വാഷിങ്ടന്‍: ഡോണള്‍ഡ് ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തിന്റെ രണ്ടാം ദിനവും അമേരിക്കയിലെ മൂന്ന് പ്രധാന ഓഹരി സൂചികകളിലും വന്‍ ഇടിവ്. ഡൗ ജോണ്‍സ് 2231 പോയിന്റ് ഇടിഞ്ഞു. എസ് ആന്റ് പിയും നാസ്ഡാക്കും അഞ്ചു ശതമാനത്തിനുമേല്‍ ഇടിവാണ് രേഖപ്പെടുത്തിയത്. 2022-നുശേഷമുള്ള ഏറ്റവും വലിയ തകര്‍ച്ചയാണ് നാസ്ഡാക്ക് നേരിട്ടത്. അമേരിക്കയുടെ തീരുവകള്‍ക്കെതിരെ ചൈനയും കാനഡയും തിരിച്ചടിച്ചതോടെയാണ് ഓഹരി വിപണിയില്‍ പ്രതിസന്ധി രൂക്ഷമായത്.
അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് കാനഡ 25 ശതമാനം തീരുവ പ്രഖ്യാപിച്ചതിനു പിന്നാലെ അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന കാര്ഷികോല്പന്നങ്ങളടക്കമുള്ളവക്കും ചൈന 34 ശതമാനം തീരുവ ചുമത്തിയിരുന്നു. അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രധാന ധാതുക്കളിലും ചൈന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ട്രംപിന്റെ നീക്കങ്ങള്‍ അന്താരാഷ്ട്ര വ്യാപാര നിയമങ്ങളുടെ ലംഘനമാണെന്നും ചൈന ആരോപിച്ചു.
മറ്റ് രാജ്യങ്ങളിലെ വിപണികളിലും തകര്‍ച്ച ദൃശ്യമായി. ബ്രിട്ടനിലെ എഫ് ടി എസ് ഇ അഞ്ചു ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ ജര്‍മ്മനിയിലേയും ഫ്രാന്‍സിലേയും ഓഹരി വിപണികളും ഏഷ്യന്‍ വിപണികളിലും സമാനമായ ഇടിവ് ഉണ്ടായി. അതിനിടെ, അമേരിക്കന്‍ ഓഹരി വിപണിയിലെ തകര്‍ച്ച താല്‍ക്കാലികം മാത്രമാണെന്നും വിപണി വൈകാതെ കുതിച്ചുയരുമെന്നുമാണ് ട്രംപിന്റെ അവകാശവാദം. എന്നാല്‍ പകരച്ചുങ്കം വ്യാപാരയുദ്ധത്തിന് ഇടയാക്കുകയാണെങ്കില്‍ ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് അത് വലിയ ആഘാതം സൃഷ്ടിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
അമേരിക്കയുടെ പകരച്ചുങ്കം; രണ്ടാം ദിനവും ഓഹരി വിപണിയില്‍ കനത്ത ഇടിവ്
അമേരിക്കയുടെ തീരുവകള്‍ക്കെതിരെ ചൈനയും കാനഡയും തിരിച്ചടിച്ചതോടെയാണ് ഓഹരി വിപണിയില്‍ പ്രതിസന്ധി രൂക്ഷമായത്

Leave a comment
Leave a comment