ബോബി ചെമ്മണ്ണൂരിനെതിരായ നടി ഹണി റോസിന്റെ പരാതി പൊതുസമൂഹത്തിൽ സൃഷ്ടിച്ച ചലനം ചെറുതൊന്നുമല്ല. ഹണി റോസ് ഉൾപ്പെടെയുള്ള സ്ത്രീകൾ സാമൂഹ്യ മാധ്യമങ്ങളിൽ നേരിടുന്ന ലൈംഗിക വൈകൃത കമന്റുകൾക്ക് ഒരു പരിധിവരെ അറുതി വരുത്തുവാൻ ഹണിയുടെ നിയമ പോരാട്ടങ്ങൾക്ക് കഴിഞ്ഞു. വലിയ പിന്തുണയാണ് പൊതുസമൂഹം ഹണിക്ക് നൽകിയത്. എന്നാൽ രാഹുൽ ഈശ്വറിനെതിരായ ഹണിയുടെ പരാതി പാളിയെന്നാണ് സൂചന. സാമൂഹിക നിരീക്ഷകനായ രാഹുൽ ഈശ്വറിനെതിരെ പൊലീസിൽ പരാതി നൽകിയ ഹണി റോസിൻ്റെ നിലപാട് പൊതു സമൂഹത്തിനിടയിൽ വ്യത്യസ്ത അഭിപ്രായങ്ങൾക്ക് കാരണമായിട്ടുണ്ട്.
ഹണിറോസിനൊപ്പം ഉറച്ച് നിന്ന ജനങ്ങളിൽ നല്ലൊരു വിഭാഗത്തിനും രാഹുൽ ഈശ്വറിനെതിരെ ഹണിറോസ് കേസ് കൊടുത്തതിൽ ശക്തമായ ഭിന്നാഭിപ്രായമുണ്ട്. അതാകട്ടെ പലരും പരസ്യമായി പ്രകടിപ്പിക്കുവാനും തുടങ്ങിയിട്ടുണ്ട്. വസ്ത്ര സ്വാത്രന്ത്ര്യം ഹണി റോസിൻ്റെ മൗലികാവകാശമാണെന്നതു പോലെ തന്നെ അഭിപ്രായം തുറന്നു പറയുക എന്നത് ഭരണഘടന ഓരോ പൗരനും നൽകുന്ന മൗലികാവകാശമാണ്. അങ്ങനെ നോക്കിയാൽ, നിലപാട് പറയാൻ രാഹുൽ ഈശ്വറിനും മൗലികാവകാശമുണ്ടെന്നതും ഹണിറോസിനെ ഓർമ്മപ്പെടുത്തുന്ന വരും ഉണ്ട്. രാഹുൽ ഈശ്വർ എന്തെങ്കിലും അഭിപ്രായം പറയുന്നത് കൊണ്ട് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ താൻ കൊടുത്ത ലൈംഗികാധിക്ഷേപ പരാതിയുടെ ഗൗരവം ചോർന്നുപോകുമെന്നും ജനങ്ങളുടെ പൊതുബോധം തനിക്കുനേരെ തിരിയുമെന്നുമൊക്കെയുള്ള ഹണി റോസിൻ്റെ വാദം ബാലിശമെന്ന് ചൂണ്ടിക്കാട്ടുന്നവരും ഏറെയാണ്.
ഹണിറോസിനോട് ബോബി ചെമ്മണ്ണൂർ ചെയ്തത് താൻ ന്യായീകരിക്കുന്നില്ല എന്ന് തന്നെയാണ് തൻ്റെ പ്രതികരണങ്ങളിൽ രാഹുൽ ഈശ്വർ നടത്തിയിരിക്കുന്നത്. ഇതോടൊപ്പം ഹണിറോസ് പൊതു പരിപാടികൾക്ക് എത്തുമ്പോൾ, വസ്ത്രധാരണത്തിൽ ശ്രദ്ധിക്കണമെന്ന് പറഞ്ഞത് മഹാ അപരാധമായി എങ്ങനെയാണ് നമുക്ക് വിലയിരുത്താൻ കഴിയുകയെന്ന് പലരും സാമൂഹ്യ മാധ്യമങ്ങളിൽ ചോദ്യമുയർത്തുന്നു. മുൻപും ഒട്ടേറെ വിഷയങ്ങളിൽ വ്യത്യസ്ത അഭിപ്രായ പ്രകടനം നടത്തിയ വ്യക്തിയാണ് രാഹുൽ ഈശ്വർ. അതുകൊണ്ടു തന്നെ ഹണിറോസ് വിഷയത്തിലെ രാഹുൽ ഈശ്വറിൻ്റെ പ്രതികരണം ബോധപൂർവ്വമാണെന്ന് കരുതാൻ കഴിയുകയുമില്ല.
രാഹുൽ ഈശ്വറിൻ്റെ പ്രതികരണം സൈബർ ഇടങ്ങളിൽ ആളുകൾ തനിക്കെതിരെ തിരിയാൻ കാരണമായെന്ന് പറയുന്ന ഹണിറോസ്, സമൂഹമാധ്യമങ്ങളുടെ പിറവിയോടെ ആര് എന്ത് പോസ്റ്റിട്ടാലും അതിനെ എതിർത്തും അനുകൂലിച്ചും ആളുകൾ വ്യാപകമായി രംഗത്ത് വരാറുണ്ട് എന്നതുകൂടി ഉൾക്കൊള്ളണമെന്ന് വിമർശകർ പറയുന്നു. രാഹുൽ ഈശ്വർ വിമർശിക്കുന്നത് ഹണി റോസിന്റെ വസ്ത്രധാരണത്തെ മാത്രമാണ്. അതിന് അപ്പുറത്തേക്ക് ഹണിക്കെതിരായ ലൈംഗിക അതിക്രമങ്ങളിൽ അദ്ദേഹം കൃത്യമായി അവർക്കൊപ്പം നിലകൊള്ളുകയും ചെയ്യുന്നു. ആരെന്ത് ധരിക്കണമെന്ന് അവരുടെ മാത്രം സ്വാതന്ത്ര്യം ആകുമ്പോൾ പറയുന്നതിൽ എന്തെങ്കിലും കഴമ്പുണ്ടോ എന്ന് രാഹുൽ ഈശ്വറും ചിന്തിക്കേണ്ടതുണ്ട്. അപ്പോഴും രാഹുൽ പൊതുസമൂഹത്തിൽ പറഞ്ഞുവെക്കുന്നത് അവിടെ ക്രിയാത്മകമായ ചർച്ചകൾക്ക് വേണ്ടിയാണ്. അതിൽ ഹണിക്ക് ഉണ്ടാകുന്ന അസ്വസ്ഥതകൾ അല്പം ഓവർ ആണോ എന്ന് പൊതുസമൂഹം ചിന്തിച്ചാൽ തെറ്റൊന്നും പറയാൻ കഴിയില്ല. രാഹുൽ ഈശ്വറിനെതിരെ ഹണിറോസ് നൽകിയ പരാതി സംബന്ധിച്ച് നടപടി സ്വീകരിക്കും മുൻപ് വിശദമായ ഒരു പരിശോധനക്ക് പൊലീസ് തയ്യാറാകണം. ഹണിറോസ് പരാതിയിൽ പറഞ്ഞ കാര്യങ്ങളിൽ എന്തെങ്കിലും കഴമ്പുണ്ടെങ്കിൽ തീർച്ചയായും പൊലീസ് നടപടി സ്വീകരിക്കുക തന്നെ വേണം.
എന്നാൽ, ഭരണഘടന ഒരു പൗരന് നൽകുന്ന അവകാശം മാത്രമാണ് രാഹുൽ ഉപയോഗപ്പെടുത്തിയതെങ്കിൽ അതിനെ ആ രൂപത്തിൽ തന്നെ വിലയിരുത്താൻ അന്വേഷണ ഉദ്ദ്യോഗസ്ഥർ തയ്യാറാകേണ്ടതുണ്ട്. ഹണിറോസിന് എതിരെ സോഷ്യൽ മീഡിയകളിൽ വരുന്ന എല്ലാ അധിക്ഷേപങ്ങൾക്കും കാരണം രാഹുൽ ഈശ്വരാണെന്നത് കാടടച്ചുള്ള ഒരുതരം പ്രതികരണമാണ്. നീതിന്യായ സംവിധാനങ്ങളിലേക്ക് ഈ കേസ് എത്തുമ്പോൾ നിലനിൽക്കുന്നതിനുള്ള സാധ്യതകൾ തന്നെ കുറവാണ്.
സാമൂഹ്യ മാധ്യമങ്ങളുടെ ദുരുപയോഗത്തെ നേരിടാൻ സർക്കാർ ശ്രമിച്ചപ്പോൾ, സർക്കാരിനെ തന്നെ കടന്നാക്രമിക്കാനാണ് ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങൾ ഉൾപ്പെടെ ഒറ്റക്കെട്ടായി ശ്രമിച്ചിരുന്നത്. അതും ഈ ഘട്ടത്തിൽ ഹണി റോസ് ഓർക്കേണ്ടതുണ്ട്. താനും കുടുംബവും കടന്നു പോകുന്നത് കടുത്ത മാനസിക സംഘർഷത്തിലൂടെയാണെന്ന് വിലപിക്കുന്ന ഹണിറോസ്, ഇതിനേക്കാൾ ഭീകരമായ അവസ്ഥയിലൂടെ കടന്നു പോയ മറ്റുള്ളവരുടെ കണ്ണീരിൻ്റെ കഥയും കേൾക്കണം. അതല്ലെങ്കിൽ അറിയാൻ ശ്രമിക്കണമെന്ന് രാഹുലിനൊപ്പം ഐക്യപ്പെടുന്നവർ ഹണിയെ ഉപദേശിക്കുന്നുണ്ട്.