15 വർഷം കാലാവധി കഴിഞ്ഞ വാഹനങ്ങൾ നികുതിയടച്ച് രജിസ്ട്രേഷൻ പുതുക്കാൻ അടുത്തമാസം മുതൽ ചെലവേറും. ഇലക്ട്രിക് വാഹനങ്ങൾക്കും വില വർധിക്കും. വാഹനങ്ങളുടെ നികുതിനിരക്കിലെ മാറ്റം ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്നതിനെ തുടർന്നാണിത്.എന്നാൽ ടൂറിസ്റ്റ്, സ്വകാര്യബസുകൾ ഉൾപ്പെടെയുള്ളവക്ക് നികുതി നിരക്കിൽ ഏകീകരണവും കുറവും വരും. പുതിയ നിരക്കുകൾ സംബന്ധിച്ച് ട്രാൻസ്പോർട്ട് കമീഷണർ സി.എച്ച്. നാഗരാജു സർക്കുലർ പുറപ്പെടുവിച്ചു.മാർച്ച് 31ന് മുമ്പ് പൂർണമായും പണമടച്ച് ബുക്ക് ചെയ്ത വാഹനങ്ങളെ ഈ നികുതി വ്യത്യാസത്തിൽ നിന്ന് ഒഴിവാക്കും. കോൺട്രാക്ട് കാര്യേജിലെ ഓർഡിനറി, പുഷ്ബാക്ക് സീറ്റ് വേർതിരിവ് ഒഴിവാകും.
ചെലവ് കൂടുന്നത്
15 വർഷ കാലാവധി കഴിഞ്ഞ് രജിസ്ട്രേഷൻ പുതുക്കുന്ന ഇരുചക്രവാഹനങ്ങൾ, സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന ഓട്ടോറിക്ഷകൾ എന്നിവക്ക് അഞ്ചുവർഷത്തേക്കുള്ള നികുതി 900 രൂപയിൽനിന്ന് 1350 ആകും.15 വർഷം കഴിഞ്ഞ 750 കി.ഗ്രാം വരെയുള്ള കാറുകളുടെ നികുതി 6400 ൽനിന്ന് 9600 രൂപയാകും.750 കിലോ മുതൽ 1500 കി.ഗ്രാം വരെയുള്ള കാറുകളുടെ നികുതി 8600ൽ നിന്ന് 12,900 ആകും.1500 കിലോക്ക് മുകളിൽ ഭാരം വരുന്ന കാറുകൾക്ക് 10,600ൽനിന്ന് 15,900 രൂപയാകും.ഇലക്ട്രിക് മോട്ടോർ സൈക്കിളുകളുടെയും വ്യക്തിഗത ആവശ്യത്തിനുള്ള ഇലക്ട്രിക് ഓട്ടോറിക്ഷകളുടെയും ഒറ്റത്തവണ നികുതി, വിലയുടെ അഞ്ചുശതമാനം എന്ന നിലവിലെ നിരക്കിൽ തുടരും.15 ലക്ഷം വരെയുള്ള ഇലക്ട്രിക് കാറുകളുടെ നികുതി വാങ്ങുന്ന വിലയുടെ അഞ്ചുശതമാനമായിരിക്കും.15 – 20 ലക്ഷത്തിനിടയിലുള്ള ഇലക്ട്രിക് കാറുകൾക്ക് എട്ട് ശതമാനവും 20 ലക്ഷത്തിന് മുകളിലുള്ളവക്ക് വാങ്ങൽ വിലയുടെ 10 ശതമാനവുമായിരിക്കും നികുതി.
നികുതി കുറയുന്നത്
ഏഴുമുതൽ 12 വരെ യാത്രക്കാരുമായി പോകുന്ന കോൺട്രാക്ട് കാര്യേജ് വാഹനങ്ങളുടെ ത്രൈമാസ നികുതി സീറ്റൊന്നിന് 390 രൂപയാകും.13 മുതൽ 20 വരെ യാത്രക്കാരുമായി പോകുന്ന വാഹനത്തിന് സീറ്റൊന്നിന് 600 രൂപയാകും.20ന് മുകളിൽ യാത്രക്കാരുള്ളവക്ക് സീറ്റൊന്നിന് 900 രൂപയാകും ത്രൈമാസ നികുതി.”സ്ലീപ്പർ െബർത്തുകൾ ഘടിപ്പിച്ച ബസുകൾക്ക് ത്രൈമാസനികുതി സീറ്റൊന്നിന് 1500 രൂപയായി. ഇത്തരം വാഹനങ്ങളിൽ സീറ്റുകൾക്കൊപ്പം െബർത്തും ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ ഓരോ ബെർത്തിനും 1500 രൂപയും സീറ്റിന് 900 രൂപ നിരക്കിലും നികുതി ഈടാക്കും.ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അയൽസംസ്ഥാനത്തുനിന്ന് എത്തുന്ന ബസുകൾക്ക് സീറ്റൊന്നിന് 2500 രൂപയായിരിക്കും നികുതി. എന്നാൽ, െബർത്തുള്ളവക്ക് 4000 രൂപ എന്ന നിരക്കിൽ മാറ്റമുണ്ടാകില്ല.ഓർഡിനറി പെർമിറ്റുള്ള സ്റ്റേജ് കാര്യേജുകളിലെ ത്രൈമാസ നികുതി ഓരോ യാത്രക്കാരനും 540 എന്നത് 490 രൂപയാകും.ഫാസ്റ്റ് പാസഞ്ചർ, എക്സ്പ്രസ് പെർമിറ്റുള്ള ബസുകളുടെ ത്രൈമാസ നികുതി യാത്രക്കാരന് 620 എന്നത് 560 രൂപയാകും.” ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ, എക്സ്പ്രസ് പെർമിറ്റുള്ള ബസുകളിൽനിന്ന് യാത്രചെയ്യാൻ അനുവദിച്ചിട്ടുള്ളതിൽ ഒരു യാത്രക്കാരന് 190 എന്നത് 170 രൂപയാകും. ടൗൺ, സിറ്റി പെർമിറ്റുള്ള ബസുകളിൽ ഇത് 140 ൽനിന്ന് 130 ആയി കുറയും.തറവിസ്തീർണത്തിന്റെ അടിസ്ഥാനത്തിൽ നികുതി അടക്കേണ്ട വാഹനങ്ങളുടെ നികുതിയിലും കുറവുണ്ടാകും
ഒഴിവാക്കി നൽകുന്നത്
ഏപ്രിൽ ഒന്നുമുതൽ പുതിയ നികുതി നിരക്ക് നിലവിൽ വരുന്നതിനാൽ മാർച്ച് 31ന് മുമ്പ് ഉയർന്നനിരക്കിൽ നികുതി അടച്ചിട്ടുണ്ടെങ്കിൽ തുടർന്നുള്ള കാലയളവിൽ നികുതിയൊടുക്കുമ്പോൾ ഇളവ് ലഭിക്കും.മാർച്ച് 31ന് രാത്രി 12ന് മുമ്പ് മുഴുവൻ തുകയും അടച്ച് ബുക്ക് ചെയ്ത ഇലക്ട്രിക് വാഹനങ്ങൾക്ക് ഈ നികുതി വർധന ബാധകമല്ല.മാർച്ച് 31ന് മുമ്പ് പഴയനിരക്കിൽനികുതി അടച്ച് ഏപ്രിൽ ഒന്നിനുശേഷമാണ് ഇലക്ട്രിക് വാഹനത്തിന്റെ ബാക്കി തു അടച്ചിട്ടുള്ളതെങ്കിൽ ശേഷിക്കുന്ന തുക ഈടാക്കണമെന്ന ഉത്തരവിലുണ്ട്.