കേരളം വീണ്ടും ഒരു വന്‍ദുരന്തത്തിന് സാക്ഷ്യം വഹിക്കുകയാണ്. കനത്തമഴയില്‍ വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ അതിശക്തമായ ഉരുള്‍പൊട്ടലില്‍ ചൂരല്‍മലയിലെ നിരവധി പേരാണ് ഒലിച്ചുപോയിരിക്കുന്നത്. രാത്രിയില്‍ പതിവുപോലെ ഉറങ്ങാന്‍ കിടന്നവരാണ് മലവെള്ളപ്പാച്ചിലില്‍ കാണാതായത്.ചൂരല്‍മലയിലെ ചെറു ടൗണും പാലവും അടക്കം എല്ലാം മലവെള്ളം തുടച്ചെടുത്തു.
400 ല്‍പരം ജനങ്ങള്‍ താമസിച്ചിരുന്ന ഒരു പ്രദേശം ഇപ്പോള്‍ ഒരു മണ്‍കൂനയും ചെളിയുമായി മാറി നില്ക്കയാണ്. റോഡുകളും പാലങ്ങളും തകര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്ക്കരമാണ്.മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഇന്നേവരെയുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നിന്നും ഏറ്റവും വലിയ ദുരന്തമാണ് മുണ്ടക്കൈ, ചൂരല്‍മല ദുരന്തം.എല്ലാ വീടുകളും കെട്ടിടങ്ങളും മരങ്ങളും ഒലിച്ചുപോയിരിക്കുന്നു.ചാലിയാര്‍ പുഴയിലൂടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയതോടെ മലപ്പുറം ജില്ലയിലടക്കം ദുരന്തത്തിന്റെ ആഘാതം നിലനില്‍ക്കയാണ്.
വെള്ളാര്‍മല, ചൂരല്‍മല പ്രദേശത്തെ പൂര്‍ണ്ണമായും തകര്‍ത്തുകളഞ്ഞ വലിയ ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്.മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ചെത്തിയ മണ്ണും ചെളിയും വെള്ളവുമാണ് ചൂരല്‍മലയെ പൂര്‍ണമായും തകര്ത്തെതെന്നാണ് ലഭ്യമാവുന്ന വിവരം. പുഴവഴിമാറിയാണ് വീടുകളെല്ലാം തകര്‍ത്തത്.എത്രപേര്‍ ഉരുള്‍ പൊട്ടലില്‍ ഒലിച്ചുപോയെന്നോ, ആരൊക്കെ രക്ഷപ്പെട്ടെന്നോ വ്യക്തമായിട്ടില്ല.ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളും ഉരുള്‍പൊട്ടലില്‍ പെട്ടതായാണ് ലഭിക്കുന്ന വിവരം.
മുണ്ടക്കൈ ചൂരല്‍മല പൂര്‍ണ്ണമായും ഇല്ലാതായിട്ടുണ്ട്.കുത്തൊഴുക്കില്‍പെട്ട് കാണാതായവരുടെ മൃതദേഹം ചാലിയാര്‍ പുഴവരെ എത്തിയതായാണ് വാര്‍ത്ത.ദുരന്തത്തില്‍ മരണ സഖ്യ വര്‍ധിക്കാന്‍ സാധ്യതയുണ്ട്.
തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്താണ് ദുരന്തമുണ്ടായിരിക്കുന്നത്.ജൂലായ് 30 ഒരു ദുരന്തത്തിന് സാക്ഷ്യം വഹിക്കുകയാണ്.
ഇടുക്കിയിലെ പെട്ടിമുടിയിലും മലപ്പുറത്തെ കവളപ്പാറയിലും ഉരുള്‍പൊട്ടലില്‍ ഉണ്ടായതിലും വലിയ നാശനഷ്ടമാണ് വയനാട്ടില്‍ ഉണ്ടായിരിക്കുന്നതെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. കേരളത്തിലെ ഏറ്റവും വലിയ ദുരന്തമായാണ് വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ഭാഗത്തുണ്ടായിരിക്കുന്നത്.രാത്രി 2 മണിക്കും പുലര്‍ച്ചെ 4 നുമായി ഉണ്ടായ രണ്ട് ഉരുള്‍പൊട്ടലുകളിലാണ് ചൂരല്‍മല ഒന്നാകെ ഇല്ലാതായത്. ചെളിയും പാറയും കടപുഴകിയെത്തിയ മരങ്ങളും മാത്രമായി ചൂരല്‍മല മാറി. മുണ്ടക്കൈയില്‍ ഉണ്ടായ ദുരന്തത്തിന്റെ ചിത്രം വ്യക്തമല്ല. മണ്ണിടിച്ചലും മറ്റും കാരണം മാറ്റി പാര്‍പ്പിച്ച സ്കൂളിലും വീടുകളിലും വെള്ളം കയറിയിരിക്കയാണ്.
രണ്ട് ദിവസം മുന്‍പുണ്ടായ കനത്ത മഴയില്‍ 10 ല്‍പരം കുടുംബങ്ങളെ സ്കൂളിലേക്ക് മാറ്റി പാര്‍പ്പിക്കുകയായിരുന്നു.ഡോക്ടര്‍ മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ മാത്രം അമ്പതിലേറെ പേര് ചികില്‍സയിലാണ്. ഒറീസ സ്വദേശികളായ രണ്ട് ഡോക്ടര്‍മാരെ കാണാതായതായും വിവരമുണ്ട്. ഒരു റിസോര്‍ട്ടില്‍ താമസിച്ചുവരികയായിരുന്നു ഇവരെന്നാണ് വിവരം.
2020 ല്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്താണ് വീണ്ടും ഉരുള്‍പൊട്ടലുണ്ടായത്. വെള്ളാര്‍മല സ്കൂള്‍ കെട്ടിടവും പാലവും ഒഴുകിപ്പോയിട്ടുണ്ട്. നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കയാണ്.ആരൊക്കെ രക്ഷപ്പെട്ടു ആരൊക്കെ ദുരന്തത്തില്‍ അകപ്പെട്ടുവെന്നതില് ആര്‍ക്കും ഒരു നിശ്ചയവുമില്ല.ബന്ധുക്കളെയും അയല്‍ക്കാരെയും കണ്ടെത്താനായില്ലെന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്.രാത്രിയിലായതിനാല്‍ പലരും ദുരന്തം അറിഞ്ഞതുപോലുമില്ല. 250 വീടുകള്‍ പൂര്‍ണ്ണമായും നശിച്ചതായാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇതില്‍ തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന പാടികളും ലയങ്ങളും ഉണ്ട്. അതിനാല്‍ ദുരന്തത്തില്‍ എത്രപേര്‍ക്ക് ജീവന് നഷ്ടപ്പെട്ടുവെന്നോ, ദുരന്തത്തിന്റെ വ്യാപ്തിയെന്താണെന്നോ വ്യക്തമല്ല.
രാത്രിയുടെ നാലാം യാമത്തില്‍ വന്ന ദുരന്തത്തിന്റെ നടുക്കത്തില്‍ നിന്നും ഞെട്ടല്‍ മാറാതെ വിറങ്ങലിച്ചു നില്‍ക്കുകയാണ് വയനാട്. വന്യമൃഗങ്ങളുടെ അക്രമണംമൂലം ജീവിതം പൊറുതി മുട്ടിയ വയനാട്ടില്‍ പ്രകൃതിയും ദുരന്തം വിതയ്ക്കുമ്പോള് ജനത്തിന്റെ ഭീതി വര്‍ധിക്കുകയാണ്. നാട്ടിലെ ഉരുള്‍പൊട്ടല്‍ പ്രദേശങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. മഴ ഇപ്പോഴും ശക്തമായി തുടരുന്നതിനാല്‍ ദുരന്തത്തില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ അവരെ പുറത്തെത്തിക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുകയാണ്.
ദേശീയദുരന്ത നിവാരണ സേനയുടെ 20 അംഗസംഘം മുണ്ടക്കൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ തുടരുന്നതിനാല്‍ രക്ഷാ ദൗത്യത്തിനും തടസ്സം നേരിടുകയാണ്.രക്ഷാ ദൗത്യത്തിന് നേതൃത്വം നല്‍കാനായി മന്ത്രിമാരായ ഒ ആര് കേളു, മുഹമ്മദ് റിയാസ്, കെ രാജന് എന്നിവരെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.മന്ത്രിമാരായ രാമചന്ദ്രന് കടന്നപ്പള്ളി, എ കെ ശശീന്ദ്രന് എന്നിവരും വയനാട്ടിലെ ദുരന്തഭൂമിയില്‍ എത്തിയിട്ടുണ്ട്.