തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി പ്രതിസന്ധിയില്‍. സഹായമായി നല്കിയ തുക കേന്ദ്രസര്‍ക്കാര്‍ വായ്പയാക്കി മാറ്റിയതോടെയാണ് പദ്ധതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. 817 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് പലിശ സഹിതം തിരിച്ചടയ്ക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഉപാധിവെച്ചത്. അതേസമയം കേന്ദ്ര സഹായം വായ്പയാക്കി മാറ്റരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് കത്തയച്ചു.
കേന്ദ്രസര്‍ക്കാരിന്റെ മലക്കം മറിച്ചിലിന് പിന്നില്‍ അദാനിയുടെ സമ്മര്‍ദ്ദമെന്നാണ് പുറത്തുവരുന്ന സൂചനകള്‍ പറയുന്നത്. ഒക്ടോബര്‍ അവസാന ആഴ്ചയിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനത്തിന്റെ മിനുട്ട്സ് സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് വായ്പയായാണ് നല്‍കിയത് എന്നാണ് കത്തില്‍ പറയുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഈ മലക്കം മറിച്ചിലോടെ പലിശയുള്‍പ്പെടെ 10,000 കോടി രൂപയോളം സര്‍ക്കാരിന് തിരിച്ചടക്കേണ്ടിവരും.
അതേസമയം കേരളപ്പിറവി ദിനത്തില്‍ വിഴിഞ്ഞത്ത് എം എസ് സിയുടെ ‘വിവിയാന’ മദര്‍ഷിപ്പ് നങ്കുരമിടും. 400 മീറ്റര്‍ നീളവും 58 മീറ്റര്‍ വീതിയുമാണ് വിവിയാനയ്ക്കുള്ളത്. ഉച്ചയോടെ മദര്‍ഷിപ്പ് ബെര്‍ത്തിലടുപ്പിക്കും. ട്രയല്‍ റണ്ണിന്റെ ഭാഗമായി കൂടുതല്‍ കപ്പലുകളും അടുത്ത ദിവസങ്ങളില്‍ വിഴിഞ്ഞത്തെത്തും.