മലയാള ചലച്ചിത്ര ലോകത്തെ ജനപ്രിയ പുരസ്കാര നിശയായ ‘വനിതാ അവാര്‍ഡ്സ്-2023’ ലെ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.അങ്കമാലിയില്‍ നടന്ന പുരസ്കാര നിശയില്‍ സിനിമ-സാംസ്കാരിക ലോകത്തെ പ്രമുഖര്‍ പങ്കെടുത്തു.വോട്ടിംഗിലൂടെ ജനങ്ങള്‍ തെരഞ്ഞെടുത്ത താരങ്ങളാണ് അവാര്‍ഡിന് അര്‍ഹരായത്.സംവിധായകന് ജോഷിക്ക് സിനിമ ലോകത്തെ സമഗ്ര സംഭാവനയ്ക്ക് ‘ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്’ നല്കി വേദിയില്‍ ആദരിച്ചു.മലയാളത്തിന്റെ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് ജോഷിക്ക് പുരസ്കാരം സമ്മാനിച്ചപ്പോള്‍ എഴുന്നേറ്റ് നിന്ന് സദസ് ആദരവ് അറിയിച്ചു.
മികച്ച നടനുളള പുരസ്കാരം മോഹന്‍ലാലില്‍ നിന്ന് മമ്മൂട്ടി ഏറ്റുവാങ്ങി.മികച്ച നടിയായി ജ്യോതിക തെരഞ്ഞെടുക്കപ്പെട്ടു.നടി കൃഷ്ണപ്രഭയാണ് മികച്ച നടിക്കുള്ള പുരസ്കാരം സമ്മാനിച്ചത്.ജ്യോതികയുടെ അഭാവത്തില്‍ അണിയറപ്രവര്‍ത്തകര്‍ ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി.കാതല്‍ സിനിമയുടെ സംവിധായകന് ജിയോ ബേബി മികച്ച സംവിധായകനുളള അവാര്‍ഡ് ഏറ്റുവാങ്ങി.സംവിധായകന് ജയരാജ് പുരസ്കാരം സമ്മാനിച്ചു.നന്‍പകല്‍ നേരത്തു മയക്കം മികച്ച സിനിമയായി തെരഞ്ഞെടുക്കപ്പെട്ടു.നടന് നരേന് സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരിക്ക് അവാര്‍ഡ് സമ്മാനിച്ചു.
മികച്ച ജനപ്രിയ നടിക്കുളള പുരസ്കാരം അനശ്വര രാജന് ഏറ്റുവാങ്ങി.മികച്ച ജനപ്രിയ നടനായി ടൊവിനോ തോമസും മികച്ച വില്ലനായി സിദ്ദിഖും പുരസ്കാരം ഏറ്റുവാങ്ങി.ജനപ്രിയ സിനിമയായി ‘2018’ തെരഞ്ഞെടുക്കപ്പെട്ടു.നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ 2018 ന്റെ സംവിധായകന് ജൂഡ് ആന്റണിയും ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി.ആര്‍ഡിഎക്സ് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച താരജോഡികള്ക്കുളള പുരസ്കാരം ഷെയിന്‍ നിഗവും, മഹിമാ നമ്പ്യാരും ഏറ്റുവാങ്ങി.