ന്യൂഡൽഹി: ഇലക്ട്രാണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണുന്നതിനൊപ്പം വിവിപാറ്റുകളിലെ സ്ലിപ്പുകളും മുഴുവൻ ഒത്തുനോക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി തള്ളിയത് പ്രതിപക്ഷത്തിന്റെ മുഖത്തേറ്റ കനത്ത അടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
പ്രതിപക്ഷം രാജ്യത്തോട് മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിഹാറിലെ അരാരിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ജനാധിപത്യത്തിന്റെ ശുഭദിനമാണെന്ന് പറഞ്ഞ മോദി, ലോകം നമ്മുടെ ജനാധിപത്യത്തെയും തിരഞ്ഞടുപ്പ് പ്രക്രിയയെയും പുകഴ്ത്തുമ്പോൾ പ്രതിപക്ഷം അവരുടെ വ്യക്തിപരമായ നേട്ടങ്ങൾക്കായി അതിനെ അപകീർത്തിപ്പെടുത്തുകയാണെന്നും വിമർശിച്ചു. പട്ടിക ജാതി, പട്ടിക വർഗ, മറ്റു പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കാൻ കോൺഗ്രസ് ഗൂഢാലോചന നടത്തിയെന്നും താൻ ഇത് വളരെ ഉത്തരവാദിത്തോടുകൂടിയാണ് പറയുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യയിൽ മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം സാധ്യമല്ലെന്ന് ബി.ആർ. അംബേദ്ക്കർ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാൽ മതാടിസ്ഥാനത്തിലുള്ള സംവരണം നടപ്പാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.
രാജ്യത്ത് കർണാടക മോഡൽ സംവരണം കൊണ്ടുവരാനാണ് കോൺഗ്രസ് നീക്കം. ഒബിസി വിഭാഗത്തെ വഞ്ചിച്ച അവർ, കർണാടകയിലെ എല്ലാ മുസ്ലീംകളേയും അവരുടെ സാമ്പത്തികസ്ഥിതി പരിഗണിക്കാതെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തിയെന്നും പ്രധാനമന്ത്രി വിമർശിച്ചു.
അതേസമയം, തിരഞ്ഞെടുപ്പ് കമ്മിഷന് ചില നിർദേശങ്ങൾ നൽകികൊണ്ടായിരുന്നു ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് ഹർജികൾ തള്ളിയത്. രണ്ട് നിർദേശങ്ങളാണ് നൽകിയിട്ടുള്ളത്. വോട്ടിങ് മെഷീനിൽ ചിഹ്നം ലോഡുചെയ്യൽ പ്രക്രിയ പൂർത്തിയാക്കിയ ശേഷം, സിംബൽ ലോഡിംഗ് യൂണിറ്റ് സീൽ ചെയ്യണം എന്നതാണ് ഒരു നിർദേശം.
ഫലപ്രഖ്യാപനത്തിന് ശേഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തോടൊപ്പം സിംബൽ ലോഡിങ് യുണിറ്റും 45 ദിവസത്തേക്ക് സ്ട്രോങ്ങ് റൂമിൽ സൂക്ഷിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ഫലപ്രഖ്യാപനത്തിന് ശേഷംഅഞ്ച് ശതമാനം ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ്, വിവിപാറ്റ് യൂണിറ്റ് എന്നിവയിലെ മൈക്രോ കൺട്രോളർ യൂണിറ്റ് ഇലക്ട്രാണിക് വോട്ടിങ് യന്ത്രം എൻജിനീയർമാരെ കൊണ്ട് പരിശോധിപ്പിക്കാൻ സ്ഥാനാർത്ഥികൾക്ക് അവസരം നൽകണം.
തിരഞ്ഞെടുപ്പിൽ രണ്ടും, മൂന്നും സ്ഥാനങ്ങളിൽ എത്തുന്ന സ്ഥാനാർത്ഥികൾ എഴുതി നൽകിയാൽ ആണ് ഈ പരിശോധന നടത്തേണ്ടത്. ഫലപ്രഖ്യാപനം നടന്ന് ഏഴ് ദിവസത്തിനുള്ളിലാണ് പരിശോധന ആവശ്യപ്പെട്ട് കത്ത് നൽകേണ്ടത്.
പരിശോധനയുടെ ചെലവ് സ്ഥാനാർഥികൾ വഹിക്കണം. എന്നാൽ ഇലക്ട്രാണിക് വോട്ടിങ് യന്ത്രത്തിൽ ക്രമക്കേട് കണ്ടെത്തിയാൽ ഈ തുക കമ്മിഷൻ തിരികെ നൽകണം. തിരഞ്ഞെടുപ്പ് സംവിധാനം ബാലറ്റ് പേപ്പറുകളിലേക്ക് തിരിച്ചുപോകണം എന്ന ആവശ്യവും കോടതി തള്ളിയിരുന്നു.