കണ്ണൂര്‍: കെപിസിസി നേതൃമാറ്റവുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ചര്‍ച്ചകളെന്നത് മാധ്യമസൃഷ്ടിയാണ്. താനുമായി ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ചര്‍ച്ച നടക്കുന്നതായി തനിക്ക് ഒരു വിവരവുമില്ല. നേതൃമാറ്റവുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം ഉത്തരവാദിത്തപ്പെട്ട ആളുകള്‍ ചോദിച്ചാല്‍ അവരോട് പറയും, മാധ്യമങ്ങളോട് പറയില്ലെന്നും സതീശന് വ്യക്തമാക്കി.
സംഘടനാപരമായ കാര്യങ്ങള്‍ അതിന്റേതായ വേദികളില്‍ പറയും. എല്ലാവര്ക്കും അതിനുള്ള വേദിയുണ്ടെന്നും സതീശന് ചൂണ്ടിക്കാട്ടി. കെപിസിസി അധ്യക്ഷനെ മാറ്റുന്നത് സംബന്ധിച്ച വാര്‍ത്തകളോട് യുവാക്കള്‍ ഉള്‍പ്പെടെ പല നേതാക്കളും പരസ്യപ്രതികരണങ്ങള്‍ നടത്തുന്ന സാഹചര്യത്തിലാണ് സതീശന്റെ മറുപടി.
മുതിര്‍ന്ന നേതാക്കളുടേയും യുവാക്കളുടേയും അഭിപ്രായം കേള്‍ക്കും അത് ചെയ്യുമെന്ന് ചാണ്ടി ഉമ്മന്റെ പ്രതികരണം സംബന്ധിച്ച ചോദ്യത്തിന് സതീശന് മറുപടി പറഞ്ഞു. മുതിര്‍ന്ന നേതാക്കളുടെ അനുഭവപരിചയവും യുവാക്കളുടെ ആവേശവും കൂട്ടിച്ചേര്‍ത്താകും പ്രവര്‍ത്തനമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്തിനിടയിലെ കോണ്‍ഗ്രസിന്റെ ഏറ്റവും മികച്ച സമയാണിതെന്ന് സതീശന് പറഞ്ഞു. ഒറ്റക്കെട്ടായാണ് പാര്‍ട്ടിയും മുന്നണിയും മുന്നോട്ട് പോകുന്നതെന്ന് ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് അഭിപ്രായപ്പെട്ടു.