ന്യൂസിലന്റിനെതിരായ പൂനെ ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യയ്ക്ക് മേല്‍ക്കൈ. കീവീസിനെ ഒന്നാം ഇന്നിംഗ്സില്‍ 259 റണ്‍സിന് ഇന്ത്യ എറിഞ്ഞിട്ടു. ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയ സ്പിന്നര്‍ വാഷിങ്ടണ്‍ സുന്ദറാണ് സന്ദര്‍ശകരെ തകര്‍ത്തത്. ആര് അശ്വിന് മൂന്ന് വിക്കറ്റ് വീഴ്ത്തി.
76 റണ്‍സെടുത്ത ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെ, 65 റണ്‍സെടുത്ത രചിന് രവീന്ദ്ര എന്നിവര്‍ക്ക് മാത്രമാണ് പിടിച്ച് നില്‍ക്കാനായത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സെടുത്തിട്ടുണ്ട്. നായകന് രോഹിത് ശര്‍മ പൂജ്യത്തിന് പുറത്തായി.

ടോസ് നേടിയ ന്യൂസിലന്റ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ മൂന്നിന് 197 എന്ന ശക്തനായ നിലയിലായിരുന്ന കീവീസിന് 61 റണ്‍സിനിടെയാണ് ശേഷിക്ക ഏഴ് വിക്കറ്റുകള്‍ നഷ്ടമായത്. 23.1 ഓവറില്‍ വെറും 59 റണ്‍സ് വഴങ്ങിയാണ് വാഷിങ്ടണ്‍ സുന്ദര്‍ ഏഴ് വിക്കറ്റെടുത്തത്. അഞ്ചാം ടെസ്റ്റ് കളിക്കുന്ന താരത്തിന്റെ കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്.

ഒന്നാം ടെസ്റ്റില്‍ തോല്‍വി വഴങ്ങിയ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകാതിരിക്കാന്‍ ഈ ടെസ്റ്റില്‍ ജയം അനിവാര്യമാണ്. ആദ്യ ടെസ്റ്റില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. പരിക്ക് മാറിയ ഗില്‍ തിരിച്ചെത്തിയപ്പോള്‍ കെഎല്‍ രാഹുല്‍ പുറത്തായി. കുല്‍ദീപ്, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് പകരം വാഷിങ്ടണ്‍ സുന്ദര്‍, ആകാശ് ദീപ് എന്നിവരെയും ഉള്‍പ്പെടുത്തി.