ജമ്മുവിനെയും കശ്മീരിനെയും ബന്ധിപ്പിക്കുന്ന എട്ട് കോച്ചുള്ള പ്രത്യേക വന്ദേഭാരത് തീവണ്ടി സജ്ജമായി. ജമ്മു-ശ്രീനഗര്‍ വന്ദേഭാരത് എക്സ്പ്രസ് ഉടന്‍ കത്ര-ശ്രീനഗര്‍ ഇടയില്‍ സര്‍വീസ് ആരംഭിക്കും. കശ്മീര്‍ താഴ്വരയുമായി ബന്ധിപ്പിക്കുന്ന 111 കിലോമീറ്റര്‍ നീളമുള്ള കത്ര-ബനിഹാല്‍ ട്രാക്കില്‍ അന്തിമ പരിശോധനകള്‍ പൂര്‍ത്തിയായിട്ടുണ്ട്.
കശ്മീരിനെ കന്യാകുമാരിയുമായി ബന്ധിപ്പിക്കുന്ന ദീര്‍ഘദൂര പദ്ധതി പൂര്‍ത്തിയാക്കുന്നതിന്റെ നിര്‍ണായക ഘട്ടമാണിത്. ഇതിനായുള്ള അന്‍ജി കേബിള്‍ പാലത്തില്‍ ഭാരപരിശോധന വിജയകരമായി പൂര്‍ത്തിയാക്കുകയും, ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ചെനാബ് ആര്‍ച്ച് പാലം സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. പാളങ്ങളില്‍ മഞ്ഞുവീഴ്ച ഒഴിവാക്കുന്നതിനായി പ്രത്യേക വണ്ടി ആദ്യം മുന്നിൽ ഓടിക്കും.
ഭൂപ്രദേശത്തിന്റെ പ്രത്യേകതകള്‍ കാരണം ഭൂകമ്പ നിരീക്ഷണ ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്തെ മറ്റു വന്ദേഭാരത് തീവണ്ടികളില്‍ നിന്നും വ്യത്യസ്തമായി, കശ്മീരിലേക്കുള്ള ഈ എട്ട് കോച്ചുകളുള്ള വന്ദേഭാരത് തീവണ്ടിയും ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയാണ് നിര്‍മിച്ചത്.