ഇന്ത്യൻ രാഷ്ട്രീയത്തിലെ സുപരിചിതനായ നേതാവാണ് വരുൺ ഗാന്ധി. സഞ്ജയ് ഗാന്ധിയുടെ പുത്രൻ 2013 ൽ 33–ാം വയസ്സിൽ ബിജെപി ജനറൽ സെക്രട്ടറിയായത് ആ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ എന്ന സവിശേഷതയോടെയായിരുന്നു. 2004 ലാണ് മേനക ഗാന്ധിയും വരുണും ബിജെപിയിൽ ചേർന്നത്. 2004 മുതൽ അമ്മയ്ക്കും 2009 മുതൽ മകനും ബിജെപി ടിക്കറ്റ് നൽകി, രണ്ട് പേരും തുടർച്ചയായി ജയിച്ചു. മേനക ആദ്യ മോദി സർക്കാരിൽ മന്ത്രിയുമായി. ഇരുവരെയും ബിജെപിയും സംഘപരിവാറും ചേർത്തു നിർത്തിയതിന് ഒറ്റക്കാരണമേ ഉണ്ടായിരുന്നു. അത് പേരിനൊപ്പം ഉണ്ടായിരുന്ന ഗാന്ധി എന്ന പദം മാത്രമാണ്. ഗാന്ധി കുടുംബത്തിൽ നിന്നും രണ്ടുപേരെ അടർത്തിയെടുത്ത് തങ്ങൾക്കൊപ്പം നിർത്തുവാൻ കഴിഞ്ഞത് വലിയ കാര്യമായി ബിജെപി കരുതി. ശരിക്കും അതൊരു വലിയ കാര്യവും ആയിരുന്നു.
ഇന്ത്യയെ ദീർഘകാലത്തോളം നയിച്ച, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ജീവനും ജീവാത്മാക്കളും ആയിരുന്ന നെഹ്റുവിന്റെയും ഇന്ദിരയുടെയും രാജീവിന്റെയും കുടുംബത്തിൽ നിന്നും രണ്ടുപേരെ സ്വന്തം പാളയത്തിൽ എത്തിക്കുവാൻ കഴിഞ്ഞെങ്കിൽ അത് ബിജെപിയുടെ കഴിവ് തന്നെയാണ്. ബിജെപിയിൽ അംഗത്വം എടുത്തതിന് പിന്നാലെ അത്ഭുതകരമായ വളർച്ചയായിരുന്നു വരുണിന്റെത്. 2016ൽ ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രിയാകാൻ വരുൺ യോഗ്യനന്ന നിലയിലുള്ള ചർച്ചകൾ പോലും നടക്കുകയുണ്ടായി. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രയാഗ്രാജിൽ നടന്ന ബിജെപി ദേശീയ നിർവാഹക സമിതിയുടെ വേദിക്കു സമീപം മോദി, അമിത് ഷാ, രാജ്നാഥ് സിങ് തുടങ്ങിയവർക്കൊപ്പം വരുണിന്റെയും മുഖമുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് അതിന്റെ സൂചനയായിരുന്നു.
ബിജെപിയുടെ സർവേയിൽ പാർട്ടിക്കുള്ളിൽ വരുണിന് പിന്തുണയുണ്ടെന്നു ബോധ്യപ്പെട്ടതുമാണ്. അന്ന് പക്ഷേ വരുൺ തഴയപ്പെടുകയുണ്ടായി. താൻ തഴയപ്പെട്ട സാഹചര്യമുണ്ടായപ്പോൾ മിണ്ടാതെ ഇരിക്കുവാൻ അല്ല വരുൺ തയ്യാറായത്. അയാൾ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സ്ഥിരം വിമർശിക്കുവാൻ തുടങ്ങി. കർഷക സമരത്തെ പിന്തുണച്ചു, യുപി സർക്കാർ മദ്യ വിൽപനയിലൂടെ വരുമാനം വർധിപ്പിക്കുന്നതിനെ പരിഹസിച്ചു, രാജ്യത്തെ തൊഴിലില്ലായ്മയിൽ ആശങ്കപ്പെട്ടു. എന്നിട്ടും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും ടിക്കറ്റ് ലഭിച്ചു. 2021 ൽ അമ്മയെയും മകനെയും പാർട്ടി ദേശീയ നിർവാഹക സമിതിയിൽനിന്ന് ഒഴിവാക്കി. എങ്കിലും അമ്മ പാർട്ടിക്കും നേതാക്കൾക്കുമെതിരെ തിരിഞ്ഞില്ല.
കോൺഗ്രസ് പാർട്ടിയിൽ തന്നെ ഉറച്ചു നിൽക്കേണ്ടിയിരുന്ന ആളുകളായിരുന്നു മേനക ഗാന്ധിയും മകൻ വരുൺ ഗാന്ധിയും. അപ്രതീക്ഷിതമായ ചില സംഭവവികാസങ്ങൾ ആയിരുന്നു ഇരുവരെയും അന്ന് ബിജെപി പാളയത്തിൽ എത്തിച്ചത്. വിമാന അപകടത്തിൽ ഇന്ദിരാഗാന്ധി കഴിഞ്ഞാൽ പിന്നെ കോണ്ർഗ്രസിലെ രണ്ടാമനായ സഞ്ജയ് ഗാന്ധി കൊല്ലപ്പെടുന്നു. പിന്നീട് അദ്ദേഹത്തിൻ്റെ മണ്ഡലമായ അമേഠിയിൽ 1981ൽ ഉപതെരഞ്ഞെടുപ്പ് നടന്നു. അതുവരെ രാഷ്ട്രീയത്തിൽ സജീവമല്ലാതിരുന്ന സഞ്ജയ് ഗാന്ധിയുടെ ജ്യേഷ്ഠൻ രാജീവ് ഗാന്ധി അവിടെ നിന്നും ലോക്സഭയിലെത്തി. തൻ്റെ ഭർത്താവിൻ്റെ രാഷ്ട്രീയ പിൻഗാമിയായി അമേഠിയിൽ നിന്നും മത്സരിക്കാനുള്ള മേനക ഗാന്ധിയുടെ മോഹങ്ങൾക്കേറ്റ തിരിച്ചടിയായിരുന്നു അത്.
ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ പിൻഗാമിയായി തെരഞ്ഞെടുത്തിരുന്നത് സഞ്ജയ് ഗാന്ധിയാണെന്ന കാര്യത്തിൽ അക്കാലത്ത് അണികൾക്ക് സംശയമുണ്ടായിരുന്നില്ല. എന്നാൽ അദ്ദേഹത്തിൻ്റെ മരണശേഷം ഇന്ത്യൻ എയർലൈൻസിലെ പൈലറ്റായിരുന്ന മൂത്ത മകൻ രാജീവിനെ അവർ രാഷ്ട്രീയത്തിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു. അതിൽ സഞ്ജയ് ഗാന്ധിയുടെ വിധവയായ മേനക ഗാന്ധിക്കും അതൃപ്തിയുണ്ടായിരുന്നു. അങ്ങനെ രാഷ്ട്രീയത്തിൽ മുൻ പരിചയമുണ്ടായിരുന്നവരെ തഴഞ്ഞ് രാജീവിനെ രാഷ്ട്രീയ പിൻഗാമിയായി ഇന്ദിരാഗാന്ധി അവരോധിച്ചതിൽ മേനകയ്ക്ക് എതിർപ്പുണ്ടായിരുന്നു എന്നതായിരുന്നു വാസ്തവം. ഇന്ദിരയും മേനക ഗാന്ധിയെയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാവുകയായിരുന്നു. 1981 ൽ അമേഠി ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുവാനുള്ള തീരുമാനം മേനക ഗാന്ധി സ്വീകരിക്കുകയായിരുന്നു.
ലോക്സഭയിൽ മത്സരിക്കാനുള്ള കുറഞ്ഞ പ്രായമായ 25 വയസു പോലും അന്ന് മേനകയ്ക്ക് തികഞ്ഞിരുന്നില്ല എന്നതാണ് മറ്റൊരു യാഥാർത്ഥ്യം. തനിക്ക് മത്സരിക്കാൻ ഭരണഘടന പോലും ഭേദഗതി ചെയ്യണമെന്ന് മേനക പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഇന്ദിര അതിന് തയ്യാറായില്ല. ഒടുവിൽ മേനകയെ വീട്ടിൽ നിന്നും ഇറക്കിവിടുന്നത് വരെ എത്തിച്ച കുടുംബ വഴക്കിന് ശേഷം 1983ൽ പുറത്താക്കി മേനക ഗാന്ധി സഞ്ജയ് വിചാര്‍ മഞ്ച് രൂപവത്കരിച്ചു.
1984 ഇന്ദിരയുടെ മരണത്തിന് ശേഷം നടന്ന പൊതുതെരഞ്ഞെടുപ്പിൽ അവർ അമേഠിയിൽ രാജീവ് ഗാന്ധിക്കെതിരെ സ്ഥാനാർത്ഥിയായി. എന്നാൽ 1984 ഒക്ടോബർ 31 ന് ഇന്ദിരാഗാന്ധിയെ അവരുടെ സിഖ് അംഗരക്ഷകൻ കൊലപ്പെടുത്തിയതിന് ശേഷം കാര്യങ്ങൾ നാടകീയമായി മാറി. ഇത് രാജീവ് ഗാന്ധി ഇടക്കാല പ്രധാനമന്ത്രിയാകുന്നതിലേക്ക് നയിച്ചു. ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിര സഹതാപ തരംഗം കൂടി രാജീവിന് അനുകൂലമായിരുന്നു. എന്നാൽ മേനക എതിരിടുന്നത് ഒരു എംപിയെ അല്ല, ഒരു പ്രധാനമന്ത്രിയെയാണ് എന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചു.
1991ൽ രാജീവ് ഗാന്ധി വധത്തിന് ശേഷവും അമേത്തി കോൺഗ്രസിന്റെ ശക്തികേന്ദ്രമായി തുടർന്നു. രാജീവിൻ്റെ മരണശേഷം ഗാന്ധി കുടുംബത്തിൻ്റെ വിശ്വസ്തനായ സതീഷ് ശർമ്മ 1991 ലും 1996 ലും രണ്ട് തവണ ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 1999 ൽ അമേഠിയിൽ നിന്നാണ് സോണിയ ഗാന്ധി തൻ്റെ തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിച്ചത്. അമേഠിയിൽ നിന്നും മാറിയ മനേക 1989 ൽ പിലിഭിത്തിൽ നിന്നും ജനതാദൾ പാർട്ടി ടിക്കറ്റിൽ വൻ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. 1991പിലിഭിത്തിൽ ബിജെപിയുടെ പരശുറാമിനോട് ജനതാദൾ സ്ഥാനാർത്ഥിയായി പരാജയപ്പെട്ടു.
1996ൽ ജനതാദൾ സ്ഥാനാർത്ഥിയായി മണ്ഡലം തിരിച്ചുപിടിച്ചു . 1999 ൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് മണ്ഡലം നിലനിർത്തി. ആ തെരഞ്ഞെടുപ്പിൽ 57.94 ശതമാനം വോട്ടുകളാണ് അവർ നേടിയത്. സ്വതന്ത്ര സ്ഥാനാർത്ഥിയെന്ന പേരിൽ അത് റെക്കോർഡായിരുന്നു. 2004 ൽ ബിജെപിയിൽ ചേർന്ന് മേനക ബിജെപി സ്ഥാനാർത്ഥിയായി മണ്ഡലം നിലനിർത്തി. 2009 ൽ മണ്ഡലം മകൻ വരുണിന് അവർ കൈമാറി. 2009, 2014, 2019 വർഷങ്ങളിൽ മേനക സുൽത്താൻപൂരിൽ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ആദ്യ മത്സരത്തിൽ 4.19 ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വരുൺ ഗാന്ധി വിജയിച്ചത്. 2014ലും 2019ലും മികച്ച ജയം ആവർത്തിച്ചു. 2.44 ലക്ഷമായിരുന്നു കഴിഞ്ഞതിന് മുൻപത്തെ ഭൂരിപക്ഷം. പിലിഭിത്ത് മണ്ഡലത്തിൽ സിറ്റിംഗ് എം പി യായ വരുണിനെ തഴയുന്ന കാഴ്ചയായിരുന്നു എല്ലാവരും കണ്ടത്. മണ്ഡലത്തിൽ വരുൺ ഗാന്ധി പ്രചാരണം തുടങ്ങിയതിന് ശേഷമാണ് വരുണിന് സീറ്റ് നിഷേധിച്ചത്. മേനകയുടെ മകന് സീറ്റ് നൽകില്ലെന്ന് നേരത്തെ അഭ്യുഹങ്ങളുണ്ടായിരുന്നു. പാർട്ടി സീറ്റ് നിഷേധിച്ചാലും മത്സരിക്കാൻ ഉറച്ചുതന്നെയായിരുന്നു വരുണിൻ്റെ നീക്കം.
മണ്ഡലത്തിൽ സ്വന്തമായി ബ്രിഗേഡ് ഉണ്ടാക്കിയായിരുന്നു പ്രചരണം. വരുണിനെ എസ്.പി ടിക്കറ്റിൽ മത്സരിപ്പിക്കുന്നതിൽ തൻ്റെ പാർട്ടി വിമുഖത കാണിക്കില്ലെന്ന് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും അന്ന് വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് നേതാക്കളും ബന്ധുക്കളുമായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി മികച്ച ബന്ധമാണ് വരുണിനുള്ളത്. ഏറെക്കാലമായി ബിജെപിയുടെ പാർട്ടി വേദികളിൽ ഒട്ടും സജീവമല്ല വരുൺ ഗാന്ധി. വരുണ്‍ ഗാന്ധിയുടെ സമീപകാല പ്രസ്താവനകളെല്ലാം അദ്ദേഹം പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നു എന്ന സൂചന നല്‍കുന്നതാണ്. വരുണ്‍ ഗാന്ധി സ്വന്തം പാര്‍ട്ടിയുടെ നയങ്ങളെയും നടപടികളേയും തുറന്ന് വിമര്‍ശിക്കാന്‍ തുടങ്ങിയിട്ട് നാല് വര്‍ഷത്തോളമായി. ഏറ്റവും ഒടുവില്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ അദ്ദേഹം പങ്കെടുത്തേക്കും എന്ന തരത്തില്‍ പോലും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലേക്കുള്ള പ്രവേശനത്തിന് സാധ്യത തേടുകയാണോ എന്ന് പലരും ആശ്ചര്യപ്പെടുകയും ചെയ്തു. മൂന്നു വര്‍ഷത്തിലേറെയായി പ്രമുഖ ജേണലുകളില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളില്‍ ബിജെപിയോടുള്ള അദ്ദേഹത്തിന്റെ രോഷം പ്രകടമാണ്. ബിജെപിയില്‍ ഇനി തനിക്ക് ഭാവി ഇല്ല എന്ന് വരുണ്‍ ഗാന്ധിക്ക് ബോധ്യമുണ്ട്. തന്റെ ‘മാതൃപാര്‍ട്ടിയായ’ കോണ്‍ഗ്രസിലേക്ക് അദ്ദേഹം തിരിച്ചുപോകുമോ എന്നതാണ് പ്രധാനമായും ഇന്ന് ഉയരുന്ന ചോദ്യം. കോണ്‍ഗ്രസിലല്ലാതെ മറ്റൊരു പാര്‍ട്ടിയിലും അദ്ദേഹത്തിന് ദേശീയ വ്യക്തിത്വം നിലനിര്‍ത്താന്‍ സാധിക്കില്ല. എങ്കിലും എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ്, എസ് പി എന്നിവ അദ്ദേഹത്തിന്റെ രണ്ടാം ഓപ്ഷനായി ഉണ്ടായിരിക്കാനാണ് സാധ്യത.