വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തെ തുടര്‍ന്ന് യുഎസ് ഓഹരി വിപണിയില്‍ കനത്ത തകര്‍ച്ച.1600 പോയിന്റില്‍ അധികമാണ് വിപണിയില്‍ ഇടിവ് രേഖപ്പെടുത്തിയത്. 2020-നുശേഷം ആദ്യമായാണ് വിപണി ഇത്രയും കടുത്ത ഇടിവ് നേരിടുന്നത്. ആപ്പിളിന്റെ മൂല്യം 310 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞു .
അതേസമയം അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് കാനഡ 25 ശതമാനം തീരുവ പ്രഖ്യാപിച്ചു. ഓട്ടവയില്‍ നടന്ന പത്രസമ്മേളനത്തിലാണ് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പ്രഖ്യാപനം നടത്തിയത്. ഡോണള്‍ഡ് ട്രംപിന്റെ നികുതി പ്രഖ്യാപനത്തിനുള്ള പ്രതികാര നടപടിയാണ് കാനഡയുടെ തീരുവ പ്രഖ്യാപനം.
അമേരിക്കയുടെ സുവര്‍ണകാലത്തിലേക്കുള്ള തിരിച്ചുപോക്ക് എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് ട്രംപ് വിവിധ രാജ്യങ്ങള്‍ക്കുമേല്‍ പകരം തീരുവ പ്രഖ്യാപിച്ചത്. യുഎസില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്പന്നങ്ങള്ക്ക് ഉയര്‍ന്ന തീരുവ ഈടാക്കി അമേരിക്കന്‍ പണം കൊണ്ട് മറ്റു രാജ്യങ്ങള്‍ സമ്പന്നരായെന്ന് ആരോപിച്ചാണ് ട്രംപിന്റെ നടപടി. ഇന്ത്യയ്ക്ക് മേല്‍ 26 ശതമാനവും ചൈനയ്ക്ക് 34 ശതമാനവും ഇറക്കുമതി തീരുവ ഈടാക്കുമെന്ന് അദ്ദേഹം അറിയിച്ചു. യൂറോപ്യന്‍ യൂണിയന് 20 ശതമാനം തീരുവയും യുകെയ്ക്ക് പത്ത് ശതമാനവും പ്രഖ്യാപിച്ചു. ജപ്പാന് 24 ശതമാനമാണ് തീരുവ.
10 ശതമാനമുള്ള തീരുവ ഏപ്രില്‍ അഞ്ച് മുതലും രാജ്യങ്ങള്‍ക്കുള്ള കൂടിയ തീരുവ ഏപ്രില്‍ ഒന്‍പതിനുമാണ് പ്രാബല്യത്തില്‍ വരിക. പകരച്ചുങ്കം യുഎസിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നാണ് ട്രംപിന്റെ അവകാശവാദം. അമേരിക്ക സുവര്‍ണ കാലഘട്ടത്തിലേക്ക് മടങ്ങുകയാണെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.