കോഴിക്കോട്: ലോക്സഭയിൽ വഖഫ് ഭേദഗതി ബിൽ അവതരപ്പിച്ചതിൽ കൃത്യമായ ഇടപെടലുകൾ നടത്താത്ത ഷാഫി പറമ്പിൽ എംപിക്കെതിരെയും സഭയിൽ പങ്കെടുക്കാത്ത പ്രിയങ്ക ഗാന്ധിക്കെതിരെയും വിമർശനവുമായി സമസ്ത നേതാക്കൾ. കേരളത്തിലെ മുസ്ലിം സമുദായമായ പ്രതിനിധിയായി കോൺഗ്രസ് നൽകി ടിക്കറ്റിൽ ജയിച്ചത് ഷാഫി പറമ്പിലാണ്. ഇഖ്റാ ചൗധരിയെയും, ഇമ്രാനെയും, ഉവൈസിയെയൊന്നും മാതൃകയാക്കിയില്ലെങ്കിലും മണിപ്പൂർ വിഷയത്തിൽ ഡീൻ കുര്യാക്കോസും ഹൈബി ഈഡനുമൊക്കെ കാണിച്ച നട്ടെല്ല് ഇടയ്ക്കൊക്കെ വായ്പ കിട്ടുമോ എന്ന് അന്വേഷിക്കുന്നതാവാമെന്നാണ് സമസ്ത ഇ കെ വിഭാഗം നേതാവ് സത്താർ ഫേസ്ബുക്കിൽ കുറിച്ചത്.
കെ സി വേണുഗോപാലിന്റെ നേതൃത്വത്തിൽ എൻ കെ പ്രേമചന്ദ്രനും ഹൈബി ഈഡനും ഇ ടി മുഹമ്മദ് ബഷീറും ഒക്കെ സഭയിൽ സ്വീകരിച്ച നിലപാടുകൾക്ക് സമുദായ അംഗങ്ങൾ എന്നും നന്ദിയുള്ളവരാണ്.കോൺഗ്രസ് വിപ്പു പോലും കാറ്റിൽ പറത്തി സഭയിൽ നിന്നു വിട്ടു നിന്ന പ്രിയങ്കഗാന്ധി നിരാശപ്പെടുത്തി. രാജ്യത്തെ സംഘപരിവാർ വിരുദ്ധ പോരാട്ടം നയിക്കാനാണ് വയനാട് അവർക്ക് നാലരലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം നൽകിയത്. തത്തമ്മേ പൂച്ച എന്ന മട്ടിൽ പെരുന്നാൾ ആശംസ പറഞ്ഞാൽ 48% മുസ്ലിം വോട്ടുള്ള വയനാടിനു തൃപ്തിയാകും എന്നാണ് ധാരണയെങ്കിൽ അതു ഭോഷ്കാണെന്നും സത്താർ പന്തല്ലൂർ അഭിപ്രായപ്പെട്ടു.
അതേസമയം പ്രിയങ്ക ഗാന്ധി ചികിത്സയിലുള്ള അടുത്ത ബന്ധുവിനെ കാണാനായി വിദേശ യാത്ര നടത്തുന്നതിൽ മുൻകൂട്ടി പാർട്ടി അനുമതി നൽകിയിരുന്നുവെന്ന് കോൺഗ്രസ് വ്യക്തമാക്കി. യാത്രക്ക് ലോക്സഭ സ്പീക്കർ അനുമതി നൽകിയിരുന്നുവെന്നും കോൺഗ്രസ് വിശദീകരിച്ചു.