തിരുവനന്തപുരം: വെഞ്ഞാറമൂടിൽ ഇരുപത്തിമൂന്നുകാരനായ യുവാവ് ബന്ധുക്കളടക്കം അഞ്ചു പേരെ കൊന്നതിൻ്റെ ഞെട്ടലിലാണ് നാടൊന്നാകെ. കൊലപാതക വിവരം പൊലീസ് സ്റ്റേഷനിലെത്തി അറിയിച്ചത് പ്രതി അഫാൻ തന്നെയാണ്. ഇന്നലെ രാത്രി എട്ടേ കാലോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി പ്രതി അഫാൻ പറഞ്ഞു. ഞാൻ ആറു പേരെ കൊന്നു. ഞെട്ടലോടെ ഇതുകേട്ട പൊലീസുകാർ ഇയാളെയും കൂട്ടി പോരുമലയിലെ വീട്ടിലെത്തി. വീടിൻ്റെ ഗേറ്റ് പുറത്തു നിന്ന് പൂട്ടിയിരുന്നു. താഴുതകർത്ത് അകത്ത് കയറിയപ്പോൾ മുൻവാതിലും പൂട്ടിയിട്ടുണ്ടായിരുന്നു. എല്ലാ ജനാലകളും അടച്ചിരുന്നു.
അടുക്കളവാതിൽ തകർത്ത് പൊലീസും നാട്ടുകാരും ഉള്ളിൽ കയറിയപ്പോൾ പാചകവാതകത്തിൻ്റെ ഗന്ധം. കൂട്ടക്കൊലയ്ക്ക് ശേഷം ഗ്യാസ് കുറ്റി തുറന്നുവിട്ടിട്ടായിരുന്നു പ്രതി പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്. പിന്നീട് ബാക്കി സ്ഥലങ്ങളിലും എത്തി പൊലീസ് കൊലപാതകങ്ങൾ ഉറപ്പ് വരുത്തി.സാമ്പത്തിക പ്രതിസന്ധികളാണ് കൊലപാതക കാരണമെന്നാണ് പ്രതി പൊലീസിന് നൽകിയ ആദ്യ മൊഴി. ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പ്രണയം വീട്ടുകാർ അംഗീകരിക്കാത്തതിൻ്റെ പകയിലെന്ന് ചില നാട്ടുകാർ പറയുന്നു. ശാന്തപ്രകൃതനായിരുന്നു പ്രതിയെന്നും ആർക്കും മുഖം കൊടുക്കാത്ത തരമായിരുന്നുവെന്നും വേറെ ചിലർ പറയുന്നു.