ഉപതെരഞ്ഞെടുപ്പുകൾ നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും പ്രചാരണം അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു. എഐസിസി അഖിലേന്ത്യ ജനറൽ സെക്രട്ടറിയും മുൻ എംപി രാഹുൽ ഗാന്ധിയുടെ സഹോദരിയുമായ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം കൊണ്ട് ശ്രദ്ധേയമായ മണ്ഡലമാണ് വയനാട്.
പ്രിയങ്ക പാർലമെന്ററി രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം വയനാട്ടിലൂടെയാണ്. അതുകൊണ്ടുതന്നെ ആവേശം അതിന്റെ പരമ കോടിയിൽ എത്തിക്കുന്നതിന്റെ പ്രവർത്തനങ്ങളിലാണ് കോൺഗ്രസ് നേതൃത്വം. ഓരോ ബൂത്തുകൾക്ക് പോലും ദേശീയ നേതാക്കളുടെ ചുമതലയാണ് ഉള്ളത്.
വയനാട്ടിൽ ഏതെങ്കിലും തരത്തിലുള്ള അത്ഭുതം നടക്കുമെന്ന് ബിജെപിയും ഇടതുപക്ഷവും കരുതുന്നുമില്ല. അതേസമയം വിജയം ഉറപ്പാണെങ്കിലും ഭൂരിപക്ഷം കുറഞ്ഞാൽ അത് ക്ഷീണമാകും എന്ന വിലയിരുത്തലിലാണ് കോൺഗ്രസ്. സിപിഐ നേതാവ് സത്യൻ മോകേരിയാണ് അവിടെ ഇടതുപക്ഷ സ്ഥാനാർത്ഥി.
കോഴിക്കോട് മുനിസിപ്പൽ കൗൺസിലറായ നവ്യ ഹരിദാസ് ആണ് ബിജെപിക്ക് വേണ്ടി മത്സര രംഗത്തുള്ളത്. അവസാനഘട്ട പ്രചരണത്തിന് പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും വയനാട്ടിൽ എത്തുന്നുണ്ട്. ചേലക്കരയിലേക്ക് എത്തിയാൽ അതിവാശിയേറിയ പോരാട്ടമാണ് അവിടെ നടക്കുന്നത്. നിലവിൽ എൽഡിഎഫ് സിറ്റിംഗ് സീറ്റ് ആയ മണ്ഡലത്തിൽ ഏതുവിധേനയും ജയിക്കുക എന്നത് സിപിഐഎമ്മിനെ സംബന്ധിച്ച് നിർണായക പോരാട്ടമാണ്.
മന്ത്രി കെ രാധാകൃഷ്ണൻ എംപി ആയതിനെ തുടർന്ന് ഒഴിവു വന്ന സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജനങ്ങൾക്കിടയിൽ ഏറെ സ്വീകാര്യനായ സിപിഐഎം നേതാവും മുൻ എംഎൽഎയുമായ യുആർ പ്രദീപ് ആണ് എൽഡിഎഫ് സ്ഥാനാർത്ഥി. സ്ഥാനാർത്ഥിയുടെ മികവും സിപിഐഎം സംഘടനാ സംവിധാനത്തിന്റെ ദൃഢതയും തങ്ങൾക്ക് അനുകൂലമാകുമെന്ന് എൽഡിഎഫ് കരുതുന്നു.
അതേസമയം, ആലപ്പുഴയിൽ പരാജയപ്പെട്ട ഷാനിമോൾ ഉസ്മാനെ അരൂരിൽ ഉപതിരഞ്ഞെടുപ്പിൽ നിർത്തി വിജയിപ്പിച്ച അതേ തന്ത്രമാണ് ആലത്തൂരിൽ പരാജയപ്പെട്ട രമ്യാ ഹരിദാസിനെ ചേലക്കരയിൽ യുഡിഎഫ് പരീക്ഷിക്കുന്നത്.
സംസ്ഥാന കേന്ദ്രസർക്കാരുകൾക്ക് എതിരായ ഭരണ വിരുദ്ധ വികാരവും തങ്ങൾക്ക് അനുകൂലമാകുമെന്ന് യുഡിഎഫ് കരുതുന്നു. എന്നാൽ, മുൻ കെപിസിസി ഭാരവാഹി കൂടിയായ സുനീറിന്റെ സ്ഥാനാർത്ഥിത്വം യുഡിഎഫിന് തലവേദനയാണ്. പി വി അൻവറിന്റെ ഡിഎംകെ സ്ഥാനാർത്ഥിയാണ് സുനീർ.ബിജെപി കാര്യമായ പോരാട്ടം ചേലക്കരയിൽ നടത്തുമെന്ന് അവർ പോലും കരുതുന്നില്ല.
ചേലക്കരയിൽ എട്ടോളം മന്ത്രിമാർ ക്യാമ്പ് ചെയ്താണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പാലക്കാടും വയനാടും കൈവിട്ടാലും ചേലക്കര നഷ്ടപ്പെട്ടാൽ അത് ഉണ്ടാക്കുന്ന രാഷ്ട്രീയ തിരിച്ചടി ചെറുതല്ല എന്ന ബോധ്യം സിപിഐഎമ്മിന് ഉണ്ട്. വയനാടും ചേലക്കരയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ പാലക്കാട് വിവാദങ്ങൾക്ക് ഇനിയും സമയമുണ്ട്. കൽപ്പാത്തി തേരിനെ തുടർന്ന് തെരഞ്ഞെടുപ്പ് തീയതി 20 ലേക്ക് മാറ്റിയതിനെ തുടർന്നാണ് ഇനിയും പ്രചാരണത്തിന് സമയമുള്ളത്.
ചേലക്കര, വയനാട് തെരഞ്ഞെടുപ്പുകൾ കഴിഞ്ഞ് ഒരാഴ്ചകാലം സമയമുണ്ട് പാലക്കാട് പോളിംഗ് ബൂത്തിലേക്ക് എത്തുവാൻ. വിഷയങ്ങളും രാഷ്ട്രീയ ആരോപണ പ്രത്യാക്രമണങ്ങളും ഓരോ ദിവസവും മാറിമാറി പുറത്തേക്ക് വരുന്ന മണ്ഡലമാണ് പാലക്കാട്. തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്നു മണ്ഡലങ്ങളിൽ ബിജെപി വിജയം മുന്നിൽ കാണുന്ന മണ്ഡലം എന്ന പ്രത്യേകതയും പാലക്കാടിനു ഉണ്ട്. സരിനിലൂടെ മണ്ഡലം തിരിച്ചുപിടിക്കാൻ എൽഡിഎഫും രാഹുലിലൂടെ നിലനിർത്താൻ യുഡിഎഫും പ്രചാരണ രംഗത്ത് സജീവമാണ്. രണ്ട് ഘട്ടമായി ആണ് തെരഞ്ഞെടുപ്പു നടക്കുന്നതെങ്കിലും ഫലമറിയുക ഒരുമിച്ചു 20ന് തന്നെയാകും.