ഡല്‍ഹി: വിസ്മയ കേസില്‍ ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരണ്‍ കുമാര്‍ നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ നോട്ടീസ്. സംസ്ഥാന സര്‍ക്കാരിനാണ് സുപ്രീംകോടതി നോട്ടീസ് അയച്ചത്. ജസ്റ്റിസുമാരായ എം എം സുന്ദരേഷ് രാജേഷ് ബിന്ദല് എന്നിവരുടെ ബെഞ്ചാണ് നോട്ടീസ് അയച്ചത്.
പത്ത് വര്‍ഷം തടവ് ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെയാണ് പ്രതി കിരണ്‍ സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ തവണ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചെങ്കിലും വിശദമായ വാദങ്ങളിലേക്ക് കടന്നില്ല. പ്രതി ഇതേ ആവിശ്യവുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും തീരുമാനമാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാന്‍ തെളിവില്ല എന്നാണ് വാദം.
ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് 2021 ജൂണിലാണ് വിസ്മയ ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ചത്. ഭര്‍ത്താവിന്റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് തുടക്കം മുതല്‍ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. 100 പവന് സ്വര്‍ണവും ഒന്നേ കാല് ഏക്കര്‍ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറും മകള്‍ക്കൊപ്പം സ്ത്രീധനമായി നല്‍കിയാണ് വിസ്മയയെ വിവാഹം ചെയ്ത് നല്‍കിയത്. എന്നാല്‍ വിവാഹം കഴിഞ്ഞതോടെയാണ് കിരണിന്റെ യഥാര്‍ത്ഥ മുഖം പുറത്തുവന്നതെന്ന് കുടുംബം പറയുന്നു. സ്ത്രീധനമായി നല്കിയ കാറിന്റെ പേരിലാണ് പീഡനം തുടങ്ങിയതെന്നും കുടുബാംഗങ്ങള്‍ പറയുന്നു. തനിക്ക് ഇഷ്ടപ്പെട്ടാത്ത കാറാണ് വിസ്മമയയുടെ വീട്ടുകാര്‍ നല്‍കിയതെന്ന് കുറ്റപ്പെടുത്തിയുളള ഫോണ്‍ സംഭാഷണം അടക്കം പുറത്ത് വന്നിരുന്നു.
വാങ്ങി നല്കിയ കാറിന് പത്ത് ലക്ഷം രൂപ മൂല്യമില്ലെന്ന് പറഞ്ഞായിരുന്നു കിരണിന്റെ പീഡനം. കിരണിന്റെ വീട്ടില്‍ നിര്‍ത്തിയാല്‍ തന്നെ ഇനി കാണില്ലെന്ന് പൊട്ടി കരഞ്ഞ് പറയുന്ന ശബ്ദരേഖയും പുറത്തുവന്നു. പീഡനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലേക്ക് പോയ വിസ്മയയെ കോളേജില്‍ നിന്നുമാണ് വീണ്ടും കിരണ്‍ കൂട്ടിക്കൊണ്ട് പോയത്. ശേഷമായിരുന്നു ആത്മഹത്യ നടന്നത്.