പത്തനംതിട്ട: നാരങ്ങാനം വില്ലേജ് ഓഫീസർ ജോസഫിനെതിരെ സിപിഐഎം പത്തനംതിട്ട ഏരിയാ സെക്രട്ടറി എം.വി. സഞ്ജു വധഭീഷണി മുഴക്കിയതായി പരാതി. കെട്ടിടനികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് എം.വി. സഞ്ജു “വില്ലേജ് ഓഫീസിൽ കയറി വെട്ടുമെന്നു” പറഞ്ഞതെന്ന് ജോസഫ് പരാതിയിൽ അറിയിച്ചു. ഫോണിലൂടെയായിരുന്നു ഭീഷണി. 2022 മുതൽ കെട്ടിടനികുതി അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന്, വില്ലേജ് ഓഫീസർ എം.വി. സഞ്ജുവിനെ ബന്ധപ്പെടുകയായിരുന്നു. നികുതി അടയ്ക്കാൻ കഴിയില്ലെന്ന മറുപടി ലഭിച്ചതോടെ, നിയമപരമായ നടപടികൾ നേരിടേണ്ടിവരുമെന്ന് ഓഫീസർ അറിയിക്കുകയായിരുന്നു. ഇതോടെ പ്രകോപിതനായ സഞ്ജു ഭീഷണി മുഴക്കിയതായി പരാതിയിൽ പറയുന്നു.
എന്നാൽ ആരോപണം നിഷേധിച്ച എം.വി. സഞ്ജു, വില്ലേജ് ഓഫീസർ പ്രചരിപ്പിക്കുന്നത് എഡിറ്റുചെയ്ത സംഭാഷണമാണെന്നും, താനല്ല ആദ്യം ഫോൺ വിളിച്ചതെന്നും വിശദീകരിച്ചു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.