കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്തപരിപാടിക്കിടെ സ്റ്റേജിൽനിന്നു വീണ് ഗുരുതരമായി പരുക്കേറ്റ തൃക്കാക്കര എംഎൽഎ ഉമ തോമസിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. അപകടനില പൂർണമായും തരണം ചെയ്തിട്ടില്ല. അതിനാൽ ഉമ തോമസ് എം എൽ എ തീവ്രപരിചരണ വിഭാഗത്തിൽ തന്നെ തുടരുമെന്ന് ആശുപത്രിയുടെ മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കി.
രാവിലെ 11 മണിയോടെയാണ് ഉമ തോമസിനെ വെന്റിലേറ്ററിൽനിന്നു മാറ്റിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആറു ദിവസത്തിനു ശേഷമാണ് വെന്റിലേറ്റർ സഹായമില്ലാതെ ഉമാ തോമസ് കഴിയുന്നത്.
ശ്വാസകോശത്തിനു പുറത്തെ നീർക്കെട്ട് നിലനിൽക്കുന്നുണ്ട്. എങ്കിലും ശ്വാസകോശത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമായതിനാൽ വെന്റിലേറ്ററിൽനിന്നു മാറ്റാൻ തീരുമാനിക്കുകയായിരുന്നു. തീവ്ര പരിചരണ വിഭാഗത്തിനകത്ത് ഡോക്ടർമാരുമായും മക്കളുമായും ഉമാ തോമസ് സംസാരിച്ചു.