തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയോടെ വായ്പ അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ബി ജെ പിയുടെ പ്രതികാര രാഷ്ട്രീയമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന് എം പി. വായ്പ വിനിയോഗത്തിന് ഒന്നരമാസം മാത്രം കാലാവധി നൽകിയതും അപ്രായോഗികമാണെന്നും സുധാകരൻ പറഞ്ഞു. 2000 കോടി ആവശ്യപ്പെട്ടപ്പോള്‍ അതിന്റെ നാലിലൊന്നായ 529.50 കോടിരൂപയാണ് വായ്പയായി അനുവദിച്ചത്. ഇത് കേരളത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്നും കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയാണ് ഇതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ ധനപ്രതിസന്ധി നേരിടുകയാണ് സംസ്ഥാനം. ഈ സാഹചര്യത്തിലാണ് ഇത്രയും ഭീമമായ തുക സംസ്ഥാനം കണ്ടെത്തി വിനിയോഗിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെടുന്നത്. ഇത് വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്നതാണെന്നും ഇതിനെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെ സുധാകരന് പറഞ്ഞു.
എല്ലാം നഷ്ടപ്പെട്ട വയനാട്ടിലെ പാവപ്പെട്ട ജനതയുടെ പുനരധിവാസം നടപ്പാക്കാന്‍ വായ്പയായി തുക അനുവദിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ക്രൂരവും മാന്യതയില്ലാത്തതുമാണ്. വയനാടിലെ ദുരിതബാധിതരുടെ പുനരധിവാസത്തിന് ആവശ്യമായ പണം ഗ്രാന്റായി നല്‍കാതെ വായ്പ അനുവദിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ ആവശ്യമെങ്കില്‍ സംസ്ഥാന സര്‍ക്കാരുമായി ചേർന്നുള്ള സമരത്തിന് തയ്യാറാണെന്നും കെ സുധാകരന് വ്യക്തമാക്കി.