കേരളം ആരുപിടിക്കും എന്നതിൽ അതിനിർണായകമായ ചർച്ചകളാണ് സംസ്ഥാന രാഷ്ട്രീയത്തിൽ പുരോഗമിക്കുന്നത്. പരസ്പരം മത്സരിച്ചുള്ള പ്രചാരണ പ്രവർത്തനങ്ങളാണ് യുഡിഎഫും എൽഡിഎഫും ബിജെപിയും നടത്തുന്നത്. ഓരോ ജില്ലയിലും വരുന്ന തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ വിജയിക്കേണ്ടത് മുന്നണികളുടെ ആവശ്യമാണ്. ആ കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട ജില്ലകളിൽ ഒന്നാണ് ആലപ്പുഴ ജില്ല.
അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ മണ്ഡലങ്ങൾ ചേർന്നതാണ് ആലപ്പുഴ ജില്ല. നിലവിൽ ആകെയുള്ള ഒൻപത് മണ്ഡലങ്ങളിൽ എട്ടിടങ്ങളിലും എൽഡിഎഫ് തന്നെയാണ് വിജയിച്ചു നിൽക്കുന്നത്. രമേശ് ചെന്നിത്തല വിജയിച്ച ഹരിപ്പാട് മണ്ഡലത്തിൽ മാത്രമാണ് യുഡിഎഫ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. ഓരോ മണ്ഡലങ്ങളും വിശദമായി പരിശോധിച്ചാൽ കഴിഞ്ഞ തവണത്തെ സാധ്യതകളല്ല വരുന്ന തെരഞ്ഞെടുപ്പിൽ ഉണ്ടാവുക. നിലവിലെ എംഎൽഎ സിപിഎമ്മിലെ ദലീമ ജോജോ ആണ്.
ചേർത്തല താലൂക്കിൽ ഉൾപ്പെടുന്ന അരൂക്കുറ്റി, അരൂർ, ചേന്നം പള്ളിപ്പുറം, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശ്ശേരി, തുറവൂർ എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് അരൂർ നിയമസഭാമണ്ഡലം. തുടർച്ചയായ അഞ്ചുതവണ കെ ആർ ഗൗരിയമ്മയെ നിയമസഭയിലേക്ക് അയച്ച മണ്ഡലമാണ് അരൂർ. 2006ൽ കെ ആർ ഗൗരിയമ്മയെ പരാജയപ്പെടുത്തി എഎം ആരിഫാണ് മണ്ഡലത്തിൽ നിന്നും വിജയിച്ചു വന്നത്. പിന്നീട് 2016 വരെ തുടർച്ചയായി തെരഞ്ഞെടുപ്പുകളിൽ ആരിഫ് തന്നെ വിജയിച്ചുവന്നു. തുടർന്ന് അദ്ദേഹം ആലപ്പുഴയിൽ നിന്നും എംപിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാൻ വിജയിക്കുകയായിരുന്നു. പക്ഷേ തൊട്ടടുത്ത പൊതുതെരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാൻ പരാജയപ്പെടുകയായിരുന്നു.
ബിജെപിക്ക് ഒട്ടും സ്വാധീനമില്ലാത്ത മണ്ഡലങ്ങളിൽ ഒന്നാണ് അരൂർ. മികച്ചൊരു സ്ഥാനാർത്ഥിയെ യുഡിഎഫിന് അവതരിപ്പിക്കാൻ കഴിഞ്ഞാൽ അനായാസം മണ്ഡലത്തിൽ വിജയിക്കുവാൻ കഴിയുന്നതേയുള്ളൂ. ചേർത്തല മുനിസിപ്പാലിറ്റിയേക്കൂടാതെ ചേർത്തല തെക്ക്, കടക്കരപ്പള്ളി, കഞ്ഞിക്കുഴി, മുഹമ്മ, പട്ടണക്കാട്, തണ്ണീർമുക്കം, വയലാർ എന്നീ പഞ്ചായത്തുകളും അടങ്ങുന്നതാണ് ചേർത്തല നിയമസഭാമണ്ഡലം. സിപിഐയുടെ പി. പ്രസാദാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. നിലവിൽ അദ്ദേഹം സംസ്ഥാന മന്ത്രിയും ആണ്. കോൺഗ്രസിന്റെ അധികായരായ വയലാർ രവിയും എ.കെ ആന്റണിയും ഒന്നിലേറെ തവണ വിജയിച്ചു വന്ന മണ്ഡലമാണ് ചേർത്തല. കഴിഞ്ഞ കുറച്ചു വർഷങ്ങളായി തുടരെ സിപിഐക്കാണ് മണ്ഡലം ലഭിക്കുന്നത്. എന്നിരുന്നാലും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട കോൺഗ്രസ് സ്ഥാനാർത്ഥി എസ് ശരത്തിന് വളരെ മികച്ച ജനസീകാര്യത മണ്ഡലത്തിൽ ഉണ്ട്. അതുകൊണ്ടുതന്നെ വരുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മണ്ഡലം ലഭിക്കുന്നതിനാണ് സാധ്യതകൾ ഉള്ളത്.
അമ്പലപ്പുഴ താലൂക്കിൽ ഉൾപ്പെടുന്ന ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ 1 മുതൽ 19 വരേയും 45 മുതൽ 50 വരേയും വാർഡുകളും കൂടാതെ ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക്, എന്നീ പഞ്ചായത്തുകളും ചേർത്തല താലൂക്കിലെ മാരാരിക്കുളം വടക്ക് പഞ്ചായത്തും ഉൾപ്പെടുന്ന നിയമസഭാമണ്ഡലമാണ് ആലപ്പുഴ. സിപിഎമ്മിലെ പി പി ചിത്തരഞ്ജനാണ് ആലപ്പുഴ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. മണ്ഡലം രൂപീകരിച്ചതിനു ശേഷം അഞ്ച് തവണ മാത്രമാണ് യുഡിഎഫിന് വിജയിക്കുവാൻ കഴിഞ്ഞിട്ടുള്ളത്. നിലവിലെ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി ആലപ്പുഴയുടെ മുൻ എംഎൽഎ ആയിരുന്നു. കഴിഞ്ഞ പിണറായി മന്ത്രിസഭയിലെ ഡോ. തോമസ് ഐസക്കും തുടർച്ചയായി ആലപ്പുഴയിൽ നിന്നും വിജയിച്ചിട്ടുണ്ട്. അടുത്ത തെരഞ്ഞെടുപ്പിലും ആലപ്പുഴ ഇടതുപക്ഷത്തിനൊപ്പം തന്നെ നിൽക്കുവാനാണ് സാധ്യത.
അമ്പലപ്പുഴ മണ്ഡലത്തിലേക്ക് വന്നാൽ ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ 20 മുതൽ 44 വരെ വാർഡുകളും അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, പുറക്കാട് എന്നീ പഞ്ചായത്തുകളും ചേർന്ന മണ്ഡലമാണ് അമ്പലപ്പുഴ നിയോജകമണ്ഡലം. മണ്ഡലം രൂപീകരണത്തിന് ശേഷം അധികം പ്രാവശ്യവും വിജയിച്ചു വന്നത് സിപിഎം തന്നെയാണ്. ഇടതിന്റെ കോട്ടയായി വിശേഷിപ്പിക്കപ്പെടുന്ന ആലപ്പുഴയിലെ ഒരു മണ്ഡലം കൂടിയാണ് അമ്പലപ്പുഴ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എം ലിജു വലിയ മുന്നേറ്റം കാഴ്ചവെച്ചിരുന്നു. ലിജു തന്നെ വീണ്ടും സ്ഥാനാർത്ഥിയായി വന്നാൽ അമ്പലപ്പുഴയിൽ വിജയിക്കുവാൻ കഴിയുമെന്ന് കോൺഗ്രസ് കരുതുന്നു.
കുട്ടനാട് താലൂക്കിൽ ഉൾപ്പെടുന്ന ചമ്പക്കുളം, എടത്വാ, കൈനകരി, കാവാലം, മുട്ടാർ, നെടുമുടി, നീലംപേരൂർ, പുളിങ്കുന്ന്, രാമങ്കരി, തകഴി, തലവടി, വെളിയനാട് എന്നീ പഞ്ചായത്തുകളും, കാർത്തികപ്പള്ളി താലൂക്കിലെ വീയപുരംപഞ്ചായത്തും ചേർന്നതാണ് കുട്ടനാട് നിയമസഭാമണ്ഡലം. തോമസ് കെ തോമസ് എംഎൽഎയാണ് നിലവിൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. എൻസിപി-എസിൽ നിന്നും മണ്ഡലം തിരികെ സിപിഎം ഏറ്റെടുക്കുവാൻ വേറെ സാധ്യതകൾ ഉണ്ട്. അങ്ങനെ വന്നാൽ ആരാകും മത്സരിക്കുക എന്നതിലൊന്നും ധാരണ ആയിട്ടില്ല. യുഡിഎഫിന്റെ ഭാഗമായ കേരള കോൺഗ്രസിന്റെ പക്കലാണ് കുട്ടനാട് സീറ്റ് ഉള്ളത്. എൻസിപി വിട്ട് കേരള കോൺഗ്രസിലെത്തിയ റെജി ചെറിയാനാണ് മത്സരിക്കുവാൻ തയ്യാറെടുക്കുന്നത്. നിലവിലെ എംഎൽഎയ്ക്കെതിരെ ഒട്ടേറെ ജനവിരുദ്ധ അഭിപ്രായങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ യുഡിഎഫ് വിജയിക്കുന്നതിനാണ് സാധ്യത. എൻസിപി മുൻ ദേശീയ സെക്രട്ടറി സതീഷ് തോന്നയ്ക്കലും മണ്ഡലത്തിൽ മത്സരരംഗത്ത് ഉണ്ടാകുമെന്ന് അറിയുന്നു.
കാർത്തികപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന ഹരിപ്പാട് മുനിസിപ്പാലിറ്റി ആറാട്ടുപുഴ, ചേപ്പാട്, ചെറുതന, ചിങ്ങോലി, കാർത്തികപ്പള്ളി, കരുവാറ്റ, കുമാരപുരം, മുതുകുളം, പള്ളിപ്പാട്, തൃക്കുന്നപ്പുഴ എന്നീപഞ്ചായത്തുകൾ ചേർന്നതാണ് ഹരിപ്പാട് നിയമസഭാമണ്ഡലം. നിലവിൽ രമേശ് ചെന്നിത്തലയാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2011 മുതൽ തീർച്ചയായും വിജയിക്കുന്ന രമേശ് ചെന്നിത്തല തന്നെ വീണ്ടും വിജയിക്കുവാനാണ് സാധ്യത. കായംകുളം മുനിസിപ്പാലിറ്റി, കാർത്തികപ്പള്ളീ താലൂക്കിലെ ദേവികുളങ്ങര, കണ്ടല്ലൂർ, കൃഷ്ണപുരം, പത്തിയൂർ എന്നീ പഞ്ചായത്തുകളും മവേലിക്കര താലൂക്കിൽ ഉൾപ്പെടുന്ന ഭരണിക്കാവ്, ചെട്ടികുളങ്ങര എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കായംകുളം നിയമസഭാമണ്ഡലം. നിലവിൽ സിപിഎമ്മിന്റെ യു പ്രതിഭ ആണ് എംഎൽഎ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ അരിതാ ബാബു മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അരിത തന്നെ വീണ്ടും കോൺഗ്രസ് സ്ഥാനാർത്ഥിയാകുവാനാണ് സാധ്യത.
അതേസമയം നിലവിലെ എംഎൽഎ പ്രതിഭയും സിപിഎമ്മും തമ്മിൽ നല്ല അകൽച്ചയിലാണ്. അതുകൊണ്ടുതന്നെ സിപിഎം വിട്ട് പ്രതിഭ കോൺഗ്രസിലേക്ക് എത്തി യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും പറയപ്പെടുന്നു. ഏതായാലും യുഡിഎഫിന് തന്നെയാണ് അടുത്ത തവണ മണ്ഡലത്തിൽ വിജയകുടി പാറിപ്പിക്കുവാൻ കഴിയുക എന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. മാവേലിക്കര മുനിസിപ്പാലിറ്റി, മാവേലിക്കര താലൂക്കിലെ ചുനക്കര, മാവേലിക്കര താമരക്കുളം, മാവേലിക്കര തെക്കേക്കര, നൂറനാട്, പാലമേൽ, തഴക്കര, വള്ളിക്കുന്നം എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് മാവേലിക്കര നിയമസഭാമണ്ഡലം. സിപിഎമ്മിന്റെ എം എസ് അരുൺ കുമാറാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. എം എസ് അരുൺകുമാർ തന്നെ വീണ്ടും സ്ഥാനാർത്ഥിയാകുവാനും വിജയിക്കുവാനും ഉള്ള സാധ്യതകളാണ് ഉള്ളത്.
ചെങ്ങന്നൂർ നഗരസഭ, ചെങ്ങന്നൂർ താലൂക്കിലെ ആല, ബുധനൂർ, ചെറിയനാട്, മാന്നാർ, മുളക്കുഴ, പാണ്ടനാട്, പുലിയൂർ, തിരുവൻവണ്ടൂർ, വെണ്മണി എന്നീ പഞ്ചായത്തുകളും, മാവേലിക്കര താലൂക്കിൽ ഉൾപ്പെടുന്ന ചെന്നിത്തല, തൃപ്പെരുന്തുറ എന്നീ പഞ്ചായത്തുകളും ചേർന്നതാണ് ചെങ്ങന്നൂർ നിയമസഭാമണ്ഡലം. നിലവിൽ മന്ത്രി കൂടിയായ സജി ചെറിയാനാണ് ചെങ്ങന്നൂരിന്റെ എംഎൽഎ. അദ്ദേഹത്തിന് എതിരെ വ്യാപകമായ വിമർശനങ്ങൾ പാർട്ടിക്കുള്ളിൽ തന്നെയുണ്ട്. കോൺഗ്രസ് വേദികളിലെ നിറസാന്നിധ്യം ജ്യോതി വിജയകുമാർ യുഡിഎഫ് സ്ഥാനാർഥിയായി വന്നാൽ മണ്ഡലത്തിൽ വിജയം നേടാൻ കഴിയുമെന്ന് കോൺഗ്രസ് കരുതുന്നു. ഏറെക്കുറെ ജ്യോതിയെ മുന്നിൽ കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ മണ്ഡലത്തിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ആലപ്പുഴ ജില്ല മൊത്തത്തിൽ പരിശോധിച്ചാൽ മാവേലിക്കര, ആലപ്പുഴ മണ്ഡലങ്ങൾ ബാക്കി ഏഴ് ഇടങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിക്കുന്നതിനാണ് സാധ്യത കാണുന്നത്.