്. യുഡിഎഫിന്റെ കൈവശമുള്ള രണ്ടു മണ്ഡലങ്ങൾ പേരാവൂരും ഇരിക്കൂറുമാണ്. പേരാവൂരിൽ അഡ്വ. സണ്ണി ജോസഫ് ആണ് നിലവിൽ എംഎൽഎ. ഇരിക്കൂറിൽ സജീവ് ജോസഫ് ആണ് എംഎൽഎ. ഇരുവരും കോൺഗ്രസിന്റെ പ്രതിനിധികളാണ്. മലയോരപ്രദേശങ്ങൾ രണ്ടു മണ്ഡലങ്ങളുടെയും ജനകീയ വികാരം യുഡിഎഫിനൊപ്പം തന്നെയാണ്. അടുത്ത തെരഞ്ഞെടുപ്പിലും ഇരിക്കൂറും പേരാവൂറും യുഡിഎഫിന് ഒപ്പം തന്നെ ഉറച്ചു നിൽക്കുവാനാണ് സാധ്യത. മണ്ഡലത്തിൽ സ്ഥാനാർത്ഥികളിൽ മാറ്റവും ഉണ്ടാകുവാൻ വഴിയില്ല. കോൺഗ്രസിന് വേണ്ടി സണ്ണി ജോസഫും സജീവ് ജോസഫും തന്നെ വീണ്ടും മത്സരിക്കുമെന്നത് ഏറെക്കുറെ ഉറപ്പാണ്.
അടുത്തതായി മട്ടന്നൂർ മണ്ഡലത്തിലേക്ക് വന്നാൽ കെ കെ ശൈലജ അടുത്ത തവണ മത്സരത്തിന് ഉണ്ടാവാൻ സാധ്യതയില്ല. ഒന്നാം പിണറായി മന്ത്രിസഭയിൽ ഏറ്റവും മികച്ച മന്ത്രിയായിരുന്നിട്ടും രണ്ടാം പിണറായി സർക്കാരിൽ ഇടം ലഭിക്കാത്ത ഒരാൾ കൂടിയായിരുന്നു ശൈലജ ടീച്ചർ . കോവിഡ് എന്ന മഹാമാരിക്കെതിരായ ശൈലജ ടീച്ചറുടെ പോരാട്ടം വിജയം കണ്ടെങ്കിലും തൊട്ടടുത്ത പിണറായി വിജയൻ സർക്കാരിൽ ശൈലജ ടീച്ചർ മന്ത്രിയായില്ലെന്നത് ശ്രദ്ധേയമായിരുന്നു. രണ്ടുതവണയിൽ കൂടുതൽ മത്സരരംഗത്ത് വന്നു എന്നതാണ് ശൈലജ ടീച്ചറെ അടുത്ത തവണ മാറ്റി നിർത്തുവാൻ കാരണം.കേരള നിയമസഭയിലെ തന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെ ആയിരുന്നു ശൈലജ ടീച്ചർ കഴിഞ്ഞതവണ നിയമസഭയിലേക്ക് എത്തിയത്. ആ ഭൂരിപക്ഷം തന്നെ അവരുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ആയിരുന്നു. പൊതുജനങ്ങൾ അവരുടെ പ്രവർത്തനങ്ങളെ അംഗീകരിച്ചപ്പോൾ പാർട്ടി വേണ്ട പരിഗണന ശൈലജയ്ക്ക് നൽകിയതേയില്ല. മുൻ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റും നിലവിൽ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമായ അനുശ്രീ ശൈലജയ്ക്ക് പകരം മട്ടന്നൂരിൽ മത്സരിച്ചേക്കും. സ്വാഭാവികമായും ഇടതുപക്ഷത്തിന് ഒപ്പം നിൽക്കുന്ന മണ്ഡലം അനുശ്രീ എന്ന ചെറുപ്പക്കാരിയായ നേതാവിന്റെ സാന്നിധ്യം കൊണ്ട് കൂടി സിപിഎമ്മിന് തന്നെ അനായാസം ലഭിക്കാവുന്നതേയുള്ളൂ.
കൂത്തുപറമ്പ് മണ്ഡലത്തിലേക്ക് വന്നാൽ ലോക്താന്ത്രിക് ജനതാദളിലെ കെ പി മോഹനനാണ് നിലവിൽ എംഎൽഎ. ഇടതുപക്ഷത്തിന്റെ ഭാഗമായി മത്സരിച്ച അദ്ദേഹം 9541 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആയിരുന്നു കഴിഞ്ഞതവണ ലീഗിനെ പരാജയപ്പെടുത്തി വിജയം നേടിയത്. നിലവിൽ ലീഗിന്റെ കൈവശമുള്ള സീറ്റിൽ കോൺഗ്രസിന്റെ ഏതെങ്കിലും മികച്ച സ്ഥാനാർഥി മത്സരിച്ചാൽ അനായാസം വിജയം നേടാവുന്നതേയുള്ളൂ. എന്നാൽ നിലവിലെ സാഹചര്യത്തിൽ ലീഗ് മണ്ഡലം വിട്ടുകൊടുക്കുവാൻ സാധ്യതയില്ല. അതുകൊണ്ടുതന്നെ മട്ടന്നൂരിൽ അടുത്ത തവണയും എൽഡിഎഫ് തന്നെ വിജയിക്കുവാനാണ് സാധ്യത. തലശ്ശേരി മണ്ഡലത്തിലേക്ക് വന്നാൽ നിലവിൽ സ്പീക്കർ ആയ എ എൻ ഷംസീറാണ് എംഎൽഎ. അടുത്ത തെരഞ്ഞെടുപ്പിലും തലശ്ശേരി സിപിഎം തന്നെ നിലനിർത്തുവാനാണ് സാധ്യത. കോൺഗ്രസിനെ സംബന്ധിച്ച് മികച്ച ഒരു സ്ഥാനാർത്ഥിയുടെ അഭാവം മണ്ഡലത്തിൽ ഉണ്ട്. മാത്രവുമല്ല കൃത്യമായ ഇടത് വോട്ടുകൾ ഉള്ള മണ്ഡലത്തിൽ കോൺഗ്രസ് വിജയിക്കുക അത്രകണ്ട് എളുപ്പവുമല്ല.
ധർമ്മടം മണ്ഡലത്തിലേക്ക് വന്നാൽ മുഖ്യമന്ത്രി പിണറായി വിജയനാണ് നിലവിലെ എംഎൽഎ. അടുത്ത തെരഞ്ഞെടുപ്പിലും പിണറായി വിജയൻ തന്നെ മത്സരിക്കുവാനും വിജയിക്കുവാനും ആണ് ഏറ്റവും അധികം സാധ്യത. അതേസമയം വരുന്ന തിരഞ്ഞെടുപ്പിൽ കഴിഞ്ഞതവണ ലഭിച്ച ഭൂരിപക്ഷം കിട്ടുവാൻ സാധ്യതയില്ല. ജനങ്ങൾക്കിടയിൽ സർക്കാരിനോടുള്ള എതിർപ്പ് തെരഞ്ഞെടുപ്പിൽ പ്രകടമാകും. അപ്പോഴും മണ്ഡലത്തിൽ എൽഡിഎഫ് തന്നെ വിജയിക്കുവാനാണ് സാധ്യതയുള്ളത്. ഏതെങ്കിലും തരത്തിൽ കണ്ണൂർ ജില്ലയിൽ അട്ടിമറി വിജയത്തിന് സാധ്യതയുള്ള മണ്ഡലങ്ങളിൽ ഒന്നാണ് കണ്ണൂർ. നിലവിൽ കോൺഗ്രസ് എസിന്റെ കടന്നപ്പള്ളി രാമചന്ദ്രനാണ് കണ്ണൂരിലെ എംഎൽഎ. അടുത്ത തവണ സ്വാഭാവികമായും കടന്നപ്പള്ളി രാമചന്ദ്രൻ മത്സരത്തിൽ നിന്നും വിട്ടു നിൽക്കുവാനാണ് സാധ്യത. അങ്ങനെ വരുമ്പോൾ മണ്ഡലം സിപിഎം ഏറ്റെടുത്തേക്കും. ഇനി ഏറ്റെടുത്താലും ഇല്ലെങ്കിലും കോൺഗ്രസ് ഒരു യുവ നേതാവിനെയാണ് മണ്ഡലത്തിൽ മത്സരിപ്പിക്കുവാൻ ഉദ്ദേശിക്കുന്നത്. ഇതോടെ കണ്ണൂരിനെ പിടിച്ചെടുക്കുവാൻ അനായാസം കഴിയുമെന്ന് കോൺഗ്രസ് കരുതുന്നു.
നിലവിൽ കണ്ണൂർ നഗരസഭ ഭരിക്കുന്നത് കോൺഗ്രസ്സാണ്. അത്രമേൽ സംഘടനാ സംവിധാനം കണ്ണൂരിൽ കോൺഗ്രസിനുണ്ട്. അഴീക്കോട് മണ്ഡലം പരിശോധിച്ചാൽ ലീഗിൽ നിന്നും അട്ടിമറി വിജയത്തിലൂടെയാണ് സിപിഎം മണ്ഡലം പിടിച്ചെടുത്തത്. കെഎം ഷാജിയെ പരാജയപ്പെടുത്തിയിരുന്നു കെ വി സുമേഷ് വിജയിച്ചത്. അടുത്ത തവണ കെ എം ഷാജി അഴീക്കോട് മത്സരിച്ചാൽ മണ്ഡലം അനായാസം പിടിച്ചെടുക്കാൻ കഴിയും. കഴിഞ്ഞതവണ ലീഗിലെ ചില പ്രശ്നങ്ങളാണ് മണ്ഡലം കൈവിട്ടു പോകുവാൻ കാരണമായത്. തളിപ്പറമ്പ് മണ്ഡലത്തിലേക്ക് വന്നാൽ നിലവിലെ സിപിഎം സംസ്ഥാന സെക്രട്ടറിയായ എം വി ഗോവിന്ദൻ ആണ് എംഎൽഎ. അടുത്ത തെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കുന്നില്ലെങ്കിലും സിപിഎമ്മിന് മികച്ച മത്സരം കാഴ്ചവെക്കുവാനും എളുപ്പത്തിൽ വിജയിക്കുവാനും കഴിയുന്ന മണ്ഡലമാണ് തളിപ്പറമ്പ്. ഇവിടെ മറ്റ് അത്ഭുതങ്ങൾക്കൊന്നും സാധ്യതയില്ലെന്ന് വേണം പറയാൻ.
കല്യാശേരി മണ്ഡലത്തിൽ നിലവിൽ സിപിഎം യുവ നേതാവ് എം വിജിൻ ആണ് എംഎൽഎ. പയ്യന്നൂർ മണ്ഡലത്തിലേക്ക് വന്നാൽ ടി ഐ മധുസൂദനൻ ആണ് എംഎൽഎ. ഇരുമണ്ഡലങ്ങളും ഉറച്ച സിപിഎം കോട്ടകൾ തന്നെയാണ്. ആ കോട്ടകൾ ഇളക്കുക എന്നത് യുഡിഎഫിനെ സംബന്ധിച്ച് അത്രമേൽ എളുപ്പമായ കാര്യമല്ല. മത്സരം കാഴ്ചവെക്കാൻ ആണ് കണ്ണൂരിലെ പല മണ്ഡലങ്ങളിലും കോൺഗ്രസ് ഇപ്പോൾ പരിശ്രമിക്കുന്നത്. പാർട്ടിക്ക് പുറത്തുനിന്നുള്ള പൊതു സ്വീകാര്യതയുള്ള ആളുകളെ മത്സരിപ്പിച്ച് മണ്ഡലങ്ങൾ പിടിച്ചെടുക്കുവാനും യുഡിഎഫ് ആലോചിക്കുന്നുണ്ട്. നിലവിൽ കണ്ണൂർ ജില്ലയിലെ മണ്ഡലങ്ങൾ പരിശോധിക്കുമ്പോൾ ഇപ്പോഴുള്ള സീറ്റുകളിൽ രണ്ടെണ്ണം മാത്രമാണ് അധികമായി യുഡിഎഫിന് കിട്ടുവാൻ സാധ്യത.