നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പ്രവർത്തനങ്ങൾ മുന്നണികളും പാർട്ടികളും സജീവമാകുകയാണ്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് കൂടി മാറ്റം വന്നതോടെ ബിജെപിയും പ്രവർത്തനങ്ങളുമായി കളം നിറഞ്ഞിരിക്കുകയാണ്. നിലവിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നാൽ മണ്ഡലങ്ങളിൽ ആരൊക്കെ വിജയിക്കുമെന്നത് WHITESWAN TV പരിശോധിച്ചു വരികയായിരുന്നു. പൊതുജനങ്ങളിൽ നിന്നും രാഷ്ട്രീയ നിരീക്ഷകരിൽ നിന്നും അഭിപ്രായങ്ങൾ സ്വരൂപിച്ച ശേഷമാണ് മണ്ഡലങ്ങളുടെ വിശകലനം whiteswan tv നടത്തിയിട്ടുള്ളത്. മറ്റു പതിമൂന്ന് ജില്ലകളിലെയും വിശകലനം പൂർത്തിയാക്കി മലപ്പുറം ജില്ലയിലേക്ക് കടക്കുകയാണ് ഇപ്പോൾ.
16 മണ്ഡലങ്ങളാണ് മലപ്പുറം ജില്ലയിലുള്ളത്. ഈ 16 മണ്ഡലങ്ങളിൽ ഭൂരിഭാഗം മണ്ഡലങ്ങളിലും യുഡിഎഫിന്റെ എംഎൽഎമാർ ആണുള്ളത്. പൊന്നാനിയിലും തവനൂരിലും നിലമ്പൂരും താനൂരും മാത്രമായിരുന്നു ഇടതുപക്ഷത്തിന് വിജയിക്കുവാൻ കഴിഞ്ഞിരുന്നത്. ഇതിൽ നിലമ്പൂർ മണ്ഡലം ഇപ്പോൾ ഒഴിഞ്ഞുകിടക്കുകയാണ്. കൊണ്ടോട്ടി മണ്ഡലം മണ്ഡല രൂപീകരണം മുതൽക്കേ ലീഗ് സ്ഥിരമായി വിജയിച്ചു വരുന്ന മണ്ഡലമാണ്. നിലവിൽ ടി വി ഇബ്രാഹിം ആണ് എംഎൽഎ. വരുന്ന തെരഞ്ഞെടുപ്പിലും വലിയ ഭൂരിപക്ഷത്തിൽ തന്നെ ലീഗ് വിജയിക്കാനുള്ള സാധ്യതയാണ് കൊണ്ടോട്ടിയിൽ കാണുന്നത്. ഏറനാട് മണ്ഡലത്തിലേക്ക് വന്നാൽ ലീഗ് നേതാവും എംഎൽഎയുമായ പി കെ ബഷീറിനെ പറ്റി മികച്ച അഭിപ്രായമാണ് ജനങ്ങൾക്കിടയിൽ ഉള്ളത്.
നിയമസഭയിലും പുറത്തും സർക്കാരിനെതിരായ വിമർശനങ്ങൾക്ക് തന്റെതായ ശൈലി നൽകുന്ന നേതാവാണ് പി കെ ബഷീർ. അദ്ദേഹത്തിലൂടെ തന്നെ ഏറനാട്ടിൽ ലീഗ് തന്നെ വിജയം നിലനിർത്തുവാനാണ് സാധ്യത. വണ്ടൂരിലേക്ക് വന്നാൽ കോൺഗ്രസിന്റെ കൈവശമുള്ള ഏക മണ്ഡലമാണ് വണ്ടൂർ. സംസ്ഥാനത്തെ കോൺഗ്രസിന്റെ അവസാനവാക്കായ കെസി വേണുഗോപാലുമായി അടുത്ത ബന്ധമുള്ള നേതാവാണ് എ പി അനിൽകുമാർ. വണ്ടൂരിൽ അടുത്ത തവണയും അനിൽകുമാർ തന്നെ മത്സരിക്കുവാനും വിജയിക്കുവാനും ഉള്ള സാധ്യതയാണ് കാണുന്നത്.
മഞ്ചേരി മണ്ഡലം പരിശോധിച്ചാൽ ലീഗിന്റെ കൈവശമുള്ള മണ്ഡലത്തിൽ യുഎ ലത്തീഫ് ആണ് നിലവിൽ എംഎൽഎ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ലീഗ് തന്നെയാണ് മഞ്ചേരിയിൽ നിന്നും വിജയിച്ചു വരുന്നത്. അതിനുമുമ്പ് കോൺഗ്രസും മണ്ഡലത്തിൽ മത്സരിച്ചിട്ടുണ്ട്. അപ്പോഴും ഇപ്പോഴും വിജയം യുഡിഎഫിന് ഒപ്പം തന്നെയായിരുന്നു. അതുതന്നെ വരുന്ന തെരഞ്ഞെടുപ്പിലും ആവർത്തിക്കുവാനാണ് സാധ്യത.
പെരിന്തൽമണ്ണ മണ്ഡലത്തിലേക്ക് വന്നാൽ മുസ്ലിംലീഗിന്റെ തന്നെ നജീബ് കാന്തപുരം ആണ് നിലവിൽ എംഎൽഎ. വളരെ ചെറിയ ഭൂരിപക്ഷത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ വിജയം. സിപിഎം ഉറപ്പായും വിജയം നേടുമെന്ന് പറഞ്ഞ ഇടത്തായിരുന്നു നജീബ് കാന്തപുരത്തിന്റെ ഞെട്ടിപ്പിക്കുന്ന വിജയം. ചെറിയ വോട്ടുകൾക്ക് തന്നെയായിരുന്നു വിജയം എന്നതുകൊണ്ട് തന്നെ പെരിന്തൽമണ്ണയിലെ തെരഞ്ഞെടുപ്പ് കോടതി വരാന്തകൾ കയറിയിറങ്ങി. അപ്പോഴും അന്തിമ വിജയം നജീബ് കാന്തപുരത്തിന് തന്നെയായിരുന്നു. ഇന്നിപ്പോൾ പെരിന്തൽമണ്ണയിലെ ഏവരുടെയും സ്വീകാര്യനായ എംഎൽഎയാണ് അദ്ദേഹം. മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് വേണ്ടി സിവിൽ സർവീസ് അക്കാദമി ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ അദ്ദേഹം നടപ്പാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വരുന്ന തെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുവാനാണ് സാധ്യത. യുഡിഎഫും ലീഗും അദ്ദേഹം അല്ലാതെ മറ്റൊരാളെ മണ്ഡലത്തിൽ സ്ഥാനാർഥിയായി കാണുന്നതുമല്ല.
മങ്കട നിയോജക മണ്ഡലം പരിശോധിച്ച ആ മണ്ഡലവും ലീഗിന്റെ കൈവശം തന്നെയാണ്. നിലവിൽ മഞ്ഞളാംകുഴി അലിയാണ് എംഎൽഎ. മണ്ഡലം രൂപീകരണം മുതൽ തുടർച്ചയായി ലീഗ് മാത്രം വിജയിച്ചിരുന്ന മണ്ഡലത്തിൽ 2001 ലാണ് മഞ്ഞളാംകുഴി അലി ഇടതു സ്വാതന്ത്രനായി വിജയിച്ചുവരുന്നത്. തൊട്ടടുത്ത തെരഞ്ഞെടുപ്പിലും അദ്ദേഹം തന്നെ വിജയിച്ചു. എന്നാൽ പിന്നീട് മുസ്ലിം ലീഗിലെത്തിയ അദ്ദേഹം വീണ്ടും മത്സരിക്കുകയും വിജയം നേടുകയും ആയിരുന്നു.
മലപ്പുറം നിയോജകമണ്ഡലം വിലയിരുത്തിയാൽ നിലവിൽ മുസ്ലിംലീഗിന്റെ പി ഉബൈദുള്ളയാണ് ഇപ്പോഴത്തെ എംഎൽഎ. മലപ്പുറവും മണ്ഡല രൂപീകരണം മുതൽക്കേ ലീഗിന് ഒപ്പം ഉറച്ചു നിൽക്കുന്ന മണ്ഡലമാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും സർക്കാരിനെതിരെ ഒട്ടേറെ വിരുദ്ധ സമീപനങ്ങൾ നിലനിൽക്കുന്ന കാലത്ത് മറ്റൊരു അത്ഭുതത്തിന് സാധ്യതയില്ലാതെ ലീഗ് തന്നെ വിജയിക്കുവാനാണ് സാധ്യതയുള്ളത്.
വേങ്ങരയിലേക്ക് വന്നാൽ ലീഗിന്റെ ഉറച്ച കോട്ടയാണ് വേങ്ങര. യുഡിഎഫ് രാഷ്ട്രീയത്തിലെ തന്ത്രങ്ങൾ മെനയുന്ന പി കെ കുഞ്ഞാലിക്കുട്ടിയാണ് നിലവിലെ എംഎൽഎ. വരുന്ന തെരഞ്ഞെടുപ്പിലും കുഞ്ഞാലിക്കുട്ടി തന്നെ വിജയം നേടുവാനാണ് സാധ്യത. വള്ളിക്കുന്നും തിരൂരങ്ങാടിയും തിരൂരും കോട്ടക്കലും യുഡിഎഫിനൊപ്പം ഉറച്ചുനിൽക്കുന്ന മണ്ഡലങ്ങളാണ്. ഈ മണ്ഡലങ്ങളിൽ എല്ലാം ലീഗ് സ്ഥാനാർത്ഥികളാണ് വിജയിച്ചു വരുന്നത്.
വള്ളിക്കുന്ന് മണ്ഡലത്തിൽ പി അബ്ദുൽ ഹമീദും തിരൂരങ്ങാടിയിൽ കെപിഎ മജീദും തിരൂരിൽ കുറുക്കോളി മൊയ്തീനും കോട്ടയ്ക്കലിൽ ആബിദ് ഹുസൈൻ തങ്ങളും ആണ് നിലവിൽ എംഎൽഎമാർ. ആരൊക്കെ അടുത്ത തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ ആകുമെന്ന് കാത്തിരുന്നു കാണേണ്ടതാണ്. ആരൊക്കെ സ്ഥാനാർത്ഥികളായാലും ഇല്ലെങ്കിലും ഈ മണ്ഡലങ്ങളിൽ ലീഗ് തന്നെ വിജയിക്കുവാനാണ് സാധ്യത.
താനൂരിൽ ഇപ്പോൾ ഇടതു സ്വതന്ത്രനായ വി അബ്ദുറഹ്മാനാണ് എംഎൽഎ. അദ്ദേഹത്തിന് ജനങ്ങൾക്കിടയിൽ അത്രകണ്ട് സ്വീകാര്യത ഇല്ലാത്ത മട്ടാണ്. അതുകൊണ്ടുതന്നെ വരുന്ന തെരഞ്ഞെടുപ്പിൽ അവിടെ യുഡിഎഫ് വിജയിക്കുവാൻ ആണ് സാധ്യത. തവനൂർ പരിശോധിച്ചാലും ജലീൽ അടുത്ത തവണ മത്സരത്തിന് ഇറങ്ങുവാൻ സാധ്യതയില്ല. അങ്ങനെ വരുമ്പോൾ കോൺഗ്രസിൽ നിന്നും പി വി അൻവർ കൂടി മത്സരരംഗത്തേക്ക് വന്നാൽ മണ്ഡലം അനായാസം കോൺഗ്രസിന് പിടിച്ചെടുക്കുവാൻ കഴിയും.
പൊന്നാനിയിലും ഇടതിന് ജയിക്കുവാൻ അടുത്ത തവണ അത്ര എളുപ്പമല്ല. സിപിഎമ്മിന്റെ പി നന്ദകുമാർ ആണ് എംഎൽഎ. അടുത്ത തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യുഡിഎഫ് വിജയം നേടുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. അവസാന മണ്ഡലമായ നിലമ്പൂർ പരിശോധിച്ചാൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ അവിടെ ഉപതിരഞ്ഞെടുപ്പ് നടന്നേക്കും.
ഈ ഉപതിരഞ്ഞെടുപ്പിൽ പഠിച്ച പണി പതിനേട്ടും നോക്കിയാലും സിപിഎമ്മിന് ജയിക്കുവാൻ കഴിയാത്ത സാഹചര്യമാണുള്ളത്. സ്ഥാനാർത്ഥിയായി ഏറെക്കുറെ ആര്യാടൻ ഷൗക്കത്തിനെ ഉറപ്പിച്ചിരിക്കുന്നു. ഇനി ആര്യാടൻ അല്ല മറ്റൊരാൾ വന്നാലും യുഡിഎഫ് തന്നെ വിജയം നേടുമെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. മുഴുവൻ മണ്ഡലങ്ങളെയും മൊത്തത്തിൽ പരിശോധിച്ചാൽ മലപ്പുറത്ത് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 16ൽ 16 ഇടത്തും യുഡിഎഫ് തന്നെ വിജയിക്കുവാനാണ് സാധ്യതകൾ ഉള്ളത്.