ആഴ്ചവട്ടം-പ്രതിവാര രാഷ്ട്രീയ അവലോകനം
രാജേഷ് തില്ലങ്കേരി
ജയരാജന് വിവാദം കേരളത്തില്‍ കത്തിപ്പിടിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയമായി വെട്ടിലായത് സി പി എം കേന്ദ്രനേതാക്കളാണ്. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടരിയും വിപ്ലവകാരികളായ പ്രകാശ് കാരാട്ടും വൃന്ദാകാരാട്ടുമൊക്കെ ശരിക്കും പെട്ടിരിക്കയാണ്.പാപിയുടെ കൂടെ കൂടിയാല്‍ ശിവനും പാപിയാകുമെന്ന പഴഞ്ചൊല്ലൊന്നും അറിയാത്ത നേതാക്കളാണ് മേല്‍പ്പറഞ്ഞവരൊക്കെ.ബി ജെ പിക്കെതിരെ ശക്തമായ നിലപാടുകളുമായി മുന്നേറുന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി,പ്രകാശ് കാരാട്ട് തുടങ്ങിയ നേതാക്കള്‍ വിഷയത്തില്‍ കടുത്ത പ്രതിഷേധത്തിലാണെന്നാണ് ബൂര്‍ഷ്വാ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്.അല്ലേലും ബൂര്‍ഷ്വാമാധ്യമങ്ങളും കോര്‍പ്പറേറ്റുകളും ഈ പാര്‍ട്ടിയെ നശിപ്പിക്കാന്‍ എത്രകാലമായി ശ്രമിച്ചു കൊണ്ടിരിക്കുന്നു.

ബി ജെ പി ക്കെതിരെയുള്ള ദേശീയ ബദല്‍ എന്ന സന്ദേശവുമായി ഇന്‍ഡ്യാ മുന്നണിയില്‍ ശക്തമായ സാന്നിദ്ധ്യമാണ് സി പി എം.കേരളം ഒഴികെയുള്ളിടങ്ങളില്‍ കോണ്‍ഗ്രസ് തുടങ്ങിയ മതേതര ശക്തികളുടെ ഐക്യം ഊട്ടിയുറപ്പിക്കാനുള്ള നെട്ടോട്ടത്തിലുമാണ് സി പി എം നേതാക്കള്‍.എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ മുതിര്‍ന്ന സിപിഎം നേതാവ് ഇ.പി ജയരാജന് 2022 ഡിസംബര്‍ 26 ന് സന്നദ്ധത അറിയിച്ചതായിരുന്നു.ആരോഗ്യപ്രശ്നങ്ങളാണ് സ്ഥാനമൊഴിയുന്നതിനുള്ള കാരണമായി ജയരാജന് വിശദീകരിക്കുന്നത്.തൊട്ടടുത്ത ദിവസം നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കില്ലെന്നും ഇ.പി ജയരാജന് വ്യക്തമാക്കിയതോടെ ജയരാജന് പാര്‍ട്ടിയില്‍ സമ്മര്‍ദ്ധതന്ത്രം പയറ്റുകയായിരുന്നു.ആരോഗ്യ പ്രശ്നങ്ങളാല്‍ പാര്‍ട്ടിയുടെ പ്രധാന യോഗത്തില്‍ പങ്കെടുക്കാന്‍ പ്രയാസം അറിയില്ല ജയരാജന് അന്ന് കോഴിക്കോട്ട് നടന്ന ഐ.എന്‍.എല്‍ പരിപാടിയില്‍ പങ്കെടുത്തതും വിവാദമായിരുന്നു.

സിപിഎം സംസ്ഥാന സമിതിയില്‍ തനിക്കെതിരെ പി.ജയരാജന് ഉന്നയിച്ച സാമ്പത്തിക ആരോപണത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍കൂടിയായ ഇ.പി.ജയരാജനു കടുത്ത അതൃപ്തിയുണ്ടെന്നായിരുന്നു പാര്‍ട്ടി കേന്ദ്രങ്ങള്‍ തന്നെ സൂചന നല്‍കിയത്.തന്നെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ചില നീക്കങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നുണ്ടെന്ന പരാതി ഇ പി നേരത്തെ തന്നെ ഉന്നയിച്ചിരുന്നു.അതേ തുടര്‍ന്നാണ് ദീര്‍ഘ നാളത്തെ അവധിയെടുത്ത് അദ്ദേഹം പാര്‍ട്ടിയില്‍ നിന്നും വിട്ടുനിന്നത്.ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴും സ്ഥാനമൊഴിയാമെന്ന് ഇ.പി പാര്‍ട്ടിയിലെ ചിലരെ അറിയിച്ചിരിക്കുകയാണ്.നേരത്തെ തന്നെ താന്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധനായിരുന്നതായും നേതൃത്വത്തിന് മനസിലാകുന്ന രീതിയിലെല്ലാം തീരുമാനം അറിയിച്ചതായും ജയരാജന് തന്റെ അടുപ്പക്കാരോട് വ്യക്തമാക്കിയിരിക്കയാണ്.പാര്‍ട്ടി പദവികളും ഒഴിയാന്‍ തയാറാണെന്നും ഇ.പി ജയരാജന് അറിയിച്ചതായാണ് സൂചന.

കണ്ണൂര്‍ മൊറാഴയിലെ വൈദേകം റിസോര്‍ട്ടില്‍ ഇ.പി.ജയരാജനു സാമ്പത്തിക ഇടപാടുണ്ടെന്നായിരുന്നു കണ്ണൂരിലെ പ്രമുഖനേതാവായ പി.ജയരാജന് അന്ന് ആരോപണമുയര്‍ത്തിയത്.പാര്‍ട്ടിയുടെ താല്പര്യത്തില് നിന്നും നാടിന്റെ താല്പര്യത്തില് നിന്നും വ്യതിചലിക്കുന്നവര്‍ക്ക് സിപിഎമ്മില്‍ സ്ഥാനമില്ലെന്നും അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചതിലും ജയരാജന് ക്ഷുഭിതനായിരുന്നു.കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചര്‍ച്ച നടന്നാല്‍ പാര്‍ട്ടി തകരുകയില്ലെന്നും ഊതിക്കാച്ചിയ സ്വര്‍ണം പോലെ ശുദ്ധമായ പ്രസ്ഥാനമായി മാറുമെന്നുമായിരുന്നു അന്ന് പി ജയരാജന്റെ പ്രതികരണം.പാര്‍ട്ടിയില്‍ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന ആരോപണത്തിനുള്ള മറുപടിയായിരുന്നു അത്.

കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് പി. ജയരാജന് ആരോപണം ഉന്നയിച്ച വൈദേകം ആയൂര്‍വേദ റിസോര്‍ട്ട് നടത്തുന്നത്.കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിക്കുന്നത് 2014-ലാണ്.പദ്ധതിക്ക് അനുമതി തേടുന്നത് 2016 ല്‍, ഇ പിയുടെ മകന് ജെയ്സണ്‍ ഡയറക്ടര്‍ ആയ കമ്പനിക്ക് പദ്ധതി തുടങ്ങാന്‍ അനുമതി നല്‍കിയത് സി.പി.എം ഭരിക്കുന്ന ആന്തൂര്‍ നഗരസഭയാണ്.കുന്നിടിച്ച് നിരത്തുന്നതില്‍ ശാസ്ത്ര സാഹിത്യ പരിഷത് അടക്കമുള്ളവര്‍ പരാതി നല്‍കിയിരുന്നെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല.

അതേസമയം, ഇ.പി ജയരാജനെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തി ജയരാജനെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നു വരുത്തിത്തീര്‍ക്കുകയായിരുന്നു അന്ന്. പാര്‍ട്ടിയെ പലപ്പോഴായി പ്രതിരോധത്തിലാക്കിയ നേതാവാണ് ഇ പി ജയരാജന്.എന്നാല്‍ സംഘടനാ പരമായൊരു കടുത്ത നടപടി ഇന്നേവരെ ജയരാജന് മേല്‍ ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്.സി പി എം മലപ്പുറം സമ്മേളനത്തില്‍ വി എസ്- പിണറായി പോരാട്ടം ശക്തമായിരുന്ന കാലത്ത് പാര്‍ട്ടിയെ പിണറായിക്ക് പിടിച്ചുകൊടുക്കാന്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ച നേതാവാണ് ഇ പി ജയരാജന്, ഇത് സി പി എമ്മിലെ എല്ലാവര്ക്കും അറിയാവുന്നതുമാണ്.സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നും വാങ്ങിയ പണം,അതുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങള്‍,മന്ത്രിയായിരുന്നപ്പോള്‍ പി കെ ശ്രീമതിയുടെ മകനെ പാര്‍ട്ടിയുമായി ആലോചിക്കാതെ വ്യവസായ വകുപ്പില്‍ ഉന്നത നിയമനം നല്‍കിയതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം, എന്നു തുടങ്ങി കണ്ണൂര്‍ മൊഴാറയില് ഇ പിയുടെ മകന് ആരംഭിച്ച വൈദേകം റിസോര്‍ട്ട് എന്നിവയെല്ലാം സി പി എമ്മിനെ പലപ്പോഴായി പിടിച്ചുലച്ചു.എന്നിട്ടും ജയരാജന് ഒരു കുലുക്കവും സംഭവിച്ചില്ല.

പലവിധ കൂട്ടു ബിസിനസ് നടത്തിയവരെല്ലാം ജയരാജന്റെ സംരക്ഷണം ഏറ്റെടുത്തു.പലര്‍ക്കും വേണ്ടപ്പെട്ടവനായി ഇ പി മാറിയിരുന്നല്ലോ.വൈദേകം കഴിഞ്ഞ വര്‍ഷം വലിയ ചര്‍ച്ചയായിവന്നു.കള്ളപ്പണം വന്നുവെന്ന ആരോപണവും വൈദേകത്തിനെതിരെ വന്നു.
നിരാമയ റിട്രീറ്റ് എന്ന സ്ഥാപനത്തിന് വൈദേകം റിസോര്‍ട്ടിന്റെ നടത്തിപ്പ് ചുമതല ഏല്‍പ്പിക്കുകയായിരുന്നു.ഭാര്യ റിട്ടയര്‍മെന്റ് ആനുകൂല്യം ഉപയോഗിച്ച് വൈദേകം റിസോര്‍ട്ടിന്റെ കുറച്ച് ഓഹരികള്‍ വാങ്ങിയെന്നും ആര്‍ക്കെങ്കിലും താല്പര്യമുണ്ടെങ്കില് ആ ഷെയര്‍ വില്ക്കാന് തയ്യാറാണെന്നുമായിരുന്നു ജയരാജന്റെ വാദം.എന്നാല്‍ മകന് ജെയ്സണ്‍ സ്ഥാപനത്തിന്റെ ഡയറക്ടറാണെന്ന കാര്യം ജയരാജന് മനപൂര്‍വ്വം ഒളിച്ചുവെക്കാറാണ് പതിവ്.വൈദേകത്തിന്റെ മുഖ്യഉപദേശകനും ജയരാജനാണ്.ബി ജെ പി യുടെ തിരുവനന്തപുരം സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖരന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ളതാണ് നിരാമയ റിട്രീറ്റ് എന്ന സ്ഥാപനം.എന്നാല്‍ തനിക്ക് രാജീവ് ചന്ദ്രശേഖറിനെ അറിയില്ലെന്നും, ഒരിക്കല്‍പോലും നേരില്‍ കണ്ടിട്ടില്ലെന്നുമാണ് ജയരാജന് വാദിക്കുന്നത്,ദേശാഭാമാനിയില്‍ മാനേജരായിരിക്കെ ലോട്ടറി രാജാവില്‍ നിന്നും കോടികള്‍ വാങ്ങിയപ്പോഴും ജയരാജന് പറഞ്ഞത് എനിക്ക് സാന്റിയാഗോ മാര്‍ട്ടിനെ അറിയില്ലെന്നായിരുന്നു.അന്ന് ആ ഫണ്ട് വിവാദത്തില്‍ ദേശാഭിമാനിയില്‍ പരസ്യവിഭാഗം മാനേജര്‍ ബലിയാടായി പ്രശ്നം പരിഹരിക്കുകയായിരുന്നു.

യോഗിയും ത്യാഗിയും പിന്നീട് പാപിയായും വന്ന ഇ പി ക്ക് ഇനി പാര്‍ട്ടിയില്‍ എന്തു സംഭവിക്കും എന്നു മാത്രമേ ഇനി അറിയേണ്ടതുള്ളൂ.ദല്ലാള്‍ നന്ദകുമാറിന്റെ കൂട്ടാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് കണ്ടെത്തിയിരിക്കുന്നത്.അല്ലാതെ ജയരാജന് ഒരു കുഴപ്പവുമില്ല.എല്ലാവരുമായും സൗഹൃദമെന്നൊരു കുഴപ്പവും ഇ പിക്കുണ്ടെന്നാണ് മറ്റൊരു കണ്ടെത്തല്‍.ഇതെല്ലാം അറിയാവുന്ന പിണറായി സഖാവേ എന്തുകൊണ്ടാണ് ഈ മഹാനെ നേരത്തെ കണ്ണുരുട്ടി മാറ്റി നിര്‍ത്താതിരുന്നത് കടക്ക് പുറത്ത് എന്നു പറയാന്‍ താങ്കള്‍ക്ക് എന്തുകൊണ്ട് കഴിഞ്ഞില്ലെന്ന ചോദ്യത്തിന് താങ്കള്‍ മാത്രമല്ലേ ഉത്തരം നല്‍കേണ്ടത്.ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ലെന്നു വീണ്ടും താങ്കള്‍ പറയുമോ.അതോ ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചവരെ നിങ്ങള്‍ പരനാറിയെന്നു പറയുമോ അതോ നികൃഷ്ഠജീവിയെന്നായിരിക്കുമോ വിലിക്കുക.നാളെ നടക്കുന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇ പി നേരിട്ടെത്തും.എന്നിട്ട് സഖാവ് എല്ലാവരുടെയും കരളലിയിപ്പിക്കുന്ന ഒരു കഥ പറയും.അതോടെ തീരുമെന്നാണ് വിശ്വാസം.എന്നാല്‍ അവിടെ അങ്ങ് ദില്ലിയില്‍ ആളുകളുടെ മുന്നില്‍ ഇറങ്ങാന്‍ പറ്റാതെ എ കെ ജി ഭവനില്‍ ചായപോലും കുടിക്കാതെയിരിക്കുന്ന ആ പാവം യെച്ചൂരിയെ എന്തു ചെയ്യും എന്നു മാത്രമാണ് അറിയാത്തത്.
വാല്‍കഷണം :
സി പി എമ്മിനുണ്ടാവുന്ന മൂല്യച്യുതിയെക്കുറിച്ച് നേരത്തെ എം എന്‍ വിജയന് മാഷ് പ്രവചിച്ചിട്ടുണ്ട്.സി പി എമ്മിന്റെ ഏറ്റവും തലമുതിര്‍ന്ന നേതാവായ സഖാവ് വി എസ് അച്ചുതാനന്ദനും ഇതൊക്കയാണ് ഇവിടെ സംഭവിക്കുകയെന്ന് ഭയന്നിരുന്നു.വിജയന് മാഷ് ഇപ്പോഴില്ല,വി എസ് ഓര്‍മ്മകളില്ലാത്തൊരു ലോകത്തുമാണ്.ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം സഖാക്കളേ…