മലയാള സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ എഎംഎംഎയുടെ ട്രഷറര്‍ സ്ഥാനം രാജിവെച്ച് നടന് ഉണ്ണി മുകുന്ദന്. തിരക്കുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ ഏറെ ഹൃദയഭാരത്തോടെ താന്‍ സ്ഥാനം ഒഴിയുകയാണെന്ന് ഉണ്ണി മുകുന്ദന് പറഞ്ഞു. ഉണ്ണി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഏറെ ആലോചനകള്‍ക്ക് ശേഷമാണ് താന്‍ ഈ തീരുമാനമെടുക്കുന്നതെന്നും എഎംഎംഎ ട്രഷറര്‍ സ്ഥാനം തന്നെ സംബന്ധിച്ചിടത്തോളം ഏറെ ആവേശകരമായ അനുഭവമായിരുന്നുവെന്നും ഉണ്ണി പറഞ്ഞു.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
‘പ്രിയപ്പെട്ടവരേ, ഈ സന്ദേശം നിങ്ങളിലേക്ക് നല്ല രീതിയില്‍ തന്നെ എത്തുമെന്ന് വിശ്വസിക്കുന്നു. ഏറെ ആലോചനകള്‍ക്കിപ്പുറം എഎംഎംഎ ട്രഷറര്‍ സ്ഥാനത്ത് നിന്ന് ഇറങ്ങുക എന്ന ബുദ്ധിമുട്ടുള്ള തീരുമാനം ഞാന്‍ സ്വീകരിച്ചിരിക്കുകയാണ്. ഈ സ്ഥാനത്ത് എന്റെ സമയം ഞാന്‍ ശരിക്കും ആസ്വദിച്ചു, അത് ആവേശകരമായ അനുഭവമായിരുന്നു. എന്നാല്‍ ജോലി തിരക്കുകള്‍ വര്‍ധിക്കുന്നത് എന്റെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചു. എന്റെയും എന്റെ കുടുംബത്തിന്റെയും ക്ഷേമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി പടിയിറങ്ങേണ്ടതിന്റെ പ്രാധാന്യം ഞാന്‍ ഇപ്പോള്‍ തിരിച്ചറിയുന്നു,’
ഈ റോള്‍ നിര്‍വഹിക്കുന്നതില്‍ ഞാന്‍ എല്ലായ്പ്പോഴും എന്റെ ഏറ്റവും മികച്ചത് നല്‍കിയിട്ടുണ്ടെങ്കിലും, വരാനിരിക്കുന്ന വര്‍ദ്ധിച്ചുവരുന്ന പ്രതിബദ്ധതകള്‍ കണക്കിലെടുത്ത് എനിക്ക് എന്റെ ചുമതലകള്‍ ഫലപ്രദമായി നിറവേറ്റാന്‍ കഴിയില്ലെന്ന് ഞാന്‍ തിരിച്ചറിയുന്നു. ഹൃദയഭാരത്തോടെയാണ് ഞാന്‍ രാജി സമര്‍പ്പിക്കുന്നത്. എന്നിരുന്നാലും, ഒരു പുതിയ അംഗത്തെ നിയമിക്കുന്നതുവരെ ഞാന്‍ സേവനത്തില്‍ തുടരും. എനിക്ക് ലഭിച്ച വിശ്വാസത്തിനും പിന്തുണയ്ക്കും ഞാന്‍ അങ്ങേയറ്റം നന്ദിയുള്ളവനാണ്. കൂടാതെ ഈ റോളിന്റെ ഉത്തരവാദിത്തങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ എന്റെ പിന്‍ഗാമിക്ക് എല്ലാ വിജയങ്ങളും നേരുന്നു. എല്ലാവര്ക്കും നന്ദി,’ ഉണ്ണി മുകുന്ദന് കുറിച്ചു.